പുല്‍വാമ ഭീകരാക്രമണം; മുഖ്യ സൂത്രധാരന്‍ മസൂദിന്റെ സഹോദരീ പുത്രനെന്ന് ഇന്റലിജന്‍സ്
Pulwama Terror Attack
പുല്‍വാമ ഭീകരാക്രമണം; മുഖ്യ സൂത്രധാരന്‍ മസൂദിന്റെ സഹോദരീ പുത്രനെന്ന് ഇന്റലിജന്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th February 2019, 10:21 am

ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ജയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്റെ സഹോദരി പുത്രന്‍ മുഹമ്മദ് ഉമൈറാണെന്ന് ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു. പാക്കിസ്ഥാന്‍ അധീന കശ്മീരിലെ മുസ്സഫറാബാദിലാണ് ചാവേറാക്രമണത്തിന് ഉപയോഗിച്ച ബോംബ് നിര്‍മിച്ചതെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.

ആക്രമണം നടന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലുമായി അന്വേഷണം പുരോഗമിക്കുന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രദേശത്ത് മഞ്ഞ് മൂടിയതിനാല്‍ തെരച്ചില്‍ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. സ്‌ഫോടനത്തിന് ഉപയോഗിച്ച വാഹനതിന്റേതെന്ന് കരുതപ്പെടുന്ന ആക്‌സില്‍ ലഭിച്ചിട്ടുണ്ട്. കൂടുതലെന്തെങ്കിലും ലഭിച്ചാല്‍ വാഹനത്തിന്റെ ഉടമസ്ഥനെ കണ്ടെത്താനാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ALSO READ: ആദില്‍ അഹ്മദ് ദറിനെപ്പോലെയുള്ള കശ്മീരി യുവാക്കള്‍ എന്തുകൊണ്ട് തീവ്രവാദികളാകുന്നുവെന്നതും പ്രധാനപ്പെട്ടതാണെന്ന് പ്രശാന്ത് ഭൂഷണ്‍

നിലവില്‍ ജെയ്‌ഷെയുടെ പ്രവര്‍ത്തനങ്ങള്‍ പുല്‍വാമയില്‍ നിയന്ത്രിക്കുന്നത് ഉമൈറാണ്. അഫ്ഗാനില്‍ പരിശീലനം ലഭിച്ച ഉമൈര്‍ പിന്നീട് സഹോദരന്‍ ഉസ്മാന്‍ ഹൈദറിന്റെ മരണശേഷം പുല്‍വാമയിലേക്ക് മാറിയെന്നാണ് പൊലീസ് വിശദീകരണം.

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ കഴിഞ്ഞ ദിവസം വൈകീട്ട് 3.15 ഓടെയാണ് സി.ആര്‍.പി.എഫിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായത്. 39 സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ സൈനികവാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്.

1980ന് ശേഷം ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണ് കശ്മീരില്‍ സൈനികര്‍ക്കെതിരെയുണ്ടായത്. 2001ല്‍ ശ്രീനഗര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ജെയ്ഷെ മുഹമ്മദ് നടത്തിയ ചാവേറാക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെടുകയും നാല്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.