| Saturday, 16th February 2019, 5:42 pm

പുല്‍വാമ: രാജ്യത്ത് വിവിധയിടങ്ങളില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമവും കയ്യേറ്റശ്രമവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആക്രമണവും അപമാനിക്കാനുള്ള ശ്രമവും നടക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ഇത്തരം റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഡെറാഡൂണില്‍ വി.എച്ച്.പി-ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് 12 ഓളം വിദ്യാര്‍ത്ഥികളെ ആക്രമിച്ചതായി ജമ്മുകശ്മീര്‍ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ വക്താവ് നസീര്‍ ഖുഹാമി പറഞ്ഞു. വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനം വിടണമെന്നുമാണ് അന്ത്യശാസനം കിട്ടിയതെന്നും നസീര്‍ പറഞ്ഞു.

അക്രമത്തെ ബജ്‌റംഗദല്‍ ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഒരൊറ്റ കശ്മീരി മുസ്‌ലിം വിദ്യാര്‍ത്ഥിയെയും സംസ്ഥാനത്ത് പഠിക്കാനോ തങ്ങാനോ അനുവദിക്കില്ലെന്ന് ബജ്‌റംഗദള്‍ കണ്‍വീനര്‍ വികാസ് വര്‍മ്മ പറഞ്ഞു.

കശ്മീരി വിദ്യാര്‍ത്ഥികളെ ഒരു പാഠം പഠിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് വി.എച്ച്.പി നേതാവായ ശ്യാം ശര്‍മ്മ പറഞ്ഞു.

കശ്മീരി വിദ്യാര്‍ത്ഥികളെ ഒരു പാഠം പഠിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് വി.എച്ച്.പി നേതാവായ ശ്യാം ശര്‍മ്മ പറഞ്ഞു.

ഉത്തരാഖണ്ഡില്‍ ആയിരത്തോളം കശ്മീരി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. നിലവില്‍ വിദ്യാര്‍ത്ഥികളെ പാര്‍പ്പിക്കാനായി ജമ്മുകശ്മീര്‍ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ചണ്ഡീഗഢില്‍ ഇരുപതോളം താത്ക്കാലിക റൂമുകള്‍ ഒരുക്കിയിട്ടുണ്ട്. ഭീഷണി നേരിടുന്നതും വീട്ടുടമകള്‍ ഇറക്കി വിട്ടതുമായ കുട്ടികളെ പാര്‍പ്പിക്കാനാണ് സൗകര്യമെന്ന് ഖവാഹ ഇത്രാത് എന്ന കശ്മീരി വിദ്യാര്‍ത്ഥി സ്‌ക്രോളിനോട് പറഞ്ഞു.

800 ഓളം വിദ്യാര്‍ത്ഥികളും അവരുടെ കുടുംബങ്ങളും സഹായം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച മുതലാണ് താത്ക്കാലിക റൂമുകള്‍ ഒരുക്കിയത്. ഉത്തരാഖണ്ഡ് ഗര്‍വാള്‍ സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഭൂരിപക്ഷമെന്നും ഡെറാഡൂണ്‍ പൊലീസിന്റെ സഹായത്തോടെയാണ് വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതെന്നും നസീര്‍ ഖുഹാമി പറഞ്ഞു.

അലിഗഢ് സര്‍വകലാശാല പരിസരങ്ങളിലും വിദ്യാര്‍ത്ഥികളെ അപമാനിക്കാന്‍ ശ്രമം നടക്കുന്നതായി സര്‍വകലാശാല വിദ്യാര്‍ത്ഥിയും യൂണിവേഴ്‌സിറ്റി യൂണിയന്‍ മുന്‍ ഉപാധ്യക്ഷനുമായ സജദ് സുബഹാന്‍ സ്‌ക്രോളിനോട് പറഞ്ഞു. സുരക്ഷ ആവശ്യപ്പെട്ട് ദല്‍ഹിയിലേക്ക് വരുമെന്നും സജദ് പറഞ്ഞു.

ഹരിയാനയിലെ അംബാലയില്‍ എം.എം സര്‍വകലാശാല വിദ്യാര്‍ത്ഥിയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായി ഗ്രേറ്റര്‍ കശ്മീര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാര്‍ക്കറ്റില്‍ നില്‍ക്കവെ കശ്മീര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായെത്തി ഒരുകൂട്ടമാളുകള്‍ സഹവിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഷോപിയാനില്‍ നിന്നുള്ള ആമിര്‍ ഹുസൈന്‍ എന്ന വിദ്യാര്‍ത്ഥി പറഞ്ഞു.

ഷോപിയാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി സോഷ്യല്‍മീഡിയ ഉപയോഗിച്ച് പൊലീസും സഹായമെത്തിക്കുന്നതായി സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കില്‍ ഷോപിയാന്‍ പൊലീസിനെ ബന്ധപ്പെടണമെന്നാവശ്യപ്പെട്ട് ഷോപിയാന്‍ പൊലീസ് സ്‌പെഷ്യല്‍ സുപ്രണ്ട് സന്ദീപ് ചൗധരി ട്വീറ്റ് ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more