കൊച്ചി: രണ്ടുമാസം നടി കാവ്യാ മാധവന്റെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. പൊലീസിനു നല്കിയ മൊഴിയിലാണ് പള്‍സര്‍ സുനി ഇക്കാര്യം പറയുന്നത്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ കാവ്യയെ ചോദ്യം ചെയ്ത വേളയില്‍ പള്‍സര്‍ സുനിയെ അറിയില്ലെന്നും മാധ്യമങ്ങളില്‍ കണ്ടുള്ള അറിവേ തനിക്കുള്ളൂവെന്നുമായിരുന്നു അവര്‍ പറഞ്ഞത്. ഇതിനെതിരാണ് സുനിയുടെ ഇപ്പോഴത്തെ മൊഴി.
നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ പൂര്‍ത്തിയാക്കിയശേഷം കാവ്യാ മാധവന്റെ ലക്ഷ്യയെന്ന വസ്ത്രവ്യാപാര കേന്ദ്രത്തില്‍ സുനി എത്തിയതായി നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാവ്യയേയും അമ്മ ശ്യാമളയേയും പൊലീസ് ചോദ്യം ചെയ്തത്. എന്നാല്‍ സുനിയെ അറിയില്ലെന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചത്.
പള്‍സര്‍ സുനിയുടെ പുതിയ മൊഴി വന്ന സാഹചര്യത്തില്‍ പൊലീസ് വീണ്ടും കാവ്യയെ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ കേസുമായി ബന്ധപ്പെട്ട് അമ്മ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെ പൊലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്.
ദിലീപുമായി അടുത്ത ബന്ധമുള്ള വ്യക്തികളിലൊരാളായ ഇടവേള ബാബുവിനോട് ചലച്ചിത്ര മേഖലയിലും, നിര്‍മാണ രംഗത്തിലും അമ്മയിലും ദിലീപിന്റെ ഇടപെടലുകളെക്കുറിച്ചാണ് ആരായുകയെന്നാണ് റിപ്പോര്‍ട്ട്.