കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെന്ന സുനില്‍ മുമ്പ് പ്രമുഖ നടന്മാരുടെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന് സുനിയുടെ സഹോദരി. സുനിയെ നേരയാക്കണമെന്ന് താരങ്ങള്‍ തന്നെ വിളിച്ച് പറഞ്ഞതായും സഹോദരിയുടെ വെളിപ്പെടുത്തല്‍.
എന്നാല്‍ സുനിയ്ക്ക് വീടുമായും നാടുമായും യാതൊരു ബന്ധവുമില്ലായിരുന്നു എന്നും സഹോദരി പറയുന്നു. പതിനേഴാം വയസ്സില്‍ സുനി നാട് വിടുകയായിരുന്നുവെന്നും സഹോദരി പറയുന്നു.
” അപൂര്‍വ്വമായേ സുനില്‍ വീട്ടില്‍ വരാറുണ്ടായിരുന്നുള്ളൂ. അവസാനമായി സുനി വീട്ടില്‍ വന്നത് അഞ്ച് മാസം മുമ്പായിരുന്നു. എന്തെങ്കിലും എടുക്കാനുണ്ടെങ്കില്‍ മാത്രമായിരുന്നു വീട്ടില്‍ വരിക. അതും രാത്രി മാത്രം.” സഹോദരി പറയുന്നു.
നടിയെ ആക്രമിച്ച സംഭവത്തിന്റെ തലേന്ന് ഫോണ്‍ ചെയ്തിരുന്നുവെന്നും സഹോദരി വെളിപ്പെടുത്തി. സുനിയെ ഇടയ്ക്ക് എറണാകുളത്ത് പോയി കാണാറുണ്ടെന്നും തെറ്റ് ചെയ്തതിനാലാകാം സുനി മാറി നില്‍ക്കുന്നതെന്നും സഹോദരി പറയുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സഹോദരിയുടെ വെളിപ്പെടുത്തല്‍.
അതേസമയം, സംഭവത്തില്‍ നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മ കൊച്ചിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സ്ത്രീത്വത്തെ കീഴ്‌പ്പെടുത്തുന്നതല്ല പൗരുഷമെന്ന് യോഗത്തില്‍ സംസാരിക്കവെ മമ്മൂട്ടി പറഞ്ഞു. ഇന്നസെന്റ്, രഞ്ജിത്ത്, ദിലീപ്, മഞ്ജു വാര്യര്‍, രഞ്ജി പണിക്കര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.