മാധ്യമങ്ങളെയും ദിലീപിനെയും കാണരുത്; പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം
Kerala News
മാധ്യമങ്ങളെയും ദിലീപിനെയും കാണരുത്; പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th September 2024, 12:37 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം.

മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ദിലീപ് അടക്കമുള്ള മറ്റ് പ്രതികളെ കാണരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

ഇവയ്ക്ക് പുറമെ എറണാകുളം സെഷന്‍സ് കോടതിയുടെ പരിധി വിട്ടുപുറത്ത് പോവരുത്, ഒരു സിം മാത്രമെ ഉപയോഗിക്കാന്‍ പാടുകയുള്ളു, അതിന്റെ വിവരങ്ങള്‍ കോടതിയെ അറിയിക്കണം, രണ്ട് ആള്‍ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും കോടതിയില്‍ കെട്ടിവെക്കണം എന്നിങ്ങനെയും ജാമ്യവ്യവസ്ഥയില്‍ പറയുന്നുണ്ട്.

ഏഴ് വര്‍ഷത്തിന് ശേഷമാണ് കേസിലെ ഒന്നാം പ്രതിയായ സുനി പുറത്തിറങ്ങുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കേസിലെ ഒന്നാം പ്രതിയായ സുനിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ വ്യവസ്ഥകള്‍ തീരുമാനിക്കാന്‍ സെഷന്‍സ് കോടതിക്ക് വിടുകയായിരുന്നു.

മുമ്പ് കേസിന്റെ വിചാരണവേളകളില്‍ സുനി മാധ്യമങ്ങളോട് ചില നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. കേസില്‍ ഇനിയും വമ്പന്‍ സ്രാവുകള്‍ പിടിയിലാവാന്‍ ഉണ്ടെന്നും മാഡം എന്ന് വിശേഷിപ്പിക്കുന്ന ഒരാള്‍ക്ക് കൂടി കൃത്യത്തില്‍ പങ്കുണ്ടെന്നും സുനി പറഞ്ഞിരുന്നു. ഇത് കണക്കിലെടുത്താണ് കോടതി മാധ്യമങ്ങളെ കാണുന്നത് കോടതി വിലക്കിയതെന്നാണ് സൂചന.

കേസ് അതിന്റെ വിചാരണയുടെ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് സുനിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. അതേസമയംപ്രോസിക്യൂഷന്‍ സുനിയുടെ ജീവന് ഭീഷണിയുണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു. കൂടാതെ അതിജീവിതയുടെ സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പുവരുത്തുന്ന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തണമെന്നും അതിനാല്‍ ജാമ്യത്തുക കോടതി തന്നെ തീരുമാനിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

ഇന്നോ നാളെയോ സുനി ജയിലില്‍ നിന്ന് പുറത്തിറങ്ങുമെന്നാണ് സൂചന. ഇത് കൂടാതെ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനും കോട്ടയത്ത് ഒരു മോഷണ ശ്രമവും സുനിയുടെ പേരിലുണ്ട്. ഈ കേസിലും സുനിക്ക് ജാമ്യം ലഭിച്ചേക്കും.

 

Content Highlight: Pulsar Suni got bail from Ernakulam sessions court