| Tuesday, 5th April 2022, 11:26 am

'അടുത്തൊന്നും വിചാരണ പൂര്‍ത്തിയാകാന്‍ സാധ്യതയില്ല'; ജാമ്യത്തിനായി പള്‍സര്‍ സുനി സുപ്രീംകോടതിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീംകോടതിയിലേക്ക്. കേസിലെ നാലാം പ്രതി വി. പി. വിജീഷിന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉപാധികളോടെ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് പള്‍സര്‍ സുനിയുടെ നീക്കം. വിജീഷിന് ജാമ്യം ലഭിച്ചതോടെ കേസില്‍ ജയിലില്‍ കഴിയുന്ന ഒരേ ഒരു പ്രതി പള്‍സര്‍ സുനിയാണ്.

കേസില്‍ അടുത്തൊന്നും വിചാരണ പൂര്‍ത്തിയാകാന്‍ സാധ്യതയില്ലെന്ന് കാണിച്ചാണ് ജാമ്യം തേടിയത്. കേസിന്റെ വിചാരണ നീണ്ടു പോവുകയാണെന്നും അഞ്ച് വര്‍ഷമായി ജയിലിലാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു വിജീഷും ജാമ്യം തേടിയത്. ഈ വാദം അംഗീകരിച്ച് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

പള്‍സര്‍ സുനിക്കൊപ്പമാണ് ക്രൈംബ്രാഞ്ച് വിജീഷിനെ അറസ്റ്റ് ചെയ്തത്. കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനിക്കൊപ്പം വിജീഷും എത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

അതേസമയം, പൊലീസ് പീഡനമാരോപിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷിയും കാവ്യ മാധവന്റെ ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനുമായ സാഗര്‍ വിന്‍സെന്റ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. സാഗറിനെ അന്വേഷണ സംഘത്തിന് നോട്ടീസ് നല്‍കി വിളിപ്പിക്കാമെന്ന് വ്യക്തമാക്കിയ കോടതി സാഗര്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.

Content Highlights: Pulsar Suni goes to Supreme Court for bail

We use cookies to give you the best possible experience. Learn more