‘നിരോധനാജ്ഞകളെന്തോ കുന്തം ആരെപ്പേടിപ്പിക്കാനാ??’ ഹൃദയത്തിന്റെ തുടികൊട്ടുതാളം പോലെ ഇന്നും കര്‍ണ്ണപുടങ്ങളില്‍ മുഴങ്ങുന്നുണ്ട് ആ മുദ്രാവാക്യം. 1983 ല്‍ എസ്.എഫ്.ഐ സംഘടിപ്പിച്ച പുല്‍പ്പള്ളി മാര്‍ച്ചില്‍ മുഴങ്ങിയതാണത്. മാര്‍ച്ചിന്റെ വാര്‍ത്തയോടൊപ്പം ദേശാഭിമാനിപത്രം ഈ മുദ്രാവാക്യവും അന്ന് സംസ്ഥാനമാകെയെത്തിച്ചു. പിന്നീട് മാര്‍ച്ചിന് പിന്തുണയര്‍പ്പിച്ച് നടന്ന പ്രകടനങ്ങളിലാകെ ഈ മുദ്രാവാക്യം പ്രകമ്പനങ്ങള്‍ തീര്‍ത്തു.
പുല്‍പ്പള്ളിയിലെ പഴശ്ശിരാജാ കോളേജിന്റെ ഭൂമി എസ്.എന്‍.ഡി.പി യോഗത്തിന് നിയമ വിരുദ്ധമായി വിട്ടുകൊടുക്കാനുള്ള കരുണാകരന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ എസ്.എഫ്.ഐ ശക്തമായ സമരം നടത്തിവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന ഒരു പ്രക്ഷോഭത്തിന് നേരെ (വിദ്യാര്‍ത്ഥി സമരമല്ല) പോലീസ് നിറയൊഴിച്ചു. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. വയനാട്ടില്‍ വലിയ തോതില്‍ പോലീസ് ഭീകരത നടമാടി.
പുല്‍പ്പള്ളിയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ടു. ഒരു നേരിയ ഇലയനക്കം പോലും പോലീസിന്റെ അനുമതിയോടെയെ പാടുള്ളൂ എന്നായി. ഈ സഹചര്യത്തെ വെല്ലുവിളിച്ചു കൊണ്ടാണ് എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റി പുല്‍പ്പള്ളി മാര്‍ച്ച് പ്രഖ്യാപിച്ചത്. സുരേഷ് കുറുപ്പ് പ്രസിഡണ്ടും സി.പി.ജോണ്‍ സെക്രട്ടറിയുമായ സംസ്ഥാനക്കമ്മിറ്റിയാണ് അന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കികൊണ്ടിരുന്നത്. സി.പി.ജോണ്‍ എന്ന സഖാവിന്റെ അസാമാന്യ സംഘാടന ശേഷിയും അനിതരസാധാരണമായ ധീഷണയും ധൈര്യവും ഒത്തുചേര്‍ന്നപ്പോഴാണ്, വിദ്യാര്‍ത്ഥി സമര ചരിത്രത്തില്‍ ആവേശത്തിന്റെ തിരയിളക്കങ്ങള്‍ തീര്‍ത്ത പുല്‍പ്പള്ളി മാര്‍ച്ചുണ്ടായത്.
കോഴിക്കോട് ജില്ലാ കേന്ദ്രത്തില്‍ നിന്ന്, സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന മത്തായി ചാക്കോവിന്റെ നേതൃത്വത്തിലായിരുന്നു വയനാട്ടിലെ സമരസംഘാടനം. ഇപ്പോഴത്തെ എം.എല്‍.എ ശശിയേട്ടന്‍ ഉള്‍പ്പെട്ട വയനാട്ടിലെ എസ്.എഫ്.ഐ നേതാക്കള്‍ക്കാര്‍ക്കും പരസ്യമായ സംഘടനാ പ്രവര്‍ത്തനം അന്ന് സാദ്ധ്യമായിരുന്നില്ല. ഒരു കാര്‍ യാത്രക്കിടയില്‍ അന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ വി.എസ് അച്ചുതാനന്ദനെ, സി.പി.ജോണ്‍ വയനാട്ടിലെ പോലീസ് ഭീകരതയുടെ ഗൗരവം ബോദ്ധ്യപ്പെടുത്തി. നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് പുല്‍പ്പള്ളിയിലേക്ക് ഒരു വിദ്യാര്‍ത്ഥി മാര്‍ച്ച് നടത്തുക എന്ന ജോണിന്റെ നിര്‍ദ്ദേശം വി.എസ്സും അംഗീകരിച്ചു.
അതോടെ മാര്‍ച്ച് നടത്താനുള്ള തീരുമാനമൊക്കെ പെട്ടെന്നായി. വലിയ മുന്നൊരുക്കങ്ങളും പ്രചാരണവുമൊന്നും നടത്താതെ കോഴിക്കോട് പത്രസമ്മേളനം നടത്തി പുല്‍പ്പള്ളിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹികള്‍ പ്രഖ്യാപിച്ചു. കോഴിക്കോട് ,കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ നിന്നായി 100 കേഡര്‍മാരെ നിശ്ചയിച്ച്, അവര്‍ പുല്‍പള്ളിയില്‍ പ്രവേശിച്ച് നിരോധനാജ്ഞ ലംഘിക്കണം എന്നായിരുന്നു തീരുമാനം. നിരോധനാജ്ഞ ലംഘിക്കാനനുവദിക്കില്ല, അങ്ങിനെ വന്നാല്‍ അത് മറ്റൊരു വെടിവെപ്പിലേ കലാശിക്കൂ, അതിന്റെ ഉത്തരവാദിത്വം നിയമവിരുദ്ധമാര്‍ച് പ്രഖ്യാപിച്ചവര്‍ക്ക് തന്നെയായിരിക്കും എന്ന പോലീസിന്റെ ഭീഷണി, അന്തരീക്ഷത്തിന് പിരിമുറുക്കം സൃഷ്ടിച്ചു.
ഒരു ആഗസ്റ്റ് പതിനാറിനോ മറ്റോ കല്‍പ്പറ്റയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. കല്‍പ്പറ്റ ബസ്സ്റ്റാന്റ് പരിസരത്ത് ഒരു മണ്ണെണ്ണ വീപ്പക്ക് മുകളില്‍ കയറി നിന്ന് വലിയൊരു പോലീസ് വലയത്തിന് നടുവില്‍ സുരേഷ്‌കുറുപ്പ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഇന്നും ചെവിയില്‍ മുഴങ്ങുന്നുണ്ട് ആ പ്രസംഗം. ‘മറ്റെന്നാള്‍ പ്രഭാതം വിരിയുമെങ്കില്‍, സൂര്യനുദിക്കുമെങ്കില്‍, ഞങ്ങളിലൊന്ന് ജീവിച്ചിരിക്കുമെങ്കില്‍, കരുണാകരന്റെ നിരോധനാജ്ഞ അറബിക്കടലില്‍ വലിച്ചെറിഞ്ഞിരിക്കും.
പഴശ്ശിരാജയുടെ പോരാട്ട വീര്യം സിരകളിലാവാഹിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ സഖാക്കളാണ് പ്രഖ്യാപിക്കുന്നത്. തടയാന്‍ ശേഷിയുള്ള കാക്കി സൈന്യം കരുണാകരന്റെ കൈവശമുണ്ടെങ്കില്‍ നമുക്ക് മുഖാമുഖം കാണാം’. എന്നൊക്കെയായിരുന്നു ആ വാഗ്ധോരണി. അന്ന് കല്‍പ്പറ്റയില്‍ നിന്ന് ബത്തേരിയിലേക്കായിരുന്നു മാര്‍ച്ച്. ഭയത്തിന്റെ വലിയ ആവരണമുണ്ടെങ്കിലും ധാരാളം വിദ്യാര്‍ത്ഥികള്‍ മാര്‍ച്ചിനോടൊപ്പം അണിനിരന്നിരുന്നു.
മുദ്രാവാക്യം എഴുതി തയറാക്കാനുള്ള ചുമതല എനിക്കായിരുന്നു. അതെന്റെ സ്ഥിരം ഡ്യൂട്ടികളിലൊന്നാണ്. അങ്ങിനെ തയാറാക്കിയതാണ് ‘നിരോധനാജ്ഞകളെന്തോ കുന്തം’ ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍. നേരത്തെ പ്രഖ്യാപിച്ച പോലെ സംസ്ഥാന പാതയിലൂടെ തന്നെയാണ് അന്ന് മാര്‍ച്ച് സഞ്ചരിച്ചത്. ബത്തേരിയില്‍ സഖാക്കളുടെ വീടുകളിലും മറ്റുമായി താമസം. പിറ്റേന്ന് കാലത്ത് നേരത്തെ പ്രഖ്യാപിച്ച റൂട്ടില്‍ നിന്ന് മാറി ബീനാച്ചി എസ്റ്റേറ്റിനകത്തു വനത്തിലൂടെയായിരുന്നു മാര്‍ച്ച് സഞ്ചരിച്ചത്.
ഇത് പോലീസിനെ വല്ലാതെ പ്രയാസത്തിലാക്കി. അവര്‍ക്ക് വാഹനമുപയോഗിച്ച് മാര്‍ച്ചിനെ നിരീക്ഷിക്കാനോ പിന്‍തുടരാനോ കഴിയാതായി. എങ്കിലും ധാരാളം പോലീസുകാര്‍ കാല്‍നടയായി തന്നെ മാര്‍ച്ചിനോടൊപ്പം സഞ്ചരിച്ചിരുന്നു. വനപാതകളിലൂടെയുള്ള യാത്ര എല്ലാവരേയും സന്തോഷിപ്പിച്ചു. ഉച്ചക്ക് സഖാക്കള്‍ എത്തിച്ചു തന്ന പൊതിച്ചോറുകള്‍ കാട്ടിലിരുന്നു കഴിച്ചു. വൈകീട്ട് ഇരുളത്ത് അന്നത്തെ മാര്‍ച്ച് സമാപിക്കുമ്പോള്‍ അവിടെ വെച്ച് എല്ലാവരേയും അറസ്റ്റ് ചെയ്യാനും ആരും പുല്‍പ്പള്ളിയിലേക്ക് പ്രവേശിക്കാതെ നോക്കാനും പോലീസ് എല്ലാ മുന്നൊരുക്കങ്ങളും ചെയ്തിരുന്നു.
പകല്‍ വെളിച്ചത്തില്‍ ഇരുളത്ത് എത്താതിരിക്കാന്‍ വഴി നീളെ വിശ്രമിച്ചാണ് ഞങ്ങള്‍ നീങ്ങിയത്. അതിനിടയില്‍ സമരവളണ്ടിയര്‍മാര്‍ക്കെല്ലാവര്‍ക്കും ചില കോഡു നമ്പരുകളും അടയാളവാക്ക്യങ്ങളും നല്‍കിയിരുന്നു. നേരം ഇരുട്ടിയതോടെ കൊടികളെല്ലാം ഒരിടത്ത് വെക്കാന്‍ നിര്‍ദ്ദേശം കിട്ടി. ഞങ്ങളോരോരുത്തരുടേയും കോഡ് നമ്പര്‍ പതിയേ പറഞ്ഞ് ചില സഖാക്കള്‍ സമീപിക്കും. അപ്പോള്‍ അവരോടൊപ്പം പോകണം, അതായിരുന്നു നിര്‍ദ്ദേശം. മാര്‍ച് പിരിച്ചുവിടാതെ തന്നെ ഞങ്ങളെല്ലാം അവരോടൊപ്പം പല വഴിയായി വനത്തിനകത്തെ ഊടുവഴികളിലൂടെ പോയി.
ഒരാളെപ്പോലും അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചില്ല. വനത്തിനകത്ത് നിന്ന് തന്നെ മാര്‍ച് പിരിഞ്ഞു പോകുമെന്ന യാതൊരു സൂചനയും പോലീസിന് ലഭിച്ചിരുന്നില്ല. അതോടെ ഇരുളത്ത് ജാഥ സമാപിക്കുമ്പോള്‍ എല്ലാവരേയും കസ്റ്റഡിയിലെടുക്കാനുള്ള പോലീസ് നീക്കം പൊളിഞ്ഞു. ഞങ്ങളെല്ലാവരേയും പ്രദശത്തെ ആദിവാസികളുള്‍പ്പെടെയുള്ള സഖാക്കള്‍ അവരവരുടെ വീടുകളിലേക്കാണ് കൊണ്ടുപോയത്. വനപാതകളിലൂടേയും വയല്‍ വരമ്പുകളിലൂടേയും ചൂട്ടുകറ്റകളുടെ വെളിച്ചത്തില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് താമസസ്ഥലങ്ങളിലെത്തിയത്. അപ്പോഴേക്കും രാത്രി 12 മണിയൊക്കെ കഴിഞ്ഞിരുന്നു.
കാലില്‍ അട്ട കടിച്ചു തൂങ്ങി രക്തം വാര്‍ന്നു പോകുന്നത് നഗരത്തില്‍ നിന്നെത്തിയ ചിലരിലെങ്കിലും ഭയമുളവാക്കി. ചിലര്‍ക്ക് അത്ഭുത കാഴ്ചയായി. തൊട്ടയല്‍പ്പക്കത്തെ വീട്ടില്‍ താമസിക്കുന്നവര്‍ പോലും നേരം പുലരും വരെ പരസ്പരം കണ്ടിരുന്നില്ല. രാത്രി കാട്ടരുവികളിലെ മരം കോച്ചുന്ന വെള്ളത്തിലെ കുളി യാത്രാ ക്ഷീണം തീര്‍ത്ത് ഉഷാറാക്കി. പാതിരാവില്‍ അവരുണ്ടാക്കി തന്ന ആവി പറക്കുന്ന ചോറും മോരുകറിയും കിഴങ്ങുകളുമൊക്കെ ചേര്‍ന്ന ഭക്ഷണത്തിന്റെ രുചി നാവിന്‍തുമ്പില്‍ ഇപ്പോഴുമുണ്ട്. സ്ത്രീകളൊക്കെ ഞങ്ങള്‍ക്കരികില്‍ വന്നിരുന്ന് സ്നേഹത്തോടെ ഞങ്ങളെ ഊട്ടുന്നു. ഇനിയുമിനിയും കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു. സ്നേഹത്തോടെയും അനുകമ്പയോടെയും ഞങ്ങളെ നോക്കുന്നു. അവരുടെ മുഖങ്ങളിലപ്പോഴും എന്തോ ആദിയും ഉത്ക്കണ്ഠയും നിഴലിച്ചതിന്റെ കാരണം അപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായില്ല.
വയനാട് ജില്ലയിലാകെ, നടക്കാനിരിക്കുന്ന പോലീസ് വെടിവെപ്പിനെക്കുറിച്ചുള്ള കിംവദന്തികള്‍ അതിനിടയില്‍ പ്രചരിച്ചിരുന്നു. വയനാട് ജില്ലാ പോലീസ് സൂപ്രണ്ടും കലക്ടറും തമ്മിലുള്ള ഫോണ്‍ സംഭാഷണം ടെലഫോണ്‍ എക്സ്ചേഞ്ചിലെ ഇടതു സഹയാത്രികരായ ജീവനക്കാര്‍ രഹസ്യമായികേട്ട് പാര്‍ട്ടി കേന്ദ്രങ്ങളില്‍ വിവരം നല്‍കിയിരുന്നു. സംഭവ സ്ഥലത്ത് ആര്‍.ഡി.ഒ.വിന്റെ സാന്നിദ്ധ്യം നിര്‍ബന്ധമാണെന്നും പോലീസ് ഫോഴ്സിനെ വെല്ലുവിളിച്ച് നിരോധനാജ്ഞ ലംഘിക്കുന്നത് അംഗീകരിക്കാനാവില്ലന്നുമായിരുന്നു എസ്.പി.യുടെ നിലപാട്. ഒരു കാരണവശാലും മറ്റൊരു വെടിവെപ്പിലേക്ക് കാര്യങ്ങള്‍ എത്തിക്കൂട എന്ന കലക്ടറുടെ നിലപാട് എസ്.പി.അംഗീകരിച്ചില്ല.
ഈ വിവരം ചോര്‍ന്നു കിട്ടിയതോടെ പാര്‍ട്ടി ജില്ലാ കേന്ദ്രത്തില്‍ നിന്ന് സംസ്ഥാന സെക്രട്ടറി വി.എസ്സിന് വിവരം പോയി. ഏത് വിധേനയും മറ്റൊരു വെടിവെപ്പിന് മുമ്പിലേക്ക് വിട്ട് വിദ്യാര്‍ത്ഥികളെ ബലി കൊടുത്തുകൂട എന്നൊരു നിലപാട് പൊതുവായി പാര്‍ട്ടി എടുത്തു. നിരോധനാജ്ഞ നിലവിലില്ലാത്ത പുല്‍പ്പള്ളിക്ക് പുറത്തേക്ക് മാര്‍ച്ച് മാറ്റി പ്രശ്നം ഒഴിവാക്കണം എന്ന ചില പാര്‍ട്ടി നേതാക്കളുടെ നിര്‍ദ്ദേശം സി.പി ജോണ്‍ അംഗീകരിച്ചില്ല. രാത്രി രണ്ട് മണിയോടെ ജോണും വി.എസ്സും തമ്മില്‍ ഫോണില്‍ സംസാരിച്ചു.
അന്ന് ടെലഫോണ്‍ അത്രമേല്‍ പ്രചാരത്തിലായിരുന്നില്ല. കൂരിരുട്ടത്ത് ഒരുപാട് കിലോമീറ്റര്‍ നടന്ന് ടെലഫോണുള്ള വീട്ടിലെത്തിയതിന്റെ കഥയൊക്കെ പിന്നീട് ജോണ്‍ പറഞ്ഞാണ് അറിഞ്ഞത്. എന്തായാലും പുല്‍പ്പള്ളിയില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്താന്‍ തന്നെ തീരുമാനിച്ചു. ഞങ്ങള്‍ക്കന്ന് ഉറക്കത്തിനൊന്നും സമയമുണ്ടായിരുന്നില്ല. ആര്‍ക്കും ഉറങ്ങാനും കഴിഞ്ഞില്ല. വെടിവെപ്പ് എന്തായാലും സംഭവിക്കും എന്ന് സഖാക്കളെല്ലാവരും കരുതിയിരുന്നു. ഞങ്ങള്‍ക്ക് ഭക്ഷണം വിളമ്പി തന്ന വീടുകളിലെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ അങ്ങനെ കരുതി. ഒരു പക്ഷേ അവര്‍ ഞങ്ങളെ ഊട്ടുന്നത് അവസാനത്തെ അത്താഴമായിരിക്കുമോ എന്നവര്‍ക്ക് ആശങ്കയുണ്ടായിരുന്നു.
അതു കൊണ്ടാണവര്‍ ഞങ്ങള്‍ക്കരികിലിരുന്ന് വീണ്ടും വീണ്ടും സ്നേഹത്തോടെ വിളമ്പുകയും ഊട്ടുകയും ചെയ്തു കൊണ്ടിരുന്നത്. പുലര്‍ച്ചയോടെ ഞങ്ങളെ പുല്‍പ്പള്ളി ടൗണിലെത്തിക്കാന്‍ ചുമതലപ്പെട്ട വളണ്ടിയര്‍ സഖാക്കളെത്തി. അപരിചിതരായ ആരെ കണ്ടാലും അറസ്റ്റ് ചെയ്യാന്‍ പോലീസ് നിര്‍ദ്ദേശമുള്ളത് കൊണ്ട് ഊടുവഴികളിലൂടേയും വനത്തിലൂടെയും കിലോമീറ്ററുകള്‍ സഞ്ചരിച്ച് വേണം പുല്‍പ്പള്ളിയിലെത്താന്‍. വഴിയില്‍ പരിചിതര്‍ കണ്ടുമുട്ടിയാലും സൗഹൃദം പാടില്ല. പത്ത് മണിക്കാണ് നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തേണ്ടത്. കൃത്യം പത്ത് മണിക്ക് തന്നെ ജോണ്‍ ടൗണിലിറങ്ങി മുദ്രാവാക്യം വിളിക്കും.
ഒമ്പതരയോടെ എല്ലാവരും അങ്ങാടിയില്‍ പല ഭാഗത്തായി എത്തണം. തിരിച്ചറിയാന്‍ കഴിയാത്ത വിധം ചിതറി നില്‍ക്കണം. ജോണിന്റെ മുദ്രാവാക്യം കേട്ടാല്‍ ഏറ്റു വിളിച്ച് ഓടിക്കൂടി കൂട്ടമായി പ്രകടനം നടത്തണം. വെടിവെപ്പ് ഉള്‍പ്പെടെ എന്തും പ്രതീക്ഷിക്കണം. അങ്ങിനെ ഉണ്ടായാല്‍ കൂടിക്കലര്‍ന്ന് നിലത്ത് കമഴ്ന്ന് കിടക്കണം. തലയുയര്‍ത്താതെ മുദ്രാവാക്യം വിളിച്ചു കൊണ്ടിരിക്കണം. അറസ്റ്റിന് വഴങ്ങേണ്ടതുണ്ടങ്കില്‍ അപ്പോഴത്തെ തീരുമാനമനുസരിച്ച് ചെയ്യണം. ഇതൊക്കെയായിരുന്നു ഞങ്ങള്‍ക്ക് കിട്ടിയ നിര്‍ദ്ദേശങ്ങള്‍.
ഒമ്പതേ നാല്‍പതോടെ എന്നെ ഒരു ആദിവാസി സഖാവ് അങ്ങാടിയിലെത്തിച്ചു. ഞാനൊരു കടവരാന്തയില്‍ സാധനം വാങ്ങാനെന്ന പോലെ കയറി നിന്നു. മിക്കവാറും കടകളൊന്നും പേടി കാരണം തുറന്നിരുന്നില്ല. പോലീസ് വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരുന്നു. അവിടവിടെയായി പോലീസുകാര്‍ കുട്ടംകൂടി നിന്നു. എനിക്ക് നേരെ എതിര്‍വശത്തെ ഒഴിഞ്ഞ സ്ഥലത്ത് തൊഴിലാളികളുടെ ഇടയില്‍ ജോണിനെ എനിക്ക് കാണാമായിരുന്നു. പരിചിതരായ സമരവളണ്ടിയര്‍മാര്‍ അപരിചിതരായ യാത്രക്കാരെപ്പോലെ അവിടേയും ഇവിടേയുമായി ചിതറി നിന്നു. പിന്നീടുള്ള 20 മിനിറ്റുകള്‍ ഉദ്വേകജനകമായിരുന്നെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എനിക്ക് സ്വന്തമായി വാച്ചില്ലാത്തത് കൊണ്ട് സമയം പോകുന്നത് മനസ്സിലാക്കാനും പറ്റുന്നില്ല.
എന്നെ വീട്ടിലേക്ക് കുട്ടി കൊണ്ടുപോയി കുടിലില്‍ ഊട്ടിയുറക്കി കാലത്ത് കൂടെ നടന്ന് അങ്ങാടിയിലെത്തിച്ച സഖാവ് ദൂരെ മാറി നിന്ന് എന്നെത്തന്നെ നോക്കി കൊണ്ടിരിക്കുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു. പരിചിതഭാവം പാടില്ലാത്തത് കൊണ്ട് ഞാന്‍ അങ്ങോട്ട് നോക്കിയില്ല. ഞങ്ങളെ അങ്ങാടിയിലെത്തിച്ചു കഴിഞ്ഞാല്‍ വളണ്ടിയര്‍മാര്‍ പിന്നെ അവിടെ നില്‍ക്കരുത്, അവരവരുടെ വീടുകളിലേക്ക് തിരിച്ചു പോണം എന്ന നിര്‍ദ്ദേശം ലംഘിച്ചാണ് സഖാവ് അങ്ങാടിയില്‍ തന്നെ നില്‍ക്കുന്നത്.
കൃത്യം പത്തു മണിക്ക് ജോണ്‍ റോഡിലേക്ക് ചാടിയിറങ്ങി എസ്.എഫ്.ഐ സിന്ദാബാദ് വിളിച്ചു. പുല്‍പ്പള്ളി അങ്ങാടിയുടെ എല്ലാ മൂലയില്‍ നിന്നും അതിന് പ്രതിധ്വനികളുണ്ടായി. ശരവേഗത്തില്‍ സഖാക്കള്‍ ജോണിന് ചുറ്റും ഓടിക്കൂടി പ്രകടനമായി. ദിഗന്തങ്ങള്‍ പൊട്ടുമാറ് മുദ്രാവാക്യങ്ങളുയര്‍ന്നു. പ്രകടനം പത്തടി മുന്നോട്ടു നീങ്ങുമ്പോഴേക്കും വന്‍ പോലീസ് സംഘം വളഞ്ഞു. അതോടെ മുന്നോട്ടുള്ള യാത്ര ഞെങ്ങി ഞെരുങ്ങിയായി. മുദ്രാവാക്യം മുഴങ്ങിയതോടെ അങ്ങാടിയില്‍ തുറന്നു വെച്ചിരുന്ന അപൂര്‍വ്വം കടകളും ഷട്ടര്‍ വലിച്ചു.
ഷട്ടറുകള്‍ ഒന്നിച്ചു വീഴുന്ന ഭീകര ശബ്ദം, മുദ്രാവാക്യങ്ങളുടെ മുഴക്കം, അങ്ങാടിയില്‍ അവിടവിടെയായി വിശ്രമിച്ചിരുന്ന നാല്‍ക്കാലികളുടേയും പട്ടിക്കൂട്ടങ്ങളുടേയും തലങ്ങും വിലങ്ങുമുള്ള ഓട്ടം, എന്താണ് സംഭവിക്കുന്നതെന്നറിയാതെ അങ്ങാടിയുലുണ്ടായിരുന്നവരുടെ പ്രാണരക്ഷക്കായുള്ള നെട്ടോട്ടം, ആകെ കൂടി പുല്‍പ്പള്ളി ബസ്സ്റ്റാന്റ് പരിസരം കുഞ്ചന്‍ നമ്പ്യാരുടെ ‘ഘോഷയാത്ര’ എന്ന കവിതയിലെ നെട്ടോട്ടത്തെ ഓര്‍മ്മിപ്പിച്ചു. പ്രകടനം തിക്കിതിരക്കി മുന്നോട്ടു നീങ്ങിയെങ്കിലും അധികം പോകാനായില്ല.
അപ്പോഴേക്കും പോലീസിന്റെ കനത്ത ഭിത്തി ഞങ്ങളെ വരിഞ്ഞുമുറുക്കിയിരുന്നു. ‘ബത്തേരി ജോസ്’ എന്ന കാണാന്‍ ഭീകരനായ എന്നാല്‍ വളരെ സാത്വികനായ ഒരു സി.ഐയുടെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി. ഞങ്ങള്‍ എത്ര ശക്തമായി ബലം പ്രയോഗിക്കുമ്പോഴും അദ്ദേഹം ചിരിച്ചുകൊണ്ടിരുന്നു. ഒരു പ്രകോപനത്തിനും വശംവദനാകരുത് എന്ന കണിശമായ നിര്‍ദ്ദേശം നടപ്പിലാക്കുകയായിരുന്നു അദ്ദേഹം.
പ്രകടനത്തെ വളഞ്ഞുവെക്കാന്‍ കഴിഞ്ഞെങ്കിലും നിരോധനാജ്ഞ ലംഘിക്കപ്പെട്ട് കഴിഞ്ഞിരുന്നു. അറസ്റ്റിന് വഴങ്ങാതെ അര മണിക്കൂറിലധികം ഞങ്ങള്‍ മുദ്രാവാക്യം വിളി തുടര്‍ന്നു. പിന്നീട് അറസ്റ്റിന് വഴങ്ങാന്‍ തീരുമാനിച്ചതോടെ പോലീസ് ഞങ്ങളെ ഓരോരുത്തരേയായി തൂക്കിയെടുത്ത് വാഹനത്തില്‍ കയറ്റി പുല്‍പ്പള്ളി സ്റ്റേഷനിലേക്ക് മാറ്റി. മാര്‍ച് ഉദ്ഘാടനം ചെയ്തു കൊണ്ട് എസ്.എഫ്.ഐ പ്രസിഡണ്ട് സുരേഷ്‌കുറുപ്പ് നടത്തിയ പ്രഖ്യാപനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ അനുചരന്മാരായ ഞങ്ങള്‍ നടപ്പാക്കി.
വി.എസ് നടത്തിയ ബുദ്ധിപരമായ ഒരു നീക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷം ഒഴിഞ്ഞുപോയത് എന്ന് പിന്നീട് മനസ്സിലായി. അദ്ദേഹം ഐ.ജിയെ വിളിച്ച് എസ്.പി.യും കലക്ടറും തമ്മിലുള്ള സംഭാഷണം ശ്രദ്ധയില്‍ പെട്ടെന്നും വിദ്യാര്‍ത്ഥികള്‍ക്കെതിരെ വെടിവെപ്പുണ്ടായാല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. താന്‍ ഉടനെ വയനാട്ടിലേക്ക് പുറപ്പെടുകയാണെന്നും മാര്‍ച്ച് ഉദ്ഘാടനത്തിനെത്താന്‍ കഴിയാത്തത് കൊണ്ട് എം.വി.രാഘവനോട് പുല്‍പ്പള്ളിയിലെത്തി മാര്‍ച്ച് ഉദ്ഘാടനം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൂടി പറഞ്ഞതോടെ ഐ.ജിക്ക് കാര്യങ്ങള്‍ കൈവിട്ടു പോകാനിടയുണ്ടെന്ന് ബോദ്ധ്യപ്പെട്ടു.
എം.വി.രാഘവന്‍ അന്ന് മലബാറിലെ പുലിക്കുട്ടിയായി സഖാക്കള്‍ ആഘോഷിക്കുന്ന കാലമാണ്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ ഒരു സമരത്തിന് നേരെ വെടിവെപ്പുണ്ടായാല്‍ കേരളമാകെ സമരത്തീജ്വാലകള്‍ ആളിപ്പടരുമെന്നും ആ തീയില്‍ കരുണാകരസര്‍ക്കാര്‍ തന്നെ കത്തിയമരാമെന്നും ഐ.ജി.ഭയപ്പെട്ടു കാണും.
അതാടെ അദ്ദേഹം വയനാട് എസ്.പി.ക്ക് കണിശമായ മുന്നറിയിപ്പ് നല്‍കി. ഇനിയൊരു ബലപ്രയോഗം പുല്‍പ്പള്ളിയിലുണ്ടായിക്കൂട. എസ്.പി, പോലീസ് ഹെഡ് കോര്‍ട്ടറില്‍ നിന്ന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കൊടുത്താല്‍ മതിയാകും സമരകേന്ദ്രത്തിലേക്ക് പോകേണ്ടതില്ല. ഏറ്റവും സൗമ്യനും ജനങ്ങള്‍ക്ക്് സ്വീകാര്യനുമായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കണം സമര കേന്ദ്രത്തിലെ പോലീസ് നടപടികള്‍. അങ്ങിനെയാണ് ബത്തേരി ജോസ് എന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കണം പോലീസ് നടപടി എന്ന് നിശ്ചയിച്ചത്.
മുകളില്‍ നിന്ന് കണിശമായ ഉത്തരവ് വന്നതോടെ എസ്.പി മാളത്തിലേക്ക് വലിഞ്ഞു. സമരം സമാധാനപരമായ പര്യവസാനത്തിലെത്തുമെന്ന് ഉറപ്പായി. പക്ഷേ ഇതൊന്നും സമരകേന്ദ്രത്തിലുള്ള ഞങ്ങള്‍ക്കറിവുണ്ടായിരുന്നില്ല. സമരമൊക്കെ അവസാനിച്ച് ഒരു പാട് കാലം കഴിഞ്ഞ ശേഷമാണ് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന വി.എസ്സിന്റെ സമയോചിതമായ ഇടപെടലാണ് വെടിവെപ്പ് ഒഴിവാക്കിയെടുത്തത് എന്ന കാര്യമൊക്കെ ഞങ്ങള്‍ മനസ്സിലാക്കിയത്.
നാല്‍പ്പതിലധികം വര്‍ഷം നീണ്ട എന്റെ സമര ജീവിതത്തിലെ(ഉള്‍പാര്‍ട്ടി സമരം ഒഴികെ) ഏറ്റവും ആവേശകരമായ മുഹുര്‍ത്തമേത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ. അത് പുല്‍പ്പള്ളി മാര്‍ച്ചാണ്. മരണത്തെ മുഖാമുഖം കണ്ട ഒട്ടനവധി സമരമുഖങ്ങളെ അഭിമുഖീകരികേണ്ടി വന്നിട്ടുണ്ട്. മിക്കവയും വിദ്യാര്‍ത്ഥി സമരസംഘടനാ പ്രവര്‍ത്തന കാലത്ത് തന്നെ. സ്വകാര്യ പോളിസമരം, പ്രീഡിഗ്രി ബോര്‍ഡ് സമരം, സാശ്രയ കോളേജ് സമരം, വിളനിലം സമരം അങ്ങനെ ഒട്ടനവധി സമരമുഖങ്ങള്‍. നിരവധി സഖാക്കളുടെ രക്തസാക്ഷിത്വം സൃഷ്ടിച്ച പിരിമുറുക്കങ്ങള്‍. സമരമുഖങ്ങളില്‍ നിന്നൊക്കെ ഒളിച്ചോടുന്ന അപൂര്‍വം കള്ളനാണയങ്ങളൊക്കെ അന്നുമുണ്ട്. അവരില്‍ പലരേയും വലിയ നേതാക്കന്മാരായി പിന്നീട് കണ്ടുമുട്ടേണ്ടിയും വന്നിട്ടുണ്ട്.
അപ്പോഴും ഒരു കാര്യം ഉറപ്പിച്ചു പറയാം. വിദ്യാര്‍ത്ഥി സമരരംഗത്തെ മുന്നേറ്റങ്ങള്‍, പ്രതിരോധങ്ങള്‍, നേതാക്കളും അണികളും ഒരുമിച്ച് ഒറ്റ മനസ്സായുള്ള നില്‍പ്പ്, ലാത്തിച്ചാര്‍ജുകളിലും ഗുണ്ടാ മര്‍ദ്ദനങ്ങളിലും കൂസാതെയുള്ള മുന്നേറ്റം, ലോക്കപ്പ് മര്‍ദ്ദനങ്ങള്‍, ഇടവിട്ടുള്ള ജയില്‍വാസങ്ങള്‍, കോടതി കയറല്‍ അങ്ങിനെയെന്തൊക്കെയെന്തൊക്കെ! യുവജന രംഗത്തെ പ്രവര്‍ത്തന കാലവും ഏതാണ്ടിങ്ങനെ തന്നെ.
മന്ത്രിമാരെ തടയല്‍ പോലുള്ള അനവധി പ്രക്ഷോഭങ്ങള്‍, കലക്ട്രേറ്റ് വളയല്‍, മതസൗഹാര്‍ദ്ദ പരേഡ്, അഴിമതി വിരുദ്ധ പ്രതിജ്ഞ, മനുഷ്യച്ചങ്ങല, മനുഷ്യക്കോട്ട അങ്ങിനെ ഒരു പാട് നൂതന ക്യാമ്പയിനുകള്‍, സംസ്ഥാനതലം മുതല്‍ പ്രാദേശികതലം വരെ മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പദയാത്രകള്‍, ഒക്കെ ആവേശകരമായ അനുഭവങ്ങളും ഓര്‍മ്മകളും തന്നെ. പാര്‍ട്ടി ജീവിതത്തിലും ഇത്തരം ഓര്‍മ്മകള്‍ ഒരുപാടുണ്ട്. അപ്പോഴും, ഇന്ത്യന്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഒരു കാര്യം ഉറപ്പിച്ചു പറയാം. ഈ പുരുഷായുസ്സിനെ ഒരു സമര ജീവിതമായി വാര്‍ത്തെടുക്കുന്നതില്‍ വിദ്യാര്‍ത്ഥി സംഘടനാ കാലം പോലെ മറ്റൊന്നുമില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Pulpally march memories shared by N V Balakrishnan