| Wednesday, 8th November 2023, 5:12 pm

പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ. എബ്രഹാം ഇ.ഡി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പില്‍ വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.കെ. എബ്രഹാമിനെ ഇ.ഡി അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ തട്ടിപ്പ് ചൂണ്ടിക്കാട്ടി വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇ.ഡിയുടെ അറസ്റ്റ്. കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ് യൂണിറ്റാണ് കെ.കെ. എബ്രഹാമിനെ അറസ്റ്റ് ചെയ്തത്.

വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 8ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ് സഹകരണ ബാങ്കില്‍ പരിശോധന നടത്തുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. തുടര്‍ന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവും ബാങ്കിലെ ഇടപാടുകാരനുമായ സജീവന്‍ കൊല്ലപ്പള്ളിയെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.

സജീവന്‍ കൊല്ലപ്പള്ളിയിലൂടെയാണ് ഇ.ഡിയുടെ അന്വേഷണം കെ.കെ. എബ്രഹാമിലേക്കും മറ്റു നേതാക്കളിലേക്കും എത്തിയത്. നിലവില്‍ കെ.കെ. എബ്രഹാമിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. പുല്‍പ്പള്ളി സഹകരണ ബാങ്കിന്റെ മുന്‍ പ്രസിഡന്റ് രമ ദേവിയടക്കമുള്ള നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കല്‍, വ്യാജ രേഖകള്‍ ഉപയോഗിച്ച് ലോണ്‍ എടുക്കല്‍ എന്നിങ്ങനെയുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തത്. കേരളത്തില്‍ കരുവന്നൂര്‍, കണ്ടല എന്നവിടങ്ങളിലെ സഹകരണ ബാങ്കുകളിലടക്കം റെയ്ഡ് നടന്നിരുന്നു. നിലവില്‍ പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പില്‍ ഇ.ഡി അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെയാളാണ് കെ.കെ. എബ്രഹാം. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ കെ.കെ. എബ്രഹാം കെ.പി.സി.സി സ്ഥാനം രാജിവെച്ചിരുന്നു.

സഹകരണ ബാങ്കില്‍ 8 കോടിയുടെ തട്ടിപ്പ് നടന്നതായാണ് വിലയിരുത്തല്‍. കടബാധ്യതയെ തുടര്‍ന്ന് ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. തട്ടിപ്പിനിരയായ മറ്റൊരു കുടുംബവും കെ.കെ. എബ്രഹാമിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

Content Highlight: Pulpally Cooperative Bank Fraud: Former K.P.C.C General Secretary K.K. Abraham ED arrested

Latest Stories

We use cookies to give you the best possible experience. Learn more