രാജ്യത്തെ പ്രധാന ചലച്ചിത്രമേളയായ ദാദാ സാഹിബ് ഫാല്‍ക്കെ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാര നേട്ടത്തില്‍ തിളങ്ങി മലയാള ചിത്രം പുല്ല് – റൈസിംഗ്. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരമാണ് ചിത്രം കരസ്ഥമാക്കിയത്. നവാഗതനായ നിസ്മല്‍ നൗഷാദാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്.
ജയ് ഭീം, തൂഫാന്‍ തുടങ്ങിയ പല പ്രമുഖ ചിത്രങ്ങള്‍ പങ്കെടുത്ത് മത്സരിച്ച മേളയിലാണ് പുല്ലിന്റെ പുരസ്‌കാര നേട്ടം ശ്രദ്ധേയമാവുന്നത്.
നവാഗതനായ അമല്‍ നൗഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പുല്ല് – റൈസിങ്’ ഇതിനോടകം തന്നെ എട്ടിലധികം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും മികച്ച ചിത്രത്തിനും സംവിധാനത്തിനുമടക്കം പല വിഭാഗങ്ങളിലായി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിരുന്നു.
ചിത്രത്തിന്റെ സമസ്തമേഖലയിലും ഭൂരിഭാഗവും നവാഗതരാണ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
സിനായി പിക്ചേഴ്സിന്റെ ബാനറില്‍ തോമസ് സജയ് എബ്രഹാം, നിഖില്‍ സേവിയര്‍, ദീപിക തയാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ചുരുളി, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളിലൂടെ സുപരിചിതനായ സുര്‍ജിത് ഗോപിനാഥാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്രിസ്റ്റിന ഷാജി, കുമാര്‍സേതു, ക്രിസ്വേണുഗരിപ്രസാദ് ഗോപിനാഥന്‍, വൈശാഖ് രവി, ബിനോജ് കുളത്തൂര്‍, ചിത്ര പ്രസാദ്, ബിനു കെ പ്രകാശ്, ഫൈസല്‍ അലി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.