| Wednesday, 1st March 2017, 5:33 pm

വര്‍ണ്ണങ്ങള്‍ക്ക് ജീവന്‍ വയ്ക്കുമ്പോള്‍; പുള്ളീസ് ജംഗ്ഷന്റെ മ്യൂസിക്കല്‍ വീഡിയോ തരംഗമാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജീവിതത്തെ ഭംഗിയാക്കുന്നത് നിറമുള്ള കാഴ്ച്ചകളാണ്. എല്ലാത്തിനും അതിന്റേതായ നിറമുണ്ട്. ആ നിറത്തോട് ചേര്‍ത്തു വെച്ചായിരിക്കും ഓര്‍മ്മകളും അനുഭൂതികളും വരെ രൂപപ്പെടുന്നത്. കണ്ണിന്റെ വെളിച്ചം നഷ്ടമായവര്‍ക്ക് നിറവും മണമാണ്. ഓരോ നിറവും ഓരോ മണവും ഓരോ ഓര്‍മ്മയായും മാറുന്നു. അന്ധനായ ചിത്രകാരന്റെ ജീവിതത്തിലെ വര്‍ണ്ണങ്ങളേയും മണങ്ങളേയും ഒരു പോലെ സന്നിവേശിപ്പിക്കുകയാണ് ” വേര്‍ കളേഴ്‌സ് കം ടു ലൈഫ്” എന്ന മ്യൂസിക് വീഡിയോ.

പുള്ളീസ് ജംഗ്ഷന്‍ പുറത്തിറക്കിയ വീഡിയോ സംവിധാനം ചെയ്തതും എഡിറ്റിംഗ് നിര്‍വ്വഹിച്ചതും അഹമ്മദ് നസീബ് സൈനബ. നസീബിന്റെ തന്നെയാണ് ഛായാഗ്രഹണവും. ഇരുട്ടിന്റെ ലോകത്ത് ജീവിക്കുന്നവരുടെ ജീവിതവര്‍ണ്ണങ്ങളെ പകര്‍ത്തിയ നസീബിന്റെ ഛായാഗ്രഹണമാണ് വീഡിയോയെ കൂടുതല്‍ മനോഹരമാക്കുന്നത്.

അന്ധനായ ചിത്രകാരന്റെ ജീവിതത്തിലൂടെ സഞ്ചരിക്കുന്നതാണ് വീഡിയോ. അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തേയും വീഡിയോ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്.


Also Read: ഗുര്‍മെഹറിന് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശം ഉണ്ട്; ബലാത്സംഗം ചെയ്യുമെന്ന ഭീഷണി ‘തറ’ പരിപാടിയാണ്; നിലപാട് വ്യക്തമാക്കി സെവാഗ്


അമ്മയുടെ കഥകളിലൂടെ നിറങ്ങളേയും വസ്തുക്കളേയും അവന്‍ ഉള്‍ക്കണ്ണില്‍ കണ്ടു. ഓരോ നിറവും ഓരോ മണമായി. അമ്മയുടെ മണം, തുളസി കതിരിന്റെ മണം, നിലവിളക്കിന്റെ മരണം,.ഒരിക്കല്‍ ചുവപ്പിന്റെ മണമവന്‍ അറിഞ്ഞത് അമ്മയുടെ മരണത്തോടെയായിരുന്നു.

ഓര്‍മ്മകളിലൂടെ മഴയേയും മണ്ണിനേയും മഴവില്ലിനേയും കലാകാരന്‍ അറിയുന്നു. അവയുടെ മണമറിയുന്നു. നിറങ്ങള്‍ നിറഞ്ഞ ജീവിതത്തിന്റെ അനന്തത തേടി അന്ധകലാകാരന്‍ യാത്ര പുറപ്പെടുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. സൂഫി സംഗീതവും ഗൃഹാതുരതയും ഒരു പോലെ ഇഴചേര്‍ത്താണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

റിയാസ് പയ്യോളിയുടെതാണ് സംഗീതം. അബു വളയംകുളവും രൂപലക്ഷ്മിയും ഷോബിത് കൃഷ്ണയുമാണ് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. കാഴ്ച്ചയില്ലാതിരുന്നിട്ടും ജീവിതത്തിന്റെ നിറങ്ങളെ തിരിച്ചറിഞ്ഞ കലാകാരന്റെ ജീവിതക്കാഴ്ച്ച കാണിച്ചു തരുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. പ്രശസ്ത നടന്‍ വിനയ് ഫോര്‍ട്ടാണ് വീഡിയോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്.

We use cookies to give you the best possible experience. Learn more