ഇന്ത്യന്‍ ബാഡ്മിന്റണ്‍ ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമാണ് ഞായറാഴ്ച പിറന്നതെന്ന് മുഖ്യ പരിശീലകന്‍ പുല്ലേല ഗോപീചന്ദ്. ഇന്തോനേഷ്യന്‍ ഓപ്പണര്‍ 2023 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പുരുഷന്മാരുടെ ഡബിള്‍സില്‍ സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം ചരിത്ര കിരീടം സ്വന്തമാക്കിയതാണ് കോച്ചിന്റെ മനസ് നിറച്ചത്.
ഫൈനലില്‍ മലേഷ്യയുടെ ലോക ഒന്നാം നമ്പര്‍ സഖ്യത്തെ തകര്‍ത്താണ് ഇന്ത്യന്‍ സഖ്യം കപ്പില്‍ മുത്തമിട്ടത്. മലേഷ്യയുടെ ലോക നമ്പര്‍ വണ്‍ സഖ്യമായ ആരോണ്‍-യിക് കൂട്ടുകെട്ടിനെ 21-17, 21-18 എന്ന സ്‌കോറിനാണ് സായ്‌രാജ്-ചിരാഗ് സഖ്യം തോല്‍പിച്ചത്.
സമീപകാലത്ത് തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ ബാഡ്മിന്റണ്‍ സഖ്യമാണ് ഇരുവരുമെന്ന് പുല്ലേല ഗോപീചന്ദ് പറയുന്നു. പുരുഷന്‍മാരുടെ ഡബിള്‍സില്‍ സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം ചരിത്ര കിരീടം സ്വന്തമാക്കിയത് അഭിമാന നിമിഷമാണ്.
പരിശീലക കരിയറിലെ ഏറ്റവും അഭിമാനകരമായ നേട്ടങ്ങളിലൊന്നാണ് ഇത്. ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നു. ഇന്ത്യന്‍ ബാഡ്മിന്റണ്‍ ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമാണിത്,’ ഗോപീചന്ദ് പറഞ്ഞു.
വിജയത്തില്‍ ചിരാഗ് ഷെട്ടിയും സാത്വിക് സായ്‌രാജും ആരാധകരുമായി സന്തോഷം പങ്കുവെച്ചു. ‘മലേഷ്യന്‍ ജോഡിക്കെതിരെ ഇതുവരെ ജയിച്ചിട്ടില്ല. ഇരുവരുമായുള്ള പോരാട്ടങ്ങളിലെ മുന്‍പത്തെ കണക്കുകള്‍ മോശമാണ്. അതിനാല്‍ മികച്ച പ്രകടനം പുറത്തെടുക്കണമായിരുന്നു.
ഞങ്ങള്‍ക്ക് അഭിമാനകരമായ ആഴ്ചയാണിത്. ഫൈനലില്‍ കളിച്ച രീതിയില്‍ വളരെ സന്തോഷമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ബാഡ്മിന്റണ്‍ സ്റ്റേഡിയങ്ങളില്‍ ഒന്നാണിത്. പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി,’ താരങ്ങള്‍ മറുപടി നല്‍കി.