| Friday, 22nd January 2021, 9:24 am

തൃശ്ശൂര്‍ തൃശങ്കുവില്‍; എല്‍.ഡി.എഫ് സിറ്റിംഗ് സീറ്റായ പുല്ലഴിയില്‍ യു.ഡി.എഫിന് വിജയം; നഗരസഭ വലത്തോട്ട് ചരിയുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരസഭയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന പുല്ലഴി വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ രാമനാഥന്‍ വിജയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 177 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഈ വാര്‍ഡില്‍ വിജയിച്ചത്.

പുല്ലഴിയില്‍ യു.ഡി.എഫ് വിജയിച്ചതോടെ തൃശ്ശൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍.ഡി.എഫിന് നഷ്ടമാവാനുള്ള സാധ്യതയുമുണ്ട്.

നേരത്തെ എല്‍.ഡി.എഫ് 24 യു.ഡി.എഫ് 23 എന്നായിരുന്നു കക്ഷി നില. തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെയായിരുന്നു എല്‍.ഡി.എഫ് ഭരണം പിടിച്ചത്.

എന്നാല്‍ പുല്ലഴി കൂടി കിട്ടിയതോടെ യു.ഡി.എഫിന് 24 സീറ്റുകളായി വര്‍ധിക്കും. ഈ സാഹചര്യത്തില്‍ എല്‍.ഡി.എഫിനെ പിന്തുണച്ച് ഇപ്പോഴത്തെ മേയറായിരിക്കുന്ന കോണ്‍ഗ്രസ് വിമതന്റെ നിലപാട് നിര്‍ണായകമാവും.

നേരത്തെ തന്നെ കോണ്‍ഗ്രസ് വിമതനായിരുന്ന എം. കെ വര്‍ഗീസിനെ യു.ഡി.എഫ് മേയറാക്കാമെന്ന വാഗ്ദാനം നല്‍കിയിരുന്നു. ആ വാഗ്ദാനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് യു.ഡി.എഫ് വൃത്തങ്ങള്‍ പറയുന്നത്.

കളമശ്ശേരിയില്‍ 37ാം വാര്‍ഡില്‍ ലീഗിന്റെ സിറ്റിംഗ് സീറ്റില്‍ എല്‍.ഡി.എഫാണ് വിജയിച്ചത്. ഇതോടെ കളമശ്ശേരി നഗരസഭയുടെ ഭരണ മാറ്റം സംബന്ധിച്ചും ആശങ്ക നിലനില്‍ക്കുന്നുണ്ട്. നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് അധികാരം ലഭിച്ച നഗരസഭയാണ് ഇത്.

കഴിഞ്ഞ ദിവസമാണ് വിവിധ ജില്ലകളിലെ ഏഴു വാര്‍ഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഏഴിടത്തുമായി 78.24 ശതമാനമായിരുന്നു പോളിംഗ്. കളമശ്ശേരി മുന്‍സിപാലിറ്റിയിലെ 37ാം വാര്‍ഡ്, തൃശ്ശൂര്‍ കോര്‍പറേഷനിലെ പുല്ലഴി വാര്‍ഡ്, കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷന്‍ എന്നിവയുടെ ഫലവും നിര്‍ണായകമാവും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pullazhi ward won by UDF in local body byelection

We use cookies to give you the best possible experience. Learn more