| Saturday, 12th June 2021, 9:11 am

ജോര്‍ജ് ഫ്‌ളോയ്ഡിനെ ശ്വാസം മുട്ടിച്ചുകൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പതിനേഴുകാരി ഡാര്‍നല്ല ഫ്രേസിയര്‍ക്ക് പുലിറ്റ്‌സര്‍ പ്രൈസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ അമേരിക്കന്‍ പൊലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഡാര്‍നല്ല ഫ്രേസിയര്‍ക്ക് പുലിറ്റ്‌സര്‍ പ്രൈസില്‍ പ്രത്യേക അവാര്‍ഡ്. ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകം വീഡിയോയില്‍ പകര്‍ത്താന്‍ ധീരത കാണിച്ചതിനാണ് ഡാര്‍നല്ലയെ ആദരിക്കുന്നതെന്ന് പുലിറ്റ്‌സര്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ പറഞ്ഞു.

പൊലീസ് അനീതിക്കെതിരെ പ്രതിഷേധത്തിന് കാരണമായ ഈ വീഡിയോ നീതിക്കും സത്യത്തിനും വേണ്ടിയുള്ള മാധ്യമപ്രവര്‍ത്തനത്തില്‍ സാധാരണ പൗരന്മാരുടെ പ്രാധാന്യം വിളിച്ചോതുന്നതാണെന്നും അവാര്‍ഡ് പ്രഖ്യാപനത്തില്‍ പറയുന്നു.

അമേരിക്കന്‍ നഗരമായ മിനപോളിസില്‍ വെച്ച് 2020 മെയ് 25നാണ് ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടത്. വ്യാജ കറന്‍സി കൈയ്യില്‍ വെച്ചെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ഫ്ളോയിഡിനെ വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ചൗവിന്‍ കാല്‍മുട്ടുകൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

പതിനേഴുകാരിയായ ഡാര്‍നല്ല ഫ്രേസിയര്‍ ഈ ദൃശ്യങ്ങള്‍ തന്റെ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയായിരുന്നു. ഫ്ളോയിഡിന്റെ കൊലപാതകത്തെത്തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ക്കാണ് അമേരിക്ക സാക്ഷിയായത്.

ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധം അമേരിക്കയിലെ വിവിധ നഗരങ്ങളിലേക്കും ലോകം മുഴുവനും പടര്‍ന്നുപ്പിടിച്ചു. ഡാര്‍നല്ല ഫ്രേസിയര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ജോര്‍ജ് ഫ്‌ളോയ്ഡ് സംഭവം പുറത്തെത്തിച്ചതും വംശീയതക്കെതിരെ വലിയ പ്രതിഷേധത്തിനും കാരണമായത്.

അതേസമയം ജോര്‍ജ് ഫ്‌ളോയ്ഡിന് വേണ്ടി കൂടുതലൊന്നും ചെയ്യനാകാത്തതില്‍ മാപ്പ് അപേക്ഷിച്ചു കൊണ്ടാണ് തന്റെ ഓരോ ദിവസവും കടന്നുപോകുന്നതെന്ന് ഡാര്‍നല്ല പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായി പൊലീസുകാരെ പിടിച്ചുമാറ്റുകയോ മറ്റെന്തെങ്കിലുമോ ചെയ്യാനാകാത്തതില്‍ അതിയായ വേദനയുണ്ടെന്നും ഡാര്‍നല്ല പറഞ്ഞിരുന്നു. എന്നാല്‍ ഡാര്‍നല്ലെയുടെ വീഡിയോ പ്രതിഷേധങ്ങള്‍ക്ക് മാത്രമല്ല, കോടതിയില്‍ കേസിലും നിര്‍ണ്ണായകമാവുകയായിരുന്നു.

പ്രതിഷേധം ശക്തമായതോടെ ഡെറക് ചൗവിനെയും മറ്റ് മൂന്ന് ഉദ്യോഗസ്ഥരെയും ജോലിയില്‍നിന്ന് പുറത്താക്കിയിരുന്നു. ടൗ താവോ, ജെ അലക്‌സാണ്ടര്‍ കുവെങ്, തോമസ് കെ ലെയ്ന്‍ എന്നിവരാണ് കേസിലുള്‍പ്പെട്ട മറ്റ് പ്രതികള്‍. ഇവര്‍ മൂന്ന് പേരും ചേര്‍ന്നാണ് ഫ്ളോയിഡിനെ അറസ്റ്റ് ചെയ്തത്.

മെയ് മാസത്തില്‍ കോടതി ചൗവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. മനപൂര്‍വ്വമല്ലാത്ത കൊലപാതകം എന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത്. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധത്തോട് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച അടിച്ചമര്‍ത്തല്‍ നടപടി തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായിരുന്നു.

അമേരിക്കയിലെ മാധ്യമപ്രവര്‍ത്തന രംഗത്തെ ഏറ്റവും പ്രശസ്തമായ പുരസ്‌കാരമാണ് പുലിറ്റ്‌സര്‍ പ്രൈസ്. ജോര്‍ജ് ഫ്‌ളോയ്ഡിന്റെ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്ത ദ സ്റ്റാര്‍ ട്രിബ്യൂണാണ് ബ്രേക്കിംഗ് ന്യൂസ് വിഭാഗത്തില്‍ പുലിറ്റ്‌സര്‍ നേടിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Pulitzer Prizes award special citation to Darnella Frazier, teen who recorded George Floyd killing

We use cookies to give you the best possible experience. Learn more