| Sunday, 3rd July 2022, 1:06 pm

പുലിറ്റ്‌സര്‍ ജേതാവും ഫോട്ടോജേര്‍ണലിസ്റ്റുമായ സന ഇര്‍ഷാദിന് വിദേശ യാത്രയ്ക്ക് വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുലിറ്റ്‌സര്‍ ജേതാവും കശ്മീരി ഫോട്ടോജേര്‍ണലിസ്റ്റുമായ സന ഇര്‍ഷാദ് മട്ടുവിന് വിദേശയാത്രയ്ക്ക് വിലക്ക്. ദല്‍ഹിയില്‍ നിന്ന് പാരിസിലേക്കുള്ള യത്രയ്ക്കാണ് സനയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. യാത്രവിലക്കിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് സന മാധ്യമങ്ങളോട് പറഞ്ഞു.

ഫ്രഞ്ച് വിസ കയ്യിലുണ്ടായിരുന്നുവെന്നും എന്നാല്‍ യാത്രയ്ക്ക് ഇമിഗ്രേഷന്‍ അധികൃതര്‍ തടയുകയായിരുന്നുവെന്നും സന വ്യക്തമാക്കി. പാരീസില്‍ നടക്കുന്ന പുസ്തക പ്രകാശനത്തിനും ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിനും പങ്കെടുക്കാനായി പുറപ്പെടാനാണ് സന ഇര്‍ഷാദ് മട്ടു ദല്‍ഹിയിലെത്തിയത്.

‘അവര്‍ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. എന്നെ തടയാന്‍ എസ്.എസ്.പി സി.ഐ.ഡിയില്‍ നിന്നോ കശ്മീരിലെ അത്തരത്തിലുള്ള ഏതോ ഉദ്യോഗസ്ഥനില്‍ നിന്നോ വിവരങ്ങള്‍ ഉണ്ടെന്ന് മാത്രമാണ് അവര്‍ പറഞ്ഞത്.

എനിക്കെതിരെ എന്തെങ്കിലും കേസ് ഉണ്ടോ എന്ന് ഞാന്‍ അവരോട് ചോദിച്ചു, എന്നാല്‍ എഫ്.ഐ.ആറോ അത്തരത്തിലുള്ള ഒന്നുമില്ലെന്നും അവര്‍ പറഞ്ഞു,’ സന ട്വിറ്ററില്‍ കുറിച്ചു.

ട്വിറ്ററിലൂടെയാണ് സന്ന വിവരം വെളിപ്പെടുത്തിയത്. അതേസമയം അന്താരാഷ്ട്ര യാത്ര ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളവരുടെ പട്ടികയില്‍ സന ഇര്‍ഷാദ് മട്ടുവിനെയും സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

2022 മേയിലാണ് ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ സനയ്ക്ക് പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ചത്. ഫീച്ചര്‍ ഫോട്ടോഗ്രാഫി വിഭാഗത്തിലായിരുന്നു അവാര്‍ഡ്.

റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ച ചിത്രങ്ങള്‍ക്കായിരുന്നു പുരസ്‌കാരം. അന്തരിച്ച പ്രമുഖ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ധീഖി, അമിത് ദവെ, അദ്‌നാന്‍ ആബിദി എന്നിവരുള്‍പ്പെടെയുള്ള റോയിട്ടേഴ്‌സ് ടീമുമായാണ് സന അവാര്‍ഡ് പങ്കിട്ടത്. ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധി വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്.

Content Highlight: pulitzer prize winner denied journey by emigration officers, reason not yet revealed

We use cookies to give you the best possible experience. Learn more