| Wednesday, 2nd June 2021, 4:19 pm

പുലിമുട്ടുകളുടെ നിര്‍മാണപുരോഗതി വിലയിരുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമ്പലപ്പുഴ: കടലേറ്റം രൂക്ഷമായ അമ്പലപ്പുഴ, കാട്ടൂര്‍ മേഖലകളിലെ പുലിമുട്ടുകളുടെ നിര്‍മാണം ജലവിഭവ വകുപ്പ് സെക്രട്ടറിയും കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ.ഐ.ഐ.ഡി.സി.) മാനേജിംഗ് ഡയറക്ടറുമായ പ്രണബ് ജ്യോതിനാഥിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വിലയിരുത്തി.

ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ നിയോജകമണ്ഡലങ്ങളിലായി കിഫ്ബിയുടെ ധനസഹായത്തോടെ 11.41 കിലോമീറ്റര്‍ ദൂരത്തില്‍ ടെട്രാപ്പോഡ് കവചത്തോടുകൂടി 114 പുലിമുട്ടുകളാണ് ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെ.ഐ.ഐ.ഡി.സി. നിര്‍മിക്കുന്നത്. രണ്ടു ടണ്ണും അഞ്ചു ടണ്ണും വീതം ഭാരമുള്ള രണ്ടുതരം ടെട്രാപോഡുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഇവയുടെ നിര്‍മാണ ചുമതല കെ.ഐ.ഐ.ഡി.സിക്ക് ലഭിച്ചത്. കരിങ്കല്ലിനു മുകളില്‍ കോണ്‍ക്രീറ്റ് കൊണ്ടുള്ള ടെട്രാപോഡുകള്‍ കവചമായി നിരത്തി നിര്‍മിക്കുന്ന പുലിമുട്ടുകള്‍ കടലാക്രമണം തടയാന്‍ ഏറെ ഫലപ്രദമാണ്.

കരിങ്കല്ല് ലഭ്യമാകുന്നതിനനുസരിച്ച് കൂടുതല്‍ പുലിമുട്ടുകള്‍ വേഗത്തില്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് കെ.ഐ.ഐ.ഡി.സി. കടലാക്രമണം തടയാന്‍ ടെട്രാപോഡ് സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

കടലേറ്റം രൂക്ഷമായ മറ്റു മേഖലകളിലും കടല്‍ഭിത്തി നിര്‍മിക്കാന്‍ ആവശ്യമായ പഠനം നടത്തി കെ.ഐ.ഐ.ഡി.സി. സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

കെ.ഐ.ഐ.ഡി.സി സി.ഇ.ഒ. എസ്. തിലകന്‍, ചീഫ് എന്‍ജിനീയര്‍ ടെറന്‍സ് ആന്റണി, ജനറല്‍ മാനേജര്‍ ജോസഫ് സ്‌കറിയ, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഹരണ്‍ ബാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pulimuttu KIIDC KIFB

We use cookies to give you the best possible experience. Learn more