മുംബൈ: വാര്‍ത്തകള്‍ ശരിയാണെങ്കില്‍ പുലിമുരുകന്‍ ഉടനെ തന്നെ ഹിന്ദി സംസാരിച്ചു തുടങ്ങും. മലയാളത്തില്‍ മോഹന്‍ലാല്‍ തകര്‍ത്താടിയ പുലിമുരുകനാവുക ആരായിരിക്കും? സംശയമെന്ത്, ആ റോള്‍ ഹിന്ദിയില്‍ ചെയ്യാന്‍ ഇന്ന് ഒരാളേയുള്ളൂ. അത് സാക്ഷാല്‍ സല്‍മാന്‍ ഖാന്‍ തന്നെയാണ്.
സല്‍മാന്‍ ഖാന്‍ തന്നെയായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാതാവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം തനിക്ക് സൂപ്പര്‍ ഹിറ്റ് സമ്മാനിച്ച മലയാളി സംവിധായകന്‍ സിദ്ധീഖ് ചിത്രം സംവിധാനം ചെയ്യണമെന്നാണ് സല്ലുവിന്റെ ആഗ്രഹമെന്നും ഇതിനായി സല്‍മാന്‍ സിദ്ധീഖിനെ കണ്ടുവെന്നും പ്രമുഖ ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന കബീര്‍ ഖാന്‍ ചിത്രം ടൈഗര്‍ സിന്ദാ ഹേയുടെ ചീത്രീകരണം പൂര്‍ത്തിയായാല്‍ പുലിമുരുകന്റെ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സല്‍മാന്റെ പുതിയ ചിത്രമായ ട്യൂബ് ലൈറ്റ് ജൂണ്‍ 25 ന് റിലീസ് ചെയ്യും.
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമാണ് പുലിമുരുകന്‍. ബോക്‌സ് ഓഫീസില്‍ അപ്രതീക്ഷിത കുതിപ്പുമായി മുന്നേറിയ പുലിമുരുകന്‍ 100 കോടി ക്ലബ്ബില്‍ കയറുന്ന ആദ്യ മലയാള ചിത്രമെന്ന ഗ്യാതിയും നേടി. 150 കോടിയ്ക്ക് മുകളിലാണ് ചിത്രത്തിന്റെ കളക്ഷന്‍.
അതേസമയം, ബി.ഉണ്ണികൃഷ്ണന്‍ ചിത്രമായ വില്ലന്റെ തിരക്കിലാണ് മോഹന്‍ലാല്‍. ഇതിനു പിന്നാലെ ഒടിയനും 1000 കോടിയില്‍ ഒരുങ്ങുന്ന രണ്ടാമൂഴവും പൃഥ്വിരാജ് ചിത്രവുമാണ് മോഹന്‍ലാലിന്റെ മറ്റു ചിത്രങ്ങള്‍.