തിരുവനനന്തപുരം: വായ്പയെടുത്തതിന് ശേഷം തിരിച്ചടയ്ക്കാത്ത ചലച്ചിത്രനിര്‍മാതാക്കളുടെ വിവരങ്ങള്‍ പുറത്ത് വിട്ട് കേരള ഫിനാന്‍സ് കോര്‍പ്പറേഷന്‍. വായ്പയെടുത്ത 19 പേരില്‍ പതിനേഴ് പേരും തുക തിരിച്ചടച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
പുലിമുരുകന്‍ സിനിമയുടെ നിര്‍മാതാവും പട്ടികയിലുണ്ട്. 200 കോടി ബോക്‌സോഫീസ് കളക്ഷന്‍ നേടിയ ചിത്രത്തിന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടവും വായ്പയായി എടുത്ത തുക തിരിച്ചടയ്ക്കുന്നതില്‍ കുടിശ്ശിക വരുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
2010 മുതല്‍ 2019 വരെ വായ്പയെടുത്തവരുടെ വിവരമാണ് കെ.എഫ്.സി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.കേരള ഫിലിം പ്രൊഡ്യൂസേര്‍സ് അസോസിയേഷന്റെ ആവശ്യപ്രകാരം നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കെ.എഫ്.സി എം.ഡി ടോമിന്‍ തച്ചങ്കരി ഈ വിവരങ്ങളടങ്ങിയ പട്ടിക ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
33 കോടി രൂപയാണ് സിനിമനിര്‍മ്മാണത്തിന് വേണ്ടി കെ.എഫ്.സിയില്‍ നിന്ന് നിര്‍മാതാക്കള്‍ വായ്പയായി എടുത്തത്. ആരും തുക തിരിച്ചടയ്ക്കാത്ത സാഹചര്യത്തില്‍ നിര്‍മാണത്തിനായി വായ്പകള്‍ ഇനി കൊടുക്കേണ്ടതില്ലെന്നാണ് എം.ഡി അറിയിച്ചത്.
അതേസമയം തുക തിരിച്ചടയ്ക്കാത്ത നിര്‍മാതാക്കള്‍ക്ക് മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് വായ്പ ലഭിക്കാതിരിക്കാന്‍ വേണ്ടി ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ സിവില്‍ റെക്കോര്‍ഡ്‌സിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്.
ഇത്തരത്തിലുള്ള നടപടി മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ലോണെടുക്കുന്നതിലും ഇവര്‍ക്ക് തടസ്സം സൃഷ്ടിക്കും. കെ.എഫ്.സിയ്ക്ക് കിട്ടാനുള്ള തുക തിരികെ പിടിക്കാനായി റിക്കവറി നടപടികളിലേക്ക് കടക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക