| Tuesday, 17th October 2023, 4:43 pm

'നോക്കി നിന്നോ ഇല്ലെങ്കില്‍ അത് കടിച്ചുകീറും'; പുലിമുരുകന്റെ ഷൂട്ട് കഴിഞ്ഞ് ജീവനോടെ തിരിച്ചെത്തുമെന്ന് കരുതിയതല്ല: ഷാജി കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുലിമുരുകനിലെ പുലിയുമായുള്ള ഫൈറ്റ് ഷൂട്ട് ചെയ്യുമ്പോള്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയാണ് ക്യാമറാമാന്‍ ഷാജികുമാര്‍. ടൈഗര്‍ പോര്‍ഷന്‍ ഷൂട്ട് ചെയ്യാന്‍ പല ലൊക്കേഷനുകളും കണ്ടിരുന്നെന്നും ഒടുവില്‍ തായ്‌ലന്‍ഡില്‍ വെച്ചാണ് ഷൂട്ട് പൂര്‍ത്തിയാക്കിയതെന്നും ഷാജി കുമാര്‍ പറയുന്നു.

ഷൂട്ട് കഴിഞ്ഞ് ജീവനും കൊണ്ട് കേരളത്തിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ് ഷാജി കുമാര്‍ പറയുന്നത്. സഫാരി ചാനലിന്റെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പുലിമുരുകനിലെ പുലിയുമായുള്ള ഫൈറ്റ് ഷൂട്ട് ചെയ്യാന്‍ ഞങ്ങള്‍ പല സ്ഥലങ്ങളും അന്വേഷിച്ചു. പല സ്ഥലത്തും ലൊക്കേഷന്‍ കണ്ടു. തായ്‌ലന്‍ഡിലാണ് അവസാനം ചെന്നെത്തിയത്. അവിടെ വെച്ചാണ് ടൈഗര്‍ പോര്‍ഷന്‍ ഷൂട്ട് ചെയ്തത്.

ലൊക്കേഷനിലേക്ക് എത്തുന്നതിന് മുന്‍പ് പീറ്റര്‍ പറഞ്ഞത് ഒരു പ്രശ്‌നവുമില്ലെന്നും ഒരു കൂടിനകത്തേക്ക് ക്യാമറ ഇറക്കുമെന്നും ഷൂട്ടിന് ശേഷം ക്യാമറ പൊക്കിയെടുക്കുമെന്നൊക്കെയായിരുന്നു. പുലിയുമായി നേരിട്ട് അടുത്ത് നില്‍ക്കേണ്ട സാഹചര്യം ഇല്ലല്ലോ എന്നും സേഫ്റ്റി ഉണ്ടല്ലോ എന്നും ഞാന്‍ കരുതി. പേടിക്കേണ്ട ഒരു സാഹചര്യവും ഇല്ലെന്ന് ഉറപ്പിച്ചിരുന്നു.

എന്നാല്‍ രാവിലെ അവിടെ ചെന്നപ്പോള്‍ ആണ് മനസിലായത് കൂടുമില്ല ഒന്നുമില്ലെന്ന്. ടൈഗറിനെ തുറന്ന് വിടും. ട്രെയ്‌നേഴ്‌സാണ് കൂടെയുണ്ടാകുക. ഡയറക്ഷന്‍ ടീം കൂടിനകത്ത് കയറി ഇരിക്കുന്നുണ്ട്. ഞങ്ങള്‍ രണ്ട് മൂന്ന് പേര്‍ മാത്രം പുറത്തുണ്ട്. സത്യം പറഞ്ഞാല്‍ ഷൂട്ട് കഴിഞ്ഞ് തിരിച്ച് കേരളത്തിലേക്ക് വരുമെന്ന് കരുതിയതല്ല. അത്രയും റിസ്‌കായിരുന്നു.

ഓരോ ദിവസവും രാത്രി കിടക്കുമ്പോള്‍ ടൈഗര്‍ വന്ന് മുന്നില്‍ നില്‍ക്കുന്നതാണ് കാണുന്നത്. അത്രയും സൈസില്‍, ആരോഗ്യമുള്ള പുലി നമ്മുടെ ക്യാമറ വരെ വരും. എന്നിട്ട് അത് തിരിച്ചുപോകും. അങ്ങനെയുള്ള ഒരു അങ്കമായിരുന്നു.

15 ദിവസം കൊണ്ട് അതിന്റെ ഓട്ടവും ചാട്ടവും എല്ലാം എടുത്തു. അവിടെ നിന്ന് തിരിച്ചുവരുന്ന വരെ ആര്‍ക്കും ഒരു മനസമാധാനവും ഉണ്ടായിരുന്നില്ല. എല്ലാവരും റിസ്‌കില്‍ ആണ്. ഇനിയൊരു സിനിമ അങ്ങനെ ചെയ്യാന്‍ കഴിയുമോയെന്ന് എനിക്കറിയില്ല. ഇത് ഒരിക്കലും ഈസിയല്ല.

ഷൂട്ട് കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ ഞാന്‍ പറഞ്ഞു, ഇനി നിങ്ങള്‍ വല്ല സിംഹത്തിനെയും വെച്ചുള്ള ഒരു സിനിമ പ്ലാന്‍ ചെയ്‌തോളൂ, അപ്പോള്‍ എളുപ്പമുണ്ടല്ലോ ബോഡിയൊന്നും കിട്ടില്ലല്ലോ എന്ന് (ചിരി).

ഒന്നാമത്തെ കാര്യം ഇതിന് ഭയങ്കര ഐക്യൂ കുറവാണ്. ഫുഡ് കിട്ടിയില്ലെങ്കില്‍ മുന്നില്‍ നില്‍ക്കുന്ന ആളെ അത് കടിച്ചുകൊല്ലും. അവര്‍ പറയും ഇന്ന് നോക്കി നിന്നോ അല്ലെങ്കില്‍ കഴുത്തിന് പിടിക്കുമെന്ന്. അത്രയും റിസ്‌കിലാണ് ചെയ്തത്.

പീറ്ററിനെയൊക്കെ സമ്മതിക്കണം. ട്രെയിനേഴ്‌സിന്റെ കൂടെ അദ്ദേഹം നിന്നു. എന്ത് ട്രെയിന്‍ ചെയ്താലും അതിന് കടിക്കാന്‍ തോന്നിയാല്‍ കടിക്കും. അതിന് ഫുഡ് കൊടുത്താണ് നമ്മുടെ അടുത്തേക്ക് കൊണ്ടുവരുന്നത്. അതുകൊണ്ടാണ് അറ്റാക്ക് ചെയ്യാത്തത്. വിശന്നാല്‍ അപ്പോള്‍ ആക്രമിക്കും.

അത്തരത്തില്‍ നമ്മള്‍ വലിയ ടെന്‍ഷനില്‍ നമ്മള്‍ ഷൂട്ട് ചെയ്ത് ഫിനിഷ് ചെയ്ത സിനിമയാണ് പുലിമുരുകന്‍. ആ സിനിമയിറങ്ങിയതിന് ശേഷമാണ് യഥാര്‍ത്ഥത്തില്‍ മനസമാധാനം തിരിച്ചുകിട്ടിയത്,’ ഷാജി കുമാര്‍ പറഞ്ഞു.

Content Highlight: Pulimurukan Cameraman shaji share shooting experiance

We use cookies to give you the best possible experience. Learn more