ജോജു ജോര്‍ജ് നായകനായി എ.കെ. സാജന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ചിത്രമാണ് പുലിമട. വയനാട്ടിലെ മലയോര ഗ്രാമത്തില്‍ ഒറ്റക്ക് താമസിക്കുന്ന വിന്‍സെന്റിന്റെ കഥയാണ് പുലിമട പറയുന്നത്. വിവാഹ ദിനത്തില്‍ വിന്‍സെന്റിന് ജീവിതം തന്നെ മാറിപ്പോകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.
മാനസികാസ്വാസ്ഥ്യമുള്ള അമ്മ വിന്‍സെന്റിന്റെ ചെറുപ്പത്തില്‍ തന്നെ മരിച്ചുപോകുന്നു. അത് അയാളെ വേട്ടയാടുകയാണ്. അമ്മയുടെ മാനസികാസ്വാസ്ഥ്യം മൂലം വിന്‍സെന്റിനും നഷ്ടങ്ങള്‍ സംഭവിക്കുന്നുണ്ട്. അയാള്‍ക്ക് വന്ന പല കല്യാണങ്ങളും മുടങ്ങിപോകുന്നു.
നായകന്റെ ശുദ്ധമായ മനസ് കാണിക്കാനായി പുലിമട ബലാത്സംഗ ശ്രമത്തെ വെളുപ്പിച്ചെടുത്തത് നിരാശാജനകമായ കാര്യമാണ്. മദ്യത്തിന്റെ പുറത്ത് സംഭവിച്ച അബദ്ധമെന്ന നിലക്കാണ് പുലിമട ബലാത്സംഗത്തെ ചിത്രീകരിച്ചിരിക്കുന്നത്. നേരിട്ട സ്ത്രീയും അത് ക്ഷമിച്ചുകൊടുക്കുന്നതിലൂടെ പുലിമട എന്ത് സന്ദേശമാണ് നല്‍കുന്നത്?
ഇതിനോട് സമാനമെന്ന് പറയാവുന്ന പിഴവാണ് മുമ്പ് കെട്ട്യോളാണെന്റെ മാലാഖയും നടത്തിയത്. നായകന്റെ നിഷ്‌കളങ്കത്വവും ശുദ്ധമായ മനസും മുന്‍നിര്‍ത്തി ഗുരുതരമായ ഒരു ക്രൈമിനെ ക്ഷമിച്ചു കളയാവുന്ന ഒരു അബദ്ധമായാണ് ഇരുചിത്രങ്ങളും സമീപിക്കുന്നത്. ഒരു മനുഷ്യന്‍ എത്ര നല്ലവനാണെങ്കിലും അത് അയാള്‍ ചെയ്യുന്ന ബലാത്സംഗത്തിനും ബലാത്സം ശ്രമത്തിനും ന്യായീകരണമാവുന്നില്ല.
തെറ്റിനെ ന്യായീകരിക്കുന്നതില്‍ പുലിമട ഒരു പടി മുന്നില്‍ നില്‍ക്കുന്നുണ്ട്. കാരണം ഒരു പരിചയവുമില്ലാത്ത പ്രതിയോടാണ് സ്ത്രീ ക്ഷമിച്ചുകൊടുക്കുന്നത്. അനാവശ്യമായ ഒരു സ്പര്‍ശനം പോലും സ്ത്രീകള്‍ക്ക് വലിയ ട്രോമ നല്‍കാന്‍ പോന്നതാണ്. അപ്പോള്‍ ഒരു ബലാത്സംഗ ശ്രമം എങ്ങനെ ക്ഷമിച്ചുകൊടുക്കാനാവും. ഈ വേദന സംവിധായകന്റേയും നായകന്റേയും ആണ്‍ബോധ്യങ്ങള്‍ക്ക് മനസിലാകാത്തതാണോ?
കെട്ട്യോളാണെന്റെ മാലാഖ ഏറെ വിമര്‍ശനങ്ങള്‍ക്ക് പാത്രമായ ചിത്രമാണ്. വിമര്‍ശനങ്ങള്‍ വെള്ളത്തില്‍ വരക്കുന്ന വര പോലെയാവുന്നത് കൊണ്ടായിരിക്കുമോ വിമര്‍ശനങ്ങള്‍ക്ക് ശേഷവും ക്രൈമിനെ ന്യായീകരിക്കുന്ന ചിത്രം ആവര്‍ത്തിക്കുന്നത് ?
Content Highlight: ‘Pulimada’ repeats the mistake of ‘Kettiolanente Malakha’