| Saturday, 19th August 2023, 11:12 am

ഉമ്മച്ചന്‍ സിംഗിളാണോ; സസ്‌പെന്‍സിട്ട് പുലിമട ടീസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എ.കെ. സാജന്‍ – ജോജു ജോര്‍ജ് ചിത്രം പുലിമടയുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. ആകാംക്ഷ നിറയ്ക്കുന്ന ടീസറാണ് പുറത്തുവന്നിരിക്കുന്നത്. ജോജുവിന്റെ അഭിനയ മികവ് ഒരിക്കല്‍ കൂടി തെളിയുന്ന ചിത്രം ആയിരിക്കും പുലിമട എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്‍) എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. പാന്‍ ഇന്ത്യന്‍ സിനിമയായി പുറത്തിറങ്ങുന്ന പുലിമടയില്‍ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യ രാജേഷും ലിജോ മോളുമാണ്.

പോലീസ് കോണ്‍സ്റ്റബിള്‍ ആയ വിന്‍സന്റ് സ്‌കറിയുടെ (ജോജു ജോര്‍ജ് ) കല്യാണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് പുലിമടയിലൂടെ പ്രേക്ഷകനു മുന്നിലെത്തുന്നത്.

എ.കെ. സാജന്‍ തന്നെയാണ് കഥ, തിരക്കഥ, എഡിറ്റിങ് എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. ഐന്‍സ്റ്റീന്‍ മീഡിയ, ലാന്‍ഡ് സിനിമാസ് എന്നീ ബാനറുകളില്‍ ഐന്‍സ്റ്റീന്‍ സാക് പോള്‍, രാജേഷ് ദാമോദരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജോജു നായകനാവുന്ന ജോഷി ചിത്രം ആന്റണി പ്രൊഡ്യൂസ് ചെയ്യുന്നതും ഐന്‍സ്റ്റീന്‍ മീഡിയ തന്നെയാണ്.

പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തില്‍ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

ഒരു ഷെഡ്യൂളില്‍ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ബിഗ് ബജറ്റ് ചിത്രമായ പുലിമടയില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ബാലചന്ദ്രമേനോന്‍, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായര്‍, കൃഷ്ണപ്രഭ, പൗളി വിത്സന്‍, ഷിബില തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മ്യൂസിക്-ഇഷാന്‍ ദേവ്, പശ്ചാത്തല സംഗീതം-അനില്‍ ജോണ്‍സന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-വിനീഷ് ബംഗ്ലാന്‍, എസ്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഷിജോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാജീവ് പെരുമ്പാവൂര്‍, ആര്‍ട്ട് ഡയറക്ടര്‍-ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് ഷാജി-പുല്‍പ്പള്ളി, ഷമീര്‍ ശ്യാം, കൊസ്റ്റൂം-സുനില്‍ റഹ്‌മാന്‍, സ്റ്റെഫി സേവ്യര്‍, സൗണ്ട് ഡിസൈനിങ്&മിക്‌സിങ്-സിനോയ് ജോസഫ്, ഗാനരചന-റഫീക്ക് അഹമ്മദ്, ഡോക്ടര്‍ താര ജയശങ്കര്‍, ഫാദര്‍ മൈക്കിള്‍ പനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയാക്ടര്‍-ഹരീഷ് തെക്കേപ്പാട്ട്, ഡി. ഐ-ലിജു പ്രഭാകര്‍, വി.എഫ്.എക്‌സ് പ്രോമിസ്, മാര്‍ക്കറ്റിങ്-ഒബ്‌സ്‌ക്യുറ, സ്റ്റില്‍-അനൂപ് ചാക്കോ റിന്‍സന്‍ എം.ബി, പി.ആര്‍. ഓ-മഞ്ജു ഗോപിനാഥ്, ഡിസൈന്‍-ഓള്‍ഡ്‌മോങ്ക്‌സ് വിതരണം- ആന്‍ മെഗാ മീഡിയ.

Content Highlight: Pulimada Movie teaser

We use cookies to give you the best possible experience. Learn more