രാജ്‌കോട്ട്: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ച്വറി നേട്ടമെന്ന ഇന്ത്യന്‍ റെക്കോഡ് ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാരക്ക്. സൗരാഷ്ട്രക്കു വേണ്ടി ജാര്‍ഖണ്ഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടിയതോടെയാണ് ഇന്ത്യയുടെ വിശ്വസ്തനായ ടെസ്റ്റ് ബാറ്റ്‌സ്മാന്‍ ഈ നേട്ടം കൈവരിച്ചത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 12 ാം ഇരട്ട സെഞ്ച്വറിയാണ് പൂജാര കുറിച്ചത്. 11 ഇരട്ട സെഞ്ച്വറി നേടിയ വിജയ് മെര്‍ച്ചന്റ് ആയിരുന്നു ഇതുവരെ റെക്കോഡിനുടമ.
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ സുനില്‍ ഗാവസ്‌കറിനും വിജയ് ഹസാരെക്കും രാഹുല്‍ ദ്രാവിഡിനും 10 ഡബിള്‍ സെഞ്ച്വറികളുണ്ട്. 37 തവണ ഇരട്ട സെഞ്ച്വറി നേടിയ ഡോണ്‍ ബ്രാഡ്മാനാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഇരട്ട ശതകം നേടിയ താരം.
അതേ സമയം 204 റണ്‍സ് നേടിയ പൂജാരയുടെ ബാറ്റിംഗ് മികവില്‍ സൗരാഷ്ട്ര ഒമ്പത് വിക്കറ്റിന് 553 റണ്‍സെടുത്ത് ഒന്നാമിന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു.