| Sunday, 14th August 2022, 8:09 pm

20 ഫോര്‍ അഞ്ച് സിക്‌സറുകള്‍! അഴിഞ്ഞാടി ചേതേശ്വര്‍ പൂജാര; ലോകകപ്പില്‍ ഒരു സ്ഥാനം മാറ്റിവെക്കേണ്ടി വരുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

റോയല്‍ ലണ്ടന്‍ കപ്പില്‍ തുടര്‍ച്ചയായി രണ്ടാം സെഞ്ച്വറി നേടി ഇന്ത്യയുടെ ടെസ്റ്റ് ഇതിഹാസം ചേതേശ്വര്‍ പൂജാര. സറേക്കെതിരായിരുന്നു പൂജാരയുടെ അഴിഞ്ഞാട്ടം. 131 പന്ത് നേരിട്ട പൂജാര 174 റണ്‍സാണ് അടിച്ചുകൂട്ടിയത്.

പൂജാരയുടെ വെടിക്കെട്ട് ഇന്നിങ്‌സില്‍ നിശ്ചിത ഓവറില്‍ 378 റണ്‍സാണ് സസെ്ക്‌സ് സ്വന്തമാക്കിയത്. പൂജാരയെ കൂടാതെ ടോം ക്ലാര്‍ക്കും സസെക്‌സിനായി സെഞ്ച്വറി സ്വന്തമാക്കി. 106 പന്ത് നേരിട്ട് 104 റണ്‍സാണ് അദ്ദേഹം സ്വന്തമാക്കിയത്.

174 റണ്‍സ് അടിച്ചുകൂട്ടിയ പൂജാരയുടെ ഇന്നിങ്‌സില്‍ 20 ഫോറും അഞ്ച് സിക്‌സറുകളുമുണ്ടായിരുന്നു. ‘സ്ലോ ആന്‍ഡ് സ്റ്റഡി’ ബാറ്റിങ്ങിന് പേരുകേട്ട പൂജാരയുടെ മറ്റൊരു മുഖത്തിനാണ് റോയല്‍ ലണ്ടന്‍ കപ്പ് സാക്ഷ്യം വഹിക്കുന്നത്.

103ാം പന്തിലായിരുന്നു പൂജാര തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. പിന്നീടുള്ള 20 പന്തില്‍ 53 റണ്‍സാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. സസെക്‌സിനായി തുടര്‍ച്ചയായി സെഞ്ച്വറികള്‍ നേടിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആഘോഷം വൈറലായിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ വോര്‍വ്ക്ഷെയറിനെതിരെ 79 പന്തില്‍ നിന്നും 107 റണ്‍സ് താരം നേടിയിരുന്നു. ആ മത്സരത്തില്‍ 45ാം ഓവറില്‍ 22 റണ്‍സാണ് പൂജാര അടിച്ചുകൂട്ടിയത്. ഇതോടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ അദ്ദേഹത്തിന്റെ വെടിക്കെട്ട് ശൈലി കണ്ട് ആരാധകര്‍ ഞെട്ടിയിരുന്നു.

പൂജാരക്ക് ഇത് ശ്രദ്ധേയമായ വര്‍ഷമാണ്. നേരത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് അദ്ദേഹം പുറത്തായിരുന്നു. എന്നാല്‍ ഒഴിവാക്കിയ ഒരു ദിവസത്തിന് ശേഷം രഞ്ജി ട്രോഫിയില്‍ സെഞ്ച്വറി നേടിയാണ് അദ്ദേഹം മറുപടി നല്‍കിയത്.

അതിന് ശേഷം പൂജാര സസെക്‌സിനായി ശ്രദ്ധേയമായ ഇന്നിങ്‌സുകള്‍ കളിച്ചുകൊണ്ടിരുന്നു. പിന്നീട് അദ്ദേഹത്തെ സസെക്‌സ് ടീമിന്റെ ക്യാപ്റ്റനാക്കുകയും ചെയ്തു.

എന്തായാലും തന്നെ വെറും ടെസ്റ്റ് ബാറ്റര്‍ മാത്രമായി കാണേണ്ടതില്ലെന്ന് അദ്ദേഹം ഈ ഇന്നിങ്‌സുകളുലൂടെ വിളിച്ചോതുന്നുണ്ട്. ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ വൈറ്റ് ബോള്‍ ക്രിക്കറ്റിലും പൂജാരക്ക് പ്രധാന പങ്കുവഹിക്കാന്‍ സാധിച്ചേക്കാം.

Content Highlights: Pujara scored massive 174 runs in 131 balls

Latest Stories

We use cookies to give you the best possible experience. Learn more