2024ലെ ഇന്ത്യ-ഇംഗ്ലണ്ട് പര്യടനത്തിലെ ഇന്ത്യന്‍ സ്‌ക്വാഡ് പുറത്ത് വിട്ടിരിക്കുകയാണ്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് എന്നീ മാസങ്ങളിലായിട്ടാണ് പരമ്പര നടക്കുന്നത്. ആദ്യ ടെസ്റ്റ് മത്സരം ജനുവരി 25 മുതല്‍ 29 വരെ ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലും രണ്ടാം ടെസ്റ്റ് ഫെബ്രുവരി രണ്ട് മുതല്‍ ആറ് വരെ വിശാഖപട്ടണത്തെ ഡോക്ടര്‍ വൈ.എസ് രാജശേഖര റെഡ്ഡി എ.സി.എ- വി.ഡി.സി.എ ക്രിക്കറ്റ് അസോസിയേഷനിലും നടക്കും.
എന്നാല്‍ സ്‌ക്വാഡില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന താരമാണ് ചേതേശ്വര്‍ പൂജാര. ഈ പ്രാവിശ്യവും താരത്തെ ടീമില്‍ ഉള്‍പ്പെടുത്താതെയാണ് ബി.സി.സി.ഐ സ്‌ക്വാഡ് പുറത്ത് വിട്ടത്. എന്നാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച ഫോം കണ്ടെത്തിയിട്ടും എന്തുകൊണ്ടാണ് താരത്തെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തത് എന്ന ചോദ്യം ഉയരുന്നുണ്ട്.
രഞ്ജി ട്രോഫിയുടെ പുതിയ സീസണില്‍ ഇരട്ട സെഞ്ച്വറി നേടിക്കൊണ്ടാണ് ചേതേശ്വര്‍ പൂജാര തന്റെ 2024 കലണ്ടര്‍ ഇയറിന് തുടക്കം കുറിച്ചത്. ജാര്‍ഖണ്ഡിനെതിരെ സൗരാഷ്ട്രക്ക് വേണ്ടിയാണ് പൂജാര ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
നാലാം നമ്പറില്‍ കളത്തിലിറങ്ങി 356 പന്ത് നേരിട്ട് പുറത്താകാതെ 243 റണ്‍സാണ് പൂജാര നേടിയത്. ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റിലെ 17ാം ഇരട്ട സെഞ്ച്വറിയാണ് പൂജാര ജാര്‍ഖണ്ഡിനെതിരെ കുറിച്ചത്.
ഇതോടെ ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം ഇരട്ട സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ ബാറ്റര്‍ എന്ന തന്റെ തന്നെ റെക്കോഡ് അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് പൂജാര. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റും കൂടുതല്‍ ഇരട്ട സെഞ്ചറി നേടിയതും പൂജാരയാണ്. 17 ഇരട്ട സെഞ്ച്വറികളാണ് താരം സ്വന്തമാക്കിയത്. മികച്ച പ്രകടനം കാഴ്ചവെച്ച തിരിച്ചുവന്ന പൂജാരയെ ടീമില്‍ എടുക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം വളരെ പ്രസക്തമാണ്.
2023 ജൂണ്‍ ഏഴിന് ഓസ്‌ട്രേലിയയുമായി നടന്ന മത്സരത്തില്‍ലാണ് പൂജാര അവസാനമായി കളിച്ചത്.
ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റുകളില്‍ നിന്ന് 58 മത്സരത്തിലെ 426 ഇന്നിങ്സില്‍ നിന്നും 19,812 റണ്‍സാണ് പൂജാര സ്വന്തമാക്കിയത.് ഇന്ത്യക്ക് വേണ്ടി 103 ടെസ്റ്റ് മത്സരങ്ങളിലെ 176 ഇന്നിങ്‌സുകളില്‍ നിന്ന് 7195 റണ്‍സാണ് താരം നേടിയത്.
ഫെബ്രുവരി 15 മുതല്‍ 19 വരെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്. നാലാം ടെസ്റ്റ് ഫെബ്രുവരി 23 മുതല്‍ 27 വരെ ജെ.എസ്.സി.എ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. പരമ്പരയിലെ അവസാന ടെസ്റ്റ് മാര്‍ച്ച് ഏഴിന് ആരംഭിക്കും. ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം.