കോട്ടയം: ഒരു മാസത്തോളമായി നടന്ന വലിയ പ്രചരണങ്ങള്‍ക്ക് ശേഷം ഉപതെരഞ്ഞെടുപ്പിനായി പുതുപ്പള്ളി ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മണി മുതലാണ് തെരഞ്ഞെടുപ്പ് ആരംഭിക്കുക. 182 പോളിങ് ബൂത്തുകള്‍ തെരഞ്ഞെടുപ്പിനായി ഒരുങ്ങിക്കഴിഞ്ഞു. നാല് പ്രശ്‌നബാധിത ബൂത്തുകളാണ് മാര്‍ക്ക് ചെയ്തിട്ടുള്ളത്. ഹരിത ചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക.
1,76,147 വോട്ടര്‍മാരാണ് പുതുപ്പള്ളിയിലുള്ളത്. 90,281 സ്ത്രീവോട്ടര്‍മാരും, 86,132 പുരുഷവോട്ടര്‍മാരും നാല് ട്രാന്‍സ്‌ജെന്റര്‍ വോട്ടര്‍മാരാണുള്ളത്. വലിയ പ്രചരണങ്ങളുടെ പശ്ചാത്തലത്തില്‍ മികച്ച പോളിങ്ങ് മുന്നണികള്‍ പ്രതീക്ഷിക്കുന്നുണ്ട്.
പരസ്യപ്രചാരണത്തിന് ശേഷം വീടുകളിലും സ്ഥാപനങ്ങളിലും കയറി അവസാന മണിക്കൂറിലും വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു തിങ്കളാഴ്ച സ്ഥാനാര്‍ത്ഥികള്‍.
വികസന മുരടിപ്പിന്റെ പോയ കാലത്തില്‍ നിന്നും പുതുപ്പള്ളിയെ ഒന്നാം നമ്പറാക്കാന്‍ വോട്ടിങ് മെഷീനില്‍ ക്രമനമ്പര്‍ രണ്ടില്‍ ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളത്തില്‍ വോട്ടുകള്‍ രേഖപ്പെടുത്തണെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസ് വോട്ടര്‍മാരോട് പറഞ്ഞു.