| Friday, 8th September 2023, 7:46 am

മാറ്റമില്ലാതെ പുതുപ്പള്ളി; റെക്കോഡ് ഭൂരിപക്ഷത്തില്‍ ചാണ്ടി ഉമ്മന്‍ വിജയിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്ക് പിന്‍ഗാമിയായി ചാണ്ടി ഉമ്മന്‍. ഉമ്മന്‍ ചാണ്ടിയുടെ റെക്കോഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്റെ വിജയം. വോെട്ടണ്ണലില്‍ തുടക്കം മുതല്‍ തന്നെ ചാണ്ടി ഉമ്മന് വലിയ ഭൂരിപക്ഷമാണ് ലഭിച്ചത്. അവസാനം ലഭിച്ച കണക്കുള്‍ അനുസരിച്ച് 74,456 വോട്ട് നേടി ആധികാരികമായി തന്നെയാണ് ചാണ്ടി ഉമ്മന്‍ വിജയിച്ച് കയറിയത്. 37,213 ആണ് ഭൂരിപക്ഷം(അന്തിമ കണക്കല്ല).

2011ല്‍ ഉമ്മന്‍ ചാണ്ടി നേടിയ 33,255 വോട്ടായിരുന്നു പുതുപ്പള്ളി കണ്ട ഏറ്റവും മികച്ച ഭൂരിപക്ഷം. ഇതാണിപ്പോള്‍ ചാണ്ടി ഉമ്മന്‍ മറികടന്നിരിക്കുന്നത്.

സ്ഥാനാര്‍ത്ഥികള്‍, ലഭിച്ച വോട്ടുകള്‍

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍-74,456 (37,213 -ഭൂരിപക്ഷം)

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസ്- 33,959

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ലിജന്‍ ലാല്‍- 6,342

പുതുപ്പള്ളി വിജയം കേരളത്തിലാകെ ആളിപ്പടരുമെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രതികരണം. നാട് ജയിച്ചെന്നും തന്റെ പിതാവ് നടന്ന വഴിയേതന്നെ പോകാനുള്ള എല്ലാവിധ സവിശേഷതകളുമുള്ളൊരു ചെറുപ്പക്കാരനാണ് ചാണ്ടി ഉമ്മനെന്നും സുധാകരന്‍ പറഞ്ഞു.

ചാണ്ടി ഉമ്മന്റെ വിജയം പുതുപ്പള്ളിയിലെ ജനങ്ങളുടെ പ്രതികാരമാണെന്ന്
എ.ഐ.സി.സി പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണിയും പറഞ്ഞു. ഉമ്മന്‍ ചാണ്ടിയോടുള്ള ജനങ്ങളുടെ സ്നേഹമാണിതെന്നും ഉമ്മന്‍ ചാണ്ടിയോട് കൊടുംക്രൂരത കാണിച്ചവര്‍ക്കുള്ള കടുത്ത ശിക്ഷയാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പിതാവ് ഉമ്മന്‍ ചാണ്ടിക്കുള്ള പുതുപ്പള്ളിക്കാരുടെ യഥാര്‍ത്ഥ യാത്രയയപ്പ് ഇപ്പോഴാണ് നല്‍കുന്നതെന്ന് ചാണ്ടി ഉമ്മന്റെ സഹോദരി അച്ചു ഉമ്മന്‍ പറഞ്ഞു. 53 വര്‍ഷം ഉമ്മന്‍ ചാണ്ടി എന്ത് ചെയ്തു എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Pudupally by-election vote counting Updating

We use cookies to give you the best possible experience. Learn more