വാര്‍ റൂമുകള്‍ സെറ്റ് ചെയ്ത് മുന്നണികള്‍; പുതുപ്പള്ളിയില്‍ കൊണ്ടും കൊടുത്തും സൈബര്‍ പ്രചരണം
Kerala News
വാര്‍ റൂമുകള്‍ സെറ്റ് ചെയ്ത് മുന്നണികള്‍; പുതുപ്പള്ളിയില്‍ കൊണ്ടും കൊടുത്തും സൈബര്‍ പ്രചരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th August 2023, 9:13 pm

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ സൈബര്‍ ഇടങ്ങളിലും വലിയ പ്രചരങ്ങളാണ് മുന്നണികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. സി.പി.ഐ.എം, കോണ്‍ഗ്രസ്, ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പട്ടിക സമര്‍പ്പിച്ചതോടെ സൈബര്‍ പോരാട്ടങ്ങളും കൂടുതല്‍ കൊഴുക്കുകുയാണ്.

ഡിജിറ്റല്‍ പോസ്റ്ററായും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ കട്ട് ചെയ്തുള്ള എഡിറ്റഡ് വീഡിയോയായും ഇന്‍സ്റ്റഗ്രാം റീലായും അതത് സ്ഥാനാര്‍ത്ഥികള്‍ക്കായി മുന്നണികള്‍ നടത്തുന്നത് വലിയ പ്രചരണങ്ങളാണ്. യുവ തലമുറയിലെ വോട്ടര്‍മാരെ ലക്ഷ്യംവെച്ചാണ് ഇത്തരത്തിലുള്ള കണ്ടന്റുകള്‍ അധികവും.

ഇതിനായി മണ്ഡലത്തില്‍ വാര്‍ റൂമുകള്‍ തന്നെ മുന്നണികള്‍ ഒരുക്കിയിട്ടുണ്ട്. വികസനം, രാഷ്ട്രീയം, സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങയിവയെല്ലാം ഇത്തരം പ്രചരണങ്ങളുടെ ഭാഗമാകാറുണ്ട്. എതിരാളികള്‍ക്കുള്ള മറുപടികളും ഇതേ കണ്ടന്റകളായി മാറും.

എ.കെ.ജി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ ടീമാണ് സി.പി.ഐ.എം സ്ഥാനാര്‍ത്ഥി ജെയക് സി. തോമസിനായി പ്രചരണം നടത്തുന്നത്. കെ.പി.സി.സി ഡിജിറ്റല്‍ സെല്‍ കണ്‍വീനര്‍ പി. സരിന്റെ നേതൃത്വത്തില്‍ ടീം ചാണ്ടി ഉമ്മനായി സൈബര്‍ പ്രചരണം ഏറ്റെടുക്കുന്നു.

മുന്‍ കെ.പി.സി.സി ഡിജിറ്റല്‍ സെല്‍ കണ്‍വീനറും നിലവില്‍ ബി.ജെ.പിയുടെ ദേശീയ സെക്രട്ടറിയുമായ അനില്‍ കെ. ആന്റണിയാണ് ബി.ജെ.പി സൈബര്‍ ടീമിന് പരിശീലനം നല്‍കുന്നത്. സ്ഥാനര്‍ത്ഥിയുടെ പ്രചരണങ്ങളുടെ വിശേഷങ്ങള്‍ അതത് പാര്‍ട്ടികളുടെ ഒഫീഷ്യല്‍ സംസ്ഥാന, ജില്ലാ പേജുകളിലൂടെയും പ്രചരിപ്പിക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയ പേജുകളും ഇത്തരം അറിയിപ്പുകള്‍ നല്‍കാന്‍ മുന്നണികള്‍ ഉപയോഗിക്കുന്നു.

അതേസമയം, പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും ബി.ജെ.പി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ മാതാവാണ്
ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള പണം നല്‍കിയത്.

കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. കോട്ടയം ആര്‍.ഡി.ഒ വിനോദ് രാജിന് മുമ്പാകെയാണ് ജെയ്ക് പത്രിക സമര്‍പ്പിച്ചത്. ഇന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഓഗസ്റ്റ് 18 ന് നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കും. ഓഗസ്റ്റ് 21 നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.


Content Highlight: Pudupally by-election, there has been a lot of hype from the fronts in the cyber space as well.