കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോട്ടയം ആര്‍.ഡി.ഒ വിനോദ് രാജിന് മുമ്പാകെയാണ് ജെയ്ക് പത്രിക സമര്‍പ്പിച്ചത്. സി.പി.ഐ.എം കോട്ടയം ജില്ലാ ഓഫീസില്‍ നിന്ന് പ്രകടനമായാണ് വരണാധികാരിയുടെ ഓഫീസിലേക്കെത്തിയത്.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ. പി ജയരാജന്‍, മന്ത്രി വി.എന്‍. വാസവന്‍ തുടങ്ങിയവരും ജെയ്ക്കിനൊപ്പമുണ്ടായിരുന്നു.
ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയാണ് ജെയക്കിന് തെരഞ്ഞെടുപ്പില്‍ കെട്ടി വെക്കാനുള്ള പണം നല്‍കിയത്.
അതേസമയം വൈകുന്നേരം നാല് മണിക്ക് എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടക്കും. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും എന്‍. ഡി.എ. സ്ഥാനാര്‍ത്ഥി ലിജിന്‍ലാലും വ്യാഴാഴ്ചയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നത്. നാളെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഓഗസ്റ്റ് 18 ന് നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കും. ഓഗസ്റ്റ് 21 നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ പോളിങ്ങ്, എട്ടിന് വോട്ടെണ്ണല്‍ നടക്കും. ജാര്‍ഖണ്ഡ്, ത്രിപുര, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ ആറ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്‍ക്കൊപ്പമാണ് പുതുപ്പള്ളിയിലും തെരഞ്ഞെടുപ്പ് നടക്കുക.
ജാര്‍ഖണ്ഡിലെ ധൂമ്രി, ത്രിപുരയിലെ ബോക്സാനഗര്‍, ധന്‍പൂര്‍ മണ്ഡലങ്ങള്‍, പശ്ചിമ ബംഗാളിലെ ധൂപ്ഗുരി, ഉത്തര്‍പ്രദേശിലെ ഗോസി, ഉത്തരാഖണ്ഡിലെ ഭാഗേശ്വര്‍ എന്നിവിടങ്ങളിലാണ് സെപ്റ്റംബര്‍ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടക്കുക.
content highlights: Pudupally by-election: LDF candidate Jake has filed nomination papers