|

'മതം നോക്കുന്നവര്‍ക്ക് ശാപ്പാടില്ല'; ഹോട്ടലിന് മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ച് ഉടമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കൊണ്ടുവന്നത് ഹിന്ദുവല്ലാത്തതിനാല്‍ ,ഭക്ഷണം ക്യാന്‍സല്‍ ചെയ്ത സംഭവത്തിന് പിന്നാലെ മതം നോക്കുന്നവര്‍ക്ക് ഭക്ഷണമില്ല എന്ന ബോര്‍ഡ് സ്ഥാപിച്ച് ഹോട്ടല്‍ ഉടമ. പുതുക്കോട്ടയിലാണ് ‘മതം നോക്കുന്നവര്‍ക്ക് ശാപ്പാടില്ല’ എന്ന ബോര്‍ഡ് സ്ഥാപിച്ചത്. അരുണ്‍മൊഴി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഐങ്കരന്‍ കോഫി ബാര്‍ ഹോട്ടലിന് മുന്നിലാണ് ബോര്‍ഡ്. നഗരത്തില്‍ ഹോട്ടലിന് മൂന്ന് ശാഖകളുണ്ട്.

ആം ആദ്മി പ്രവര്‍ത്തകന്‍ കൂടിയാണ് ഹോട്ടല്‍ ഉടമ. ഇതോടൊപ്പം അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ ജാതി മതങ്ങള്‍ക്ക് അതീതമാണ് ഭക്ഷണമെന്നും തന്റെ ഹോട്ടലുകളില്‍ മതം നോക്കുന്നവര്‍ക്ക് ഭക്ഷണമില്ലെന്ന് കുറിച്ചതും കൈയ്യടി നേടി.

അമിത് ശുക്ലയെന്ന യുവാവായിരുന്നു അഹിന്ദുവായ ആളെ ഡെലിവറി ബോയി ആയി അയച്ചതിന്റെ പേരില്‍ ഭക്ഷണം സ്വീകരിക്കാന്‍ തയ്യാറാവാതിരുന്നത്. മധ്യപ്രദേശിലായിരുന്നു സംഭവം നടന്നത്. പിന്നാലെ സൊമാറ്റോ യുവാവിന് നല്‍കിയ മറുപടിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഭക്ഷണത്തിന് മതമില്ല, അതുതന്നെ ഒരു മതമാണ് ‘എന്നായിരുന്നു അമിതിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ട് സൊമാറ്റോ ട്വിറ്ററില്‍ കുറിച്ചത്. ഒപ്പം
ഉപഭോക്താവിന്റെ ഈ ആവശ്യം അംഗീകരിക്കാവുന്നതല്ലെന്നും, അത്തരത്തില്‍ നഷ്ടപ്പെടുന്ന കച്ചവടത്തെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയില്ലെന്നും കൂടി ‘സൊമാറ്റോ’ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ പ്രതികരിച്ചിരുന്നു. ഇതോടെ സൊമാറ്റോയുടെ നിലപാടിനെ അഭിനന്ദിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.