പുതുച്ചേരി: പുതുച്ചേരി അസംബ്ലിയിലേക്ക് ആളുകളെ നാമ നിര്‍ദ്ദേശം ചെയ്യാന്‍ തങ്ങള്‍ക്ക് ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസിനോട് കൂടിയാലോചിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതിയോട് കേന്ദ്ര സര്‍ക്കാര്‍. പുതുച്ചേരി തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും കേന്ദ്രം കോടതിയോടു പറഞ്ഞു.
ജനാധിപത്യ സമ്പ്രദായത്തിലൂടെ തന്നെ തെരഞ്ഞെടുക്കപ്പെട്ട പുതുച്ചേരിയില്‍ ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസിനോട് കൂടിയാലോചിച്ച്, അതില്‍ നിന്ന് വേണം അസംബ്ലിയിലേക്ക് നാമനിര്‍ദേശം നല്‍കാന്‍ എന്ന് കോണ്‍ഗ്രസിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു. ഇത് രാജ്യത്തിന്റെ സംയുക്ത സംസ്ഥാന(co-operative federalism) വ്യവസ്ഥിതിയുടെ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കും എന്നും അദ്ദേഹം പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ടു ചെയ്തു.
“എതിര്‍ ശബ്ദങ്ങള്‍ക്ക് സാധ്യതയില്ലാതാക്കിയെന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാരിന് നാമനിര്‍ദേശം നല്‍കാനുള്ള പരമാധികാരം നല്‍കാന്‍ പാടില്ല. പ്രോദേശിക സര്‍ക്കാരിനെയും കണക്കിലെടുക്കണം. കേന്ദ്രവും പ്രാദേശിക സര്‍ക്കാരും രണ്ടു പേരും അന്യരല്ല. അവസാന വാക്ക് കേന്ദ്രത്തിന്റേതാണ്, പക്ഷെ നാമനിര്‍ദേശം പ്രാദേശിക തലത്തില്‍ നിന്നും ഉരുത്തിരിയണം”- സിബല്‍ പറഞ്ഞു.
അതേ സമയം പ്രാദേശിക സര്‍ക്കാരിനോട് നാമനിര്‍ദേശത്തിന് അഭിപ്രായം ചോദിക്കണമെന്ന നിയമം ഇല്ലെന്നും അതിനാല്‍ വിഷയത്തില്‍ സുപ്രീം കോടതി ഇടപെടേണ്ടതില്ലെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കേന്ദ്രത്തിനു വേണ്ടി വാദിച്ചു.