പുതുച്ചേരി: പുതുച്ചേരിയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍ മുഖ്യമന്ത്രി നാരായണ സാമിയുടെ പേരില്ല. പ്രധാന മണ്ഡലങ്ങളും സ്ഥാനാര്‍ത്ഥികളുമടങ്ങിയ പട്ടികയില്‍ നിന്നും ഒഴിവാക്കിയതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാരായണസാമിക്ക് സീറ്റുണ്ടാകില്ലെന്ന് ഉറപ്പായി.
ബി.ജെ.പിയുടെ അട്ടിമറി നീക്കങ്ങള്‍ തടയാന്‍ നാരായണ സാമിക്കായില്ലെന്ന് സഖ്യകക്ഷിയായ ഡി.എം.കെ പരാതിയുന്നയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ ഹൈക്കമാന്‍ഡിനെ സമീപിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് നാരായണ സാമിക്ക് സീറ്റ് നല്‍കാതിരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
നാരായണസാമി കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു നേരത്തെ വന്നിരുന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ അദ്ദേഹത്തെ ഒഴിവാക്കി കൊണ്ട് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതോടെ പുതുച്ചേരിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാരാകുമെന്നും ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്.
നാരായണസാമിക്ക് സീറ്റ് നിഷേധിച്ച നടപടിയില്‍ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. നാരായണസാമിയോട് അനീതിയാണ് ചെയ്യുന്നതെന്നും സീറ്റ് നല്‍കിയേ മതിയാകൂവെന്നുമാണ് ഇവരുടെ ആവശ്യം.
അതേസമയം മത്സരിക്കാനില്ലെന്ന് നാരായണസാമി ഹൈക്കമാന്റിനെ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സിറ്റിങ് സീറ്റായ നെല്ലിത്തോപ്പ് മുന്നണി സീറ്റ് വിഭജനത്തിന്റെ ഭാഗമായി ഡി.എം.കെയ്ക്ക് നല്‍കിയിരുന്നു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും നാരായണസാമി മത്സരിച്ചിരുന്നില്ല. കോണ്‍ഗ്രസിന് ഭൂരിപക്ഷം നേടാനായതിനെ തുടര്‍ന്ന് ഹൈക്കമാന്റ് ഇടപെട്ട് മുഖ്യമന്ത്രിയാക്കുകയായിരുന്നു. ഈ നടപടിയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കിടിയില്‍ എതിര്‍പ്പുണ്ടായിരുന്നു.
ഈ എതിര്‍പ്പും പുതുച്ചേരിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേരാനും മന്ത്രിസഭ വീഴുന്നതിനും കാരണമായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പുതുച്ചേരിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടമായി ബി.ജെ.പിയില്‍ ചേര്‍ന്നത് വലിയ ചര്‍ച്ചയായിരുന്നു. മുന്‍മന്ത്രി എ.നമശിവായവും മറ്റ് എം.എല്‍.എമാരും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസ് മന്ത്രിസഭ ഭരണത്തില്‍ നിന്നും പുറത്താവുകയായിരുന്നു.
മന്ത്രിമാരെ കൂടാതെ 12 പ്രവര്‍ത്തകര്‍ കൂടി പാര്‍ട്ടി വിട്ടിരുന്നു. അഞ്ച് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക