ചെന്നൈ: വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പുതുച്ചേരിയില്‍ രണ്ട് എം.എല്‍.എമാര്‍ കൂടി രാജിവെച്ചു. ഇതോടെ കോണ്‍ഗ്രസിന്റെ അംഗബലം 12 ആയി ചുരുങ്ങി.
കോണ്‍ഗ്രസ് എം.എല്‍.എ ലക്ഷ്മി നാരായണനാണ് ഇന്ന് രാജിവെച്ചവരില്‍ ഒരാള്‍. കോണ്‍ഗ്രസ് സഖ്യമായ ഡി.എം.കെയില്‍ നിന്നുള്ള എം.എല്‍.എ വെങ്കിടേഷനാണ് രാജി സമര്‍പ്പിച്ച മറ്റൊരു അംഗം. തിങ്കളാഴ്ചയാണ് സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ്.
മുതിര്‍ന്ന നേതാവായിരുന്നിട്ടും തനിക്ക് മന്ത്രിസ്ഥാനം നല്‍കാത്തതാണ് രാജിയ്ക്ക് കാരണമെന്ന് ലക്ഷ്മി നാരായണന്‍ എന്‍.ഡി.ടി.വിയോട് പ്രതികരിച്ചു.
ആകെ 27 അംഗങ്ങളാണ് പുതുച്ചേരി നിയമസഭയിലുള്ളത്. അതില്‍ പ്രതിപക്ഷത്ത് ഇപ്പോള്‍ നോമിനേറ്റഡ് അംഗങ്ങളടക്കം 14 പേരുണ്ട്.
പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഫെബ്രുവരി 22ന് ഭൂരിപക്ഷം തെളിയിക്കണമെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴ്സൈ സൗന്ദര്‍രാജന്‍ അറിയിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടതിന് പിന്നാലെയാണ് സൗന്ദര്‍രാജന്‍ മുഖ്യമന്ത്രി വി. നാരായണസാമിയ്ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
നേരത്തെ പുതുച്ചേരി ലഫ്റ്റനന്റ് സ്ഥാനത്ത് നിന്ന് കിരണ്‍ ബേദിയെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്‌നാട് ബി.ജെ.പി ഘടകത്തിന്റെ മുന്‍ അധ്യക്ഷനായിരുന്ന സൗന്ദര്‍രാജന് താല്‍ക്കാലിക ചുമതല നല്‍കിയത്.