| Wednesday, 4th July 2018, 11:50 pm

അധികാരത്തര്‍ക്കം; ദല്‍ഹിയെപ്പോലെയല്ല പുതുച്ചേരിയെന്ന് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തലസ്ഥാന നഗരിയായ ന്യൂദല്‍ഹിയും പുതുച്ചേരിയും തമ്മില്‍ വ്യത്യാസമുണ്ടെന്ന് സുപ്രീംകോടതി. അധികാരത്തര്‍ക്കവുമായി ബന്ധപ്പെട്ട് ദല്‍ഹി സര്‍ക്കാരിന് അനുകൂലമായി വിധി പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ പുതുച്ചേരി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിശോധിക്കവേയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.

കേന്ദ്രഭരണ പ്രദേശമായ ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ദമാന്‍ & ദിയു, ദാദ്ര & നാഗര്‍ഹവേലി, ലക്ഷദ്വീപ്, ചണ്ഡീഗഢ് എന്നിവയില്‍ നിന്ന് വ്യത്യസ്തമാണ് പുതുച്ചേരിയുടെ സ്ഥിതിയെന്നും കോടതി വ്യക്തമാക്കി. പുതുച്ചേരി ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 239 A യിലും ദല്‍ഹി ആര്‍ട്ടിക്കിള്‍ 239 AA യിലും ഉള്‍പ്പെടുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

നേരത്തെ ദല്‍ഹിയിലെ വിധിയുടെ പശ്ചാത്തലത്തിലാണ് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി സുപ്രീംകോടതിയെ സമീപിച്ചത്.

ALSO READ: ദല്‍ഹിയിലെ അധികാരത്തര്‍ക്കം; പുനരവലോകന ഹരജിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

പതിനഞ്ച് ദിവസം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ദല്‍ഹിയിലെ അധികാരത്തര്‍ക്കത്തില്‍ സുപ്രധാനമായ സുപ്രീംകോടതി വിധി വന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായ അധികാരപരിധികള്‍ ദല്‍ഹിയിലെ ലഫ്. ഗവര്‍ണര്‍ക്കുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ലഫ്.ഗവര്‍ണര്‍ക്ക് കടമയുണ്ടെന്നാണ് സുപ്രീംകോടതി വിധിയില്‍ പറഞ്ഞത്.

സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ലഫ്.ഗവര്‍ണര്‍ക്ക് പരിശോധിക്കാമെങ്കിലും എല്ലാ വിഷയങ്ങളും രാഷ്ട്രപതിയുടെ പരിഗണനയ്ക്കുവിടേണ്ട ആവശ്യമില്ലെന്നാണ് സുപ്രീം കോടതി വിധിച്ചത്.

ഭൂമി, പൊലീസ്, ക്രമസമാധാനം തുടങ്ങിയ വിഷയങ്ങളില്‍ ലഫ്.ഗവര്‍ണര്‍ക്ക് തീരുമാനങ്ങളെടുക്കാമെങ്കിലും ബാക്കിയെല്ലാ വിഷയങ്ങളിലും സംസ്ഥാന സര്‍ക്കാരിനു തന്നെയാണ് അധികാരമെന്നും ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more