സുന്ദര്‍ഗര്‍: ഒഡീഷയിലെ സുന്ദര്‍ഗര്‍ ജില്ലയില്‍ പെസ നിയമ ലംഘനത്തിനെതിരെ ആദിവാസികള്‍ നടത്തുന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന പോലീസ് നടപടിക്കെതിരെ പി.യുസി.എല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. സുന്ദര്‍ഗര്‍ ജില്ലക്ക് കീഴില്‍ വരുന്ന ജാര്‍തരംഗ്, ജഗദ എന്നീ പ്രദേശങ്ങളെ റൂര്‍ക്കേല മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക് ചേര്‍ത്തുന്നതിനെതിരെയാണ് പ്രദേശവാസികള്‍ സംഘടിക്കുന്നത്.
മേഖലയില്‍ പോലീസ് നടത്തുന്ന അതിക്രമങ്ങളില്‍ നിന്നും ആദിവാസി ജനവിഭാഗങ്ങളെ സംരക്ഷിക്കണമെന്നാണ് പി.യു.സി.എല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ 2013ല്‍ ആയിരുന്നു പെസ നിയമം ലംഘിച്ച് കൊണ്ട് ആദിവാസി ഭൂരിപക്ഷ മേഖലകളെ റൂര്‍ക്കേല മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഉള്‍പ്പെടുത്താന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
നേരത്തെ ജനുവരി 20ന് ആദിവാസികള്‍ ആരംഭിച്ചിരുന്ന സാമ്പത്തിക ഉപരോധ പ്രതിഷേധങ്ങളെ തുടര്‍ന്ന് 72 ഓളം ആദിവാസികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് കൂടാതെ സമരത്തെ അടിച്ചൊതുക്കുന്നതിന്റെ ഭാഗമായി സ്ത്രീകളെയും കുട്ടികളെയുമടക്കം പോലീസ് മര്‍ദിക്കുകയും ചെയ്തിരുന്നു.
റൂര്‍ക്കേല മുനിസിപ്പല്‍ കോര്‍പറേഷനെ “സ്മാര്‍ട്ട് സിറ്റി” പദ്ധതിക്ക് കീഴില്‍ കൊണ്ട് വരുന്നതിനാണ് നിലവില്‍ ആദിവാസി ഭൂ മേഖലകളെയടക്കം കോര്‍പറേഷന് കീഴില്‍ കൊണ്ട് വരാന്‍ ശ്രമിക്കുന്നത്.
ആദിവാസി ഭൂമിയെ കോര്‍പറേഷനായി പ്രഖ്യാപിക്കുന്നത് റൂര്‍ക്കേലയിലെ ഖനി മുതലാളിമാരെ സംരക്ഷിക്കുന്നതിനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ആദിവാസികള്‍ കൂടുതലുള്ള പ്രദേശങ്ങളെ പ്രത്യേക പട്ടികവര്‍ഗ മേഖലകളാക്കി പ്രഖ്യാപിച്ച് അവര്‍ക്കു കൂടുതല്‍ പ്രാതിനിധ്യമുള്ള പഞ്ചായത്ത് മോഡല്‍ സംവിധാനമാണു പെസ നിയമം വിഭാവനം ചെയ്യുന്നത് എന്നാല്‍ ഒഡീഷ സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍ ഇതിന്റെ ലംഘനമായാണ് വിലയിരുത്തപ്പെടുന്നത്.