അഷ്‌ക്കാബാദ്:എഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടി പി.യു ചിത്രയുടെ മധുര പ്രതികാരം. അഷ്‌ക്കാബാദില്‍ നടക്കുന്ന ഗെയിംസില്‍ ആയിരത്തി അഞ്ചൂറ് മീറ്ററിലാണ് ചിത്രയുടെ സ്വര്‍ണ്ണനേട്ടം.
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ടീമില്‍ നിന്നും യോഗ്യതയുണ്ടായിട്ടും പി.യു ചിത്രയെ അത്‌ലറ്റിക് ഫെഡറേഷന്‍ തഴഞ്ഞിരുന്നു.
ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500മീറ്ററില്‍ സ്വര്‍ണം നേടി ചിത്ര ലോകമീറ്റില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയെങ്കിലും പ്രകടനത്തില്‍ സ്ഥിരതയില്ലെന്ന കാരണം പറഞ്ഞാണ് സെലക്ഷന്‍ കമ്മിറ്റി ചിത്രയെ തഴഞ്ഞത്. പി.ടി ഉഷ, ഷൈനി വില്‍സണ്‍, രാധാകൃഷ്ണന്‍ നായര്‍ എന്നീ മലയാളികള്‍ ഉള്‍പ്പെടുന്ന ഏഴംഗ കമ്മിറ്റിയാണ് ചിത്ര മത്സരിക്കേണ്ടെന്ന തീരുമാനമെടുത്തത്.
ചിത്രയ്ക്ക് വേണ്ട യോഗ്യതയില്ലായിരുന്നുവെന്നും എങ്കിലും ചിത്രയ്ക്കായി താന്‍ വാദിച്ചിരുന്നുവെന്നും സെലക്ഷന്‍ കമ്മറ്റിയംഗമായ പി.ടി ഉഷ പറഞ്ഞിരുന്നു. എന്നാല്‍ ഉഷയുടെ വാദത്തെ ഫെഡറേഷന്‍ തള്ളിയിരുന്നു. ഉഷയുടെ അറിവോടെയാണ് ചിത്രയെ മാറ്റി നിര്‍ത്തിയതെന്നായിരുന്നു ഫെഡറേഷന്‍ വ്യക്തമാക്കിയത്. പിന്നാലെ ഉഷയ്ക്കെതിരെ സോഷ്യല്‍ മീഡിയയും കായിക പ്രേമികളും വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.