ശബരിമല: അയ്യപ്പ വിഗ്രഹത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തു വിട്ട് ഐക്യ മലയരയ മഹാസഭ നേതാവ് പികെ സജീവ്. ശബരിമല ക്ഷേത്രം തീവച്ച് നശിപ്പിച്ചപ്പോള്‍ അടിച്ചുടച്ച അയ്യപ്പ വിഗ്രഹം (പലകഷണങ്ങള്‍ കെട്ടിവച്ച നിലയില്‍) എന്ന അടിക്കുറിപ്പ് അച്ചടിച്ച ചിത്രമാണ്സജീവ് പുറത്തു വിട്ടത്. ഇടുക്കിയിലുള്ള സാമൂഹ്യ പ്രവര്‍ത്തകന്‍ എം.ഐ ശശിയാണ് തനിക്ക് ഈ ചിത്രം നല്‍കിയതെന്ന് സജീവ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
മറ്റ് രണ്ട് വിഗ്രഹങ്ങളുടെ ചിത്രങ്ങളും തീപിടുത്തതിന് മുന്‍പുള്ള ശബരിമലയിലെ ക്ഷേത്രത്തിന്റെ ചിത്രവും സജീവ് പുറത്തുവിട്ടിട്ടുണ്ട്. ഇവയും ശബരിമലയില്‍ നിന്ന് പകര്‍ത്തിയവയാണെന്ന് സജീവന്‍ പറഞ്ഞു. ഈ വിഗ്രഹങ്ങള്‍ പിന്നീട് കാണാതായെന്നും ഇനിയും ചില ചിത്രങ്ങള്‍ വൈകാതെ പുറത്തു വരുമെന്നും സജീവ് വ്യക്തമാക്കി. 1950ലെ ചിത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല തീവെച്ച സംഭവത്തില്‍ ഏറെ പീഡനങ്ങള്‍ നേരിട്ടത് മലയരയ സമൂഹമാണെന്നും ശബരിമല തീവയ്പ്പിന്റെ സത്യാവസ്ഥ പുറത്തു വരേണ്ടതുണ്ടെന്നും സജീവ് പറഞ്ഞു. തീപിടിച്ച ശേഷം വിഗ്രഹം അടിച്ചുടച്ചത് എന്തിനെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ആ റിപ്പോര്‍ട്ട് ഇനിയും പുറത്തു വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിരവധി പേരാണ് സജീവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയതിരിക്കുന്നത്. “തല്ലി തകര്‍ക്കപ്പെടുന്ന ദൈവങ്ങള്‍. യഥാര്‍ത്ഥ സ്വാമി അയ്യപ്പന്‍. പിന്നെയാണ് പൂര്‍ണമായി ശബരിമല ക്ഷേത്രം ബ്രാഹ്മണവല്‍ക്കരിക്കപ്പെടുന്നത്. ഇന്നീ കാണുന്ന സകല അനാചാരങ്ങളും നടന്നത്”.എന്നായിരുന്നു ചിത്രം പങ്കുവെച്ച് കൊണ്ട് ക്ഷേത്ര ചരിത്രകാരി ലക്ഷ്മി രാജീവ് കുറിച്ചത്.