Advertisement
Kerala News
വ്യക്തി അധിക്ഷേപം നടത്തുന്ന, നിലവാരമില്ലാത്ത സൈബര്‍ പ്രചരണങ്ങളില്‍ വി.ഡി. സതീശന് പങ്കുണ്ടോ? മുഹമ്മദ് റിയാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 16, 08:29 am
Thursday, 16th March 2023, 1:59 pm

തുരവനന്തപുരം: മന്ത്രിമാരെ വ്യക്തിപരമായി ആക്രമിക്കുന്ന രീതിയാണ് പ്രതിപക്ഷ നേതാവിനുള്ളതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നിലവാരമില്ലാത്ത സൈബര്‍ പ്രചരണങ്ങളില്‍ വി.ഡി സതീശന് പങ്കുണ്ടോയെന്ന് വ്യക്തമാക്കണമെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷ നേതാവിനെ പ്രീതിപ്പെടുത്തി പണിയെടുക്കാമെന്ന ഗതികേടിലേക്ക് ഇടതുപക്ഷത്തിന്റെ മന്ത്രിമാര്‍ പോയിട്ടില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന് പറഞ്ഞത് നാല് എം.എല്‍.എമാര്‍ മാത്രമാണെന്ന്, ഭാഗ്യം ലഭിച്ചതാര്‍ക്കാണെന്ന സതീശന്റെ ആരോപണത്തിന് മറുപടിയായി റിയാസ് തിരിച്ചടിച്ചു.

‘രാഷ്ട്രീയപരമായി നേരിടുന്നതിന് പകരം വ്യക്തിപരമായിട്ടാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. കേരളത്തിലെ മന്ത്രിമാര്‍ പ്രതിപക്ഷ നേതാവിന്റെ വാലാട്ടികളല്ല. സൈബര്‍ കൂട്ടങ്ങളുടെ പ്രചരണങ്ങള്‍ പ്രതിപക്ഷ നേതാവ് ഏറ്റെടുക്കുകയാണ്.

പ്രതിപക്ഷനേതാവെന്ന ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ക്കിടയിലും സൈബര്‍ ലോകത്ത് ഇടപെടാന്‍ അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്. വ്യക്തിപരമായി എനിക്കെതിരെ മാത്രമല്ല പല മന്ത്രിമാര്‍ക്കെതിരെയും അദ്ദേഹം ആരോപണം ഉന്നയിക്കാറുണ്ട്. സതീശന് താന്‍ പ്രമാണിത്തമാണ്,’ റിയാസ് പറഞ്ഞു.

ബി.ജെ.പിക്കെതിരെ സതീശന്‍ നടത്തുന്നത് ഫോട്ടോഷൂട്ട് സമരമാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം നിയസമഭയില്‍ പ്രതിപക്ഷ നേതാവുമായുള്ള ഏറ്റുമുട്ടലിന് പിന്നാലെയാണ് റിയാസിന്റെ പ്രതികരണം.

സ്വപ്ന സുരേഷ് വന്ന് കുടുംബാംഗങ്ങളെ മുഴുവന്‍ ചീത്തവിളിച്ചിട്ടും മാനനഷ്ടത്തിന് ഒരു പരാതിപോലും നല്‍കാത്ത ആളാണ് പ്രതിപക്ഷ നേതാവിന്റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് പറയുന്നതെന്നായിരുന്നു ഇന്ന് രാവിലെ സതീശന്‍ പറഞ്ഞിരുന്നത്.

‘ഈ അസംബ്ലിയുടെ കാലാവധി പൂര്‍ത്തിയാക്കുന്നതോടെ എം.എല്‍.എയായി കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ആളാണ് ഞാന്‍. ആദ്യം എം.എല്‍.എ ആയപ്പോള്‍ത്തന്നെ മന്ത്രിയാകാന്‍ തക്ക ഭാഗ്യവാനല്ല ഞാന്‍. പരിണതപ്രജ്ഞരായ ഒരുപാട് ആളുകള്‍ ഇരിക്കുമ്പോള്‍ മന്ത്രിയാകാന്‍ റിയാസിന് പെട്ടെന്ന് അവസരം ലഭിച്ചു,’ സതീശന്‍ പറഞ്ഞു.