| Monday, 3rd January 2022, 6:32 pm

എണ്ണയിട്ട യന്ത്രം പോലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണം: മുഹമ്മദ് റിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ നിലവിലെ എല്ലാ പ്രതിസന്ധികളെയും മറികടക്കാന്‍ സാധിക്കൂവെന്ന് പൊതുമരാമത്ത് വകുപ്പ്മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന്റെ കോണ്‍സ്റ്റിറ്റ്വന്‍സി മോണിറ്ററിംഗ് ടീം സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവര്‍ത്തികള്‍ കാര്യക്ഷമമായും സമയബന്ധിതമായും നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

‘എണ്ണയിട്ട യന്ത്രം പോലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ നിലവിലെ എല്ലാ പ്രതിസന്ധികളെയും മറികടന്ന് മുന്നോട്ട് പോകാന്‍ കഴിയൂ. എന്നാല്‍ മാത്രമേ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച റോഡുകളുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ കഴിയൂ,’ മന്ത്രി പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി നോര്‍ത്ത്, സൗത്ത് എന്നീ റീജിയണുകള്‍ക്ക് റീജീണല്‍ നോഡല്‍ ഓഫീസര്‍മാരായി ചീഫ് എഞ്ചിനീയര്‍മാരായ സിന്ധു, സൈജമോള്‍ എന്നിവരെ നിയമിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ചീഫ് നോഡല്‍ ഓഫീറായി റോഡ് മെയിന്റനന്‍സ് വിഭാഗം ചീഫ് എഞ്ചിനീയര്‍ മനു മോഹന് ചുമതല നല്‍കിയിട്ടുണ്ട്.

നോഡല്‍ ഓഫീസര്‍മാരായി ചുതലപ്പെടുത്തുന്നവര്‍ അതാത് നിയോജക മണ്ഡലത്തിലെ പ്രവര്‍ത്തികളുടെ മോണിറ്ററിംഗ് ചുമതല വഹിക്കണം. എല്ലാ സൈറ്റുകളിലും പരിശോധന നടത്തി രണ്ട് മാസത്തിലൊരിക്കല്‍ റിപ്പോര്‍ട്ട് റീജിണല്‍ നോഡല്‍ ഓഫീസര്‍ മുഖാന്തരം ചീഫ് നോഡല്‍ ഓഫീസര്‍ക്ക് അയച്ച് നല്‍കുകയും വേണം.

കിട്ടുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് ചീഫ് നോഡല്‍ ഓഫീസര്‍ സെക്രട്ടറി മുഖാന്തരം മന്ത്രിക്ക് അയച്ച് കൊടുക്കണം. നിലവിലെ നിരീക്ഷണ സംവിധാനത്തിന് പുറമേയാണ് പുതിയ ടീം പ്രവര്‍ത്തിക്കുക.

തൃശൂര്‍, എറണാകുളം, ഇടുക്കി, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഉദ്ഘാടനത്തില്‍ പങ്കെടുത്തത്. സമാനമായ രീതിയില്‍ തിരുവനന്തപുരം, കോഴിക്കോട്, റീജിയണുകളിലും പരിപാടി സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

കുതിരാന്‍ തുരങ്കം ഏപ്രില്‍ രണ്ടോടെ തുറന്ന് പ്രവര്‍ത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Public Works Department officials should act like an oiled machine: Mohammad Riyaz

We use cookies to give you the best possible experience. Learn more