തിംഫു: രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ജഡ്ജിമാര്‍ ബാധ്യസ്ഥരാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ജുഡീഷ്യറിക്ക് മേലുള്ള പൊതുജനങ്ങളുടെ വിശ്വാസം നിര്‍ണായകമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഭൂട്ടാനില്‍ നടന്ന ജിഗ്മേ സിങ്യേ വാങ്ചുക് പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.പിമാര്‍ക്കും ജഡ്ജിമാര്‍ക്കും സര്‍ക്കാരുകള്‍ക്കും ഭരണഘടനാപരമായ അധികാരം മാത്രമേ ഉള്ളുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജുഡീഷ്യറിയില്‍ തെരഞ്ഞെടുക്കപ്പെടാത്ത സ്വേച്ഛാധിപത്യമുണ്ടെന്ന പരിഹാസ പരാമര്‍ശത്തെ ഉദ്ധരിച്ചായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.
ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ക്ക് വിഭവങ്ങള്‍ എങ്ങനെ വിതരണം ചെയ്യണമെന്ന് തീരുമാനിക്കാന്‍ അധികാരമുണ്ട്. എന്നാല്‍ വിഭവങ്ങളുടെ വിതരണം സന്തുലിതമാണെന്ന് ഉറപ്പാക്കേണ്ടത് ജുഡീഷ്യറിയുടെ ഉത്തരവാദിത്തമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവരല്ലെങ്കിലും പൊതുസമൂഹത്തിന്റെ വിശ്വാസം തങ്ങള്‍ക്കും ബാധകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.പി.എ സര്‍ക്കാരിനെ വെട്ടിലാക്കിയ രണ്ട് വിഷയങ്ങളായിരുന്നു 2ജി സ്പെക്ട്രവും കല്‍ക്കരി അഴിമതിയും. പ്രസ്തുത വിഷയങ്ങളില്‍ ഫയല്‍ ചെയ്യപ്പെട്ട ഹരജികളിലെ വാദങ്ങള്‍ തള്ളിയതില്‍ സുപ്രീം കോടതി വിമര്‍ശനം ഏറ്റുവാങ്ങിയുരുന്നു. എന്‍.ഡി.എ സര്‍ക്കാര്‍ നടപ്പാക്കിയ എന്‍.ജെ.എ.സിയെ തടഞ്ഞപ്പോഴും കോടതി വിമര്‍ശനം നേരിട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.
തെരഞ്ഞെടുക്കകപ്പെട്ട പ്രതിനിധികളെ പോലെ ജഡ്ജിമാരുടെ നിയമനത്തിലോ അവരുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നതിലോ ജനങ്ങള്‍ക്ക് ഒരു പങ്കുമില്ല. എന്നാല്‍ ജനകീയമായ തീരുമാനങ്ങളെടുക്കാനുള്ള ബാധ്യസ്ഥത ഇരിക്കുന്നത് ജുഡീഷ്യറിയുടെ ചുമലിലാണ്. എന്നിരുന്നാലും കോടതിക്ക് പൊതുജനങ്ങളുടെ വിശ്വാസം അത്യന്താപേക്ഷിതമായി വരുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
അതേസമയം അടുത്തിടെ ചീഫ് ജസ്റ്റിസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുണ്ടായ കൂടിക്കാഴ്ച വിവാദങ്ങളില്‍ ഇടം പിടിച്ചിരുന്നു. വിനായക ചതുര്‍ത്ഥിയുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ നടന്ന പൂജയില്‍ പങ്കെടുക്കാന്‍ മോദിയെത്തിയതാണ് വിവാദമായത്. സുപ്രീം കോടതിയിലെ അഭിഭാഷകര്‍ ഉള്‍പ്പെടെ ചീഫ് ജസ്റ്റിസിനെതിരെ ഇക്കാര്യത്തില്‍ അതൃപ്തി അറിയിച്ചിരുന്നു.
Content Highlight: Public trust in judiciary is crucial even if it is not elected by the people: Chief Justice