പുറം ലോകത്തേക്ക് സ്ത്രീകള്‍ കടന്നുവരുന്നു എന്ന യാഥാര്‍ത്ഥ്യം അധികാരികള്‍ തിരിച്ചറിയാത്തതുകൊണ്ടാണോ സ്ത്രീകള്‍ക്കായുള്ള ടോയ്‌ലറ്റുകള്‍ എന്നത് ഇന്നും ഒരു സ്വപ്‌നം മാത്രമായി അവശേഷിക്കുന്നതെന്ന് സ്വാഭാവികമായും സംശയിക്കാം.
തയ്യാറാക്കിയത് | ആര്യ
കേരളത്തിലെ സ്ത്രീകള്‍ കാലാകാലങ്ങളായി അനുഭവിച്ചു വരുന്ന വലിയ ദുരന്തങ്ങളില്‍ ഒന്നാണ് പൊതുയിടങ്ങളില്‍ സ്ത്രീകള്‍ക്കായുള്ള ടോയ്‌ലറ്റുകള്‍ ഇല്ലെന്നത്.
ഈ വിഷയം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. തൊഴിലിടങ്ങില്‍ ജോലി ചെയ്യുന്നവരും അല്ലാത്തവരുമായ അനേക കണക്കിന് സ്ത്രീകള്‍ നിരന്തരം നേരിടുന്ന ഒരു വലിയ വെല്ലുവിളി, മൂത്രമൊഴിക്കാന്‍ വേണ്ടി മാത്രം ഹോട്ടലില്‍ പോയി ചായക്കുടിക്കേണ്ടിവരുന്നവരും ആശുപത്രിയില്‍ പോയി രോഗിയായി പേര് രജിസ്ട്രര്‍ ചെയ്യേണ്ടി വരുന്നവരും ധാരണമാണ്.
പുറം ലോകത്തേക്ക് സ്ത്രീകള്‍ കടന്നുവരുന്നു എന്ന യാഥാര്‍ത്ഥ്യം അധികാരികള്‍ തിരിച്ചറിയാത്തതുകൊണ്ടാണോ സ്ത്രീകള്‍ക്കായുള്ള ടോയ്‌ലറ്റുകള്‍ എന്നത് ഇന്നും ഒരു സ്വപ്‌നം മാത്രമായി അവശേഷിക്കുന്നതെന്ന് സ്വാഭാവികമായും സംശയിക്കാം.
കോഴിക്കോട് മിഠായി തെരുവിലെ സ്ത്രീതൊഴിലാളികള്‍ മൂത്രമൊഴിക്കാനുള്ള സൗകര്യത്തിന് വേണ്ടി മൂത്രപ്പുര സമരം നടത്തിയിരുന്നു. തുടര്‍ന്ന് പൊതു ടോയ്‌ലറ്റുകള്‍ വന്നെങ്കിലും അത് അധികം മുന്നോട്ടുപോയില്ല. മാത്രവുമല്ല സമരവും പരിഹാരവുമെല്ലാം കോഴിക്കോട് നഗരത്തില്‍ മാത്രം ഒതുങ്ങുകയും ചെയ്തു.
തിരഞ്ഞെടുപ്പ് അടുത്ത ഈ വേളയില്‍ ടോയ്‌ലറ്റ് വിഷയം വീണ്ടും പൊതുശ്രദ്ധയില്‍ എത്തുന്നത് സുനിതാ ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. പൊതുവിടങ്ങളില്‍ ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കുമെന്ന് ഇലക്ഷന്‍ മാനിഫെസ്റ്റോയില്‍ പ്രഖ്യാപിക്കണെമെന്ന് ആവശ്യപ്പെട്ട് കൊണ്ടായിരു
ന്നു അവരുടെ ഫേസ്ബുക്ക് കുറിപ്പ്.
മൂത്രമൊഴിക്കേണ്ടി വന്നാലോ എന്ന് പേടിച്ച് വെള്ളം കുടിക്കാന്‍ പോലും പേടിയാണെന്നും ഞങ്ങള്‍ക്ക് മൂത്രമൊഴിക്കാനുള്ള സ്ഥലം ഒരുക്കി തരുന്നവര്‍ക്കാണ് ഞങ്ങളുടെ വോട്ട് എന്നു പറയാന്‍ എന്നാണ് നമുക്കു കഴിയുകയെന്ന ചോദ്യവുമായുള്ളതായിരുന്നു സുനിതാ ദേവദാസിന്റെ ഫേസ്ബുക്ക് കുറിപ്പ്.
പൊതു മൂത്രപ്പുരകളുടേയും സാമൂഹിക ക്ഷേമവകുപ്പിന്റെ ഈ ടോയ്‌ലറ്റുകളുടെ അവസ്ഥ കണ്ടാല്‍ അതിനടുത്തേക്ക് പോലും ഒരാളും അടുക്കില്ലെന്ന് പറയാം. ഞങ്ങള്‍ക്ക് രോഗികളാവേണ്ട. ആര്‍ത്തവ സമയങ്ങളിലും ഒന്നു മൂത്രമൊഴിക്കാനോ പാഡ് മാറ്റാനോ മാറ്റിയ പാഡ് ഡിസ്‌പോസ് ചെയ്യാനോ കഴിയാതെ നരകയാതന അനുഭവിക്കുകയാണ് ഓരോ സ്ത്രീയുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
സുനിതയുടെ ഫേസ്ബുക്ക് പോസ്റ്റിന് നിരവധി പേര്‍ പിന്തുണയുമായി വന്നു. പലരും അനുകൂലിക്കുമ്പോഴും തിരഞ്ഞെടുപ്പും സ്ത്രീയുമായി എന്തു ബന്ധം എന്ന് ചിലരെങ്കിലും ചോദിച്ചു. സ്ത്രീകളുടെ ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങള്‍ പോലും സ്ത്രീ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പോലും വിസ്മരിക്കുന്നതിന്റെ തെളിവായിരുന്നു അത്.
സുനിതയുടെ ഫേസ്ബുക്ക് പോസ്റ്റിന് നിരവധി പേര്‍ പിന്തുണയുമായി വന്നു. പലരും അനുകൂലിക്കുമ്പോഴും തിരഞ്ഞെടുപ്പും സ്ത്രീയുമായി എന്തു ബന്ധം എന്ന് ചിലരെങ്കിലും ചോദിച്ചു. സ്ത്രീകളുടെ ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങള്‍ പോലും സ്ത്രീ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പോലും വിസ്മരിക്കുന്നതിന്റെ തെളിവായിരുന്നു അത്.
തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോയില്‍ മൂത്രപ്പുരകളുടെ കാര്യം ഉള്‍പ്പെടുത്തുമോ എന്നതിനെ നൂറു ശതമാനം പിന്താങ്ങുന്നു എന്ന് അഭിപ്രായപ്പെട്ടവരായിരുന്നു എങ്കിലും ഏറെയും. ലോകം കേരളത്തിലേക്ക് വരുമെന്ന് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പറയുമ്പോഴും എത്ര സ്‌കൂളുകളില്‍ വൃത്തിയുള്ള ടോയ്‌ലറ്റുകള്‍ ഉണ്ടെന്നും അടിസ്ഥാന സൗകര്യങ്ങള്‍ വികസാതെ എന്ത് വികസനമാണ് കേരളത്തില്‍ നടത്താന്‍ പോകുന്നതെന്നും ചോദിക്കുന്നവരും ഏറെയാണ്.
വൃത്തിയുള്ള പൊതു ശൗചാലയങ്ങള്‍ ഒരത്യാവശ്യമാണെന്നും വികസന ഡയലോഗുകള്‍ക്കിടയില്‍ ആരുമത് കാണുന്നില്ലെന്നും അതില്ലാത്ത ഒരു വികസനം മനുഷ്യത്വവിരുദ്ധമാണെന്നും പരിസ്ഥിതി പ്രവര്‍ത്തകനായ അഡ്വ. ഹരീഷ് വാസുദേവന്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറയുന്നു. ഇ ടോയ്‌ലറ്റ് എന്ന പേരില്‍ ഒരു താത്കാലിക ടോയ്‌ലറ്റിന് 8 ലക്ഷം രൂപ വീതം അടിച്ചുമാറ്റുന്ന പരിപാടിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറയുന്നു.
എല്ലാ ആഴ്ചയും കോഴിക്കോട്ടേക്ക് നെമ്മാറയില്‍ നിന്ന് ആദ്യം പ്രൈവറ്റ് ബസിലും കണക്ഷനായി കെഎസ്ആര്‍ടിസിയിലും യാത്ര ചെയ്തിരുന്ന വ്യക്തിയാണ് ഞാന്‍. പല തവണയും വീട്ടില്‍ നിന്നിറങ്ങുന്നതിന് തൊട്ടു മുന്പ് ബാത്ത് റൂമില്‍ പോവുക, എത്ര ദാഹിച്ചാലും വെള്ളം കുടിക്കാതിരിക്കുക, പൊരിഞ്ഞ ചൂടില്‍ ഡീഹൈഡ്രേറ്റാകുമ്പോഴും വെള്ളം കുടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക എന്നിവയൊക്കെയാണ് കോഴിക്കോടു വരെ എത്തുന്നതിലെ പ്രധാന മുന്‍കരുതലെന്ന് മാധ്യമപ്രവര്‍ത്തക അനുപമ വെങ്കിടേഷ് അവരുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
പാലക്കാട് സ്റ്റാന്റില്‍ ബസ് നിന്നു കഴിഞ്ഞാല്‍ വേണമെങ്കില്‍ ബാത്ത് റൂമിലേക്ക് പോകാം. പക്ഷേ യൂറിനറി ഇന്‍ഫെക്ഷന്‍ വരാന്‍ വേറൊന്നും വേണ്ട എന്ന നിലയില്‍ മലവും മൂത്രവും നിറഞ്ഞു നിന്ന വൃത്തികെട്ട ടോയ് ലറ്റുകളായിരുന്നു എവിടേയുമെന്നും അവര്‍ കുറിക്കുന്നു.
സമ്പന്നരുടെ ഷാപ്പിങ്ങ് മാളുകളില്‍ മാത്രമാണ് ഇന്നും വൃത്തിയുള്ള ടോയ്‌ലെറ്റുള്ളത് ഇത് സ്ത്രീകളുടെ മാത്രം പ്രശ്‌നമല്ല, എവിടെയായാലും വഴിയില്‍ മൂത്രമൊഴിക്കുന്ന വൃത്തികെട്ട സ്വഭാവം തുടരാത്ത എല്ലാ പൌരന്മാര്‍ക്കും നല്ല ടോയ് ലെറ്റുകള്‍ അനിവാര്യമാണ്. പൊതുസ്ഥലങ്ങളിലെ ശൌചാലയം എന്നത് പൗരനു കിട്ടേണ്ട സൗജന്യമല്ല, അവന്റെ അവകാശമാണെന്ന് അവര്‍ പറയുന്നു.
കേരളത്തിലെ ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും ഇത് നടപ്പിലാക്കാന്‍ ആഗ്രഹമില്ലാത്ത നിര്‍ദ്ദേശമെന്ന് ഞാന്‍ കരുതുന്നില്ല. പല സ്ഥലങ്ങളിലും ഇത്തരം ഇനിഷിയേറ്റിവുകള്‍ നടന്നിട്ടുമുണ്ട് എന്നാല്‍ കുറച്ച് നാളുകള്‍ക്ക് ഉള്ളില്‍ തന്നെ അവ പരാജയപ്പെട്ട അനുഭവങ്ങളാണ് ഏറെയുമെന്ന് കിരണ്‍തോമസ് തന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നുണ്ട്
ഒരിക്കല്‍ ഇന്‍സ്റ്റാളു ചെയ്താല്‍ ഫുള്ളി ഓട്ടോമാറ്റിക്കായി നടന്ന് പോകുന്ന ഒരു സംഗതി അല്ല ടോയിലറ്റ് സംവിധാനം. പ്രത്യേകിച്ച് ആളുകള്‍ അധികം വരാന്‍ സാധ്യതയുള്ള തിരക്കുള്ള സ്ഥലങ്ങളിലെ ടോയിലറ്റുകള്‍. ഇത് നിരന്തരം വൃത്തിയാക്കിക്കൊണ്ടിരുന്നാല്‍ മാത്രമെ നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഇവ വൃത്തിയായും വെടുപ്പായും കിടക്കൂ. അപ്പോള്‍ ലുലു മാളിലൊക്കെ ഉള്ളതു പോല നിരന്തരം ക്ലീന്‍ ചെയ്യുന്ന ടോയിലറ്റ് സംവിധാനമുണ്ടെങ്കിലെ ഇവക്ക് ഒക്കെ ലോങ്ങ് റണ്‍ ഉണ്ടാകൂ. അങ്ങനെ ഉള്ള ഒരു ടോയിലറ്റ് സംവിധാനം ഉണ്ടാക്കുക എന്നതാണ് യഥാര്‍ത്ഥ ചലഞ്ചെന്നും കിരണ്‍ തോമസ് പറയുന്നു.
ടോയിലറ്റ് നിര്‍മ്മാണം എന്തുകൊണ്ട് കേരളത്തിലെ വിവിധ സ്ഥാപനങ്ങളുടെ CSR ഇനിഷിയേറ്റിവിലൂടെയോ അല്ലെങ്കില്‍ സ്‌പോണ്‍സര്‍ സംവിധാനത്തിലൂടെയോ നടപ്പാക്കിക്കൂടാ എന്ന നിര്‍ദേശവും കിരണ്‍ തോമസ് മുന്നോട്ടുവെക്കുന്നുണ്ട്.
ഇന്‍സ്റ്റലേഷന്‍ അവരും മെയിന്റനന്‍സ് കുടുംബശ്രീ യൂണിറ്റുകള്‍ക്കും നല്‍കുക. മെയിന്റനന്‌സിന് ഒരു മാന്യമായ തുക കുടുംബ ശ്രീ യൂണിറ്റുകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നല്‍കുക എന്ന നിര്‍ദേശവും ഇദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട് .
എന്നാല്‍ പരിപാലനം കുടുംബശ്രീയെ ഏല്‍പിക്കുക എന്ന തീരുമാനത്തോട് വിയോജിപ്പറിയിക്കുന്നരും ഉണ്ട്. വൃത്തിയുമായി ബന്ധപ്പെട്ട എന്തുകാര്യത്തിനും നാം കുടുംബശ്രീയെ ആണ് ആശ്രയിക്കുന്നത് എന്നതിന്റെ പ്രശ്‌നമാണിത്. നിലവില്‍ മാലിന്യനിര്‍മാര്‍ജ്ജജന പരിപാടികളിലേക്ക് യുവാക്കളുടെ സാന്നിധ്യം ലഭ്യമാകുന്നുണ്ട്. തുണി അലക്കി തേക്കുന്നതിനുപോലും ബ്രാന്‍ഡഡ് ഏജന്‍സികള്‍ രംഗത്തുവരുന്നു. അതുപോലെ എന്തെങ്കിലും സംവിധാനത്തെപ്പറ്റി ചിന്തിക്കുകയായിരിക്കില്ലേ കൂടുതല്‍ ഉചിതമെന്ന നിര്‍ദേശവും ടി.സി രാജേഷ് സിന്ധു മുന്നോട്ടുവെക്കുന്നു.
കേരളത്തിലെ മുക്കിലും മൂകയിലുമുള്ള മുസ്ലിം പള്ളികളില്‍ ടോയ്‌ലറ്റ് ഉണ്ടെന്നും പക്ഷെ പൂട്ടിയിടലാണു പതിവെന്നും ചിലര്‍ പറയുന്നു. അതാതു മത നേതാക്കള്‍ ഇടപെട്ട് എല്ലാ മതസ്ഥരായ സ്ത്രീകള്‍ക്കുമായും ടോയ്‌ലറ്റ് തുറന്ന് കൊടുത്താല്‍ വിപ്ലവകരമായ പരിഷ്‌കാരം ആയിരിക്കുമെന്ന് അനീഷ് ഷംസുദ്ദീന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. മാത്രവുമല്ല, പള്ളി ഭീകരകേന്ദ്രമാണെന്ന പൊതുബോധവും മാറിക്കിട്ടുമെന്നും ഇദ്ദേഹം പറയുന്നു. നേരത്തെ ഈ വിഷയം നസറുദ്ദീന്‍ അദ്ദേഹത്തിന്റെ വാളില്‍ കുറിച്ചിരുന്നു.
പൊതുവിടങ്ങളില്‍ ടോയ്‌ലറ്റ് സൗകര്യമില്ലാത്തതിന്റെ പ്രധാന ഇരകള്‍ സ്ത്രീകള്‍ ആണെങ്കിലും അതിന്റെ കെടുതികള്‍ പുരുഷന്‍മാരും അനുഭവിക്കേണ്ടി വരാറുണ്ടെന്ന് വര്‍ഗീസ് ആന്റണിയും ലോനപ്പന്‍ നമ്പാടന്റെ ഒരനുഭവം ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ കുറിക്കുന്നു.
സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ സ്ത്രീകളുടെ ടോയ്‌ലറ്റ് പ്രശ്‌നം സജീവമായി ചര്‍ച്ച ചെയ്ത് തുടങ്ങിയപ്പോള്‍ സി.പി.ഐ.എം നേതാക്കളായ പിണറായി വിജയനും തോമസ് ഐസക്കും ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തി.
നിലവില്‍ നമ്മുടെ നാട്ടില്‍ പൊതു ടോയിലറ്റുകളുടെ അവസ്ഥയും എണ്ണവും ദയനീയമാണ്. വളരെ ഗൗരവമായി പരിഗണിക്കപ്പെടേണ്ട വിഷയമാണിതെന്ന് പിണറായി തന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു.
പൊതുമൂത്രപ്പുരകള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ സാര്‍വത്രികമാക്കുമെന്നും, കേരള പഠന കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യപ്പെട്ട കാര്യമാണിതെന്നും തോമസ് ഐസക് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.
കൂടുതല്‍ ഊന്നുന്നത് സഹകരിക്കാന്‍ തയ്യാറുള്ള വഴിയോര ഹോട്ടലുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയില്‍ ഏറ്റവും ശുചിയും ആധുനികവുമായ ടോയ്‌ലറ്റ് സംവിധാനം സര്‍ക്കാര്‍ ചെലവില്‍ പണിത് കൊടുക്കുകയാണ്.
ഇതിന്റെ മെയിന്റനന്‍സിനായി സംഭാവന പെട്ടി ടോയ്‌ലറ്റിനു സമീപം സ്ഥാപിക്കുന്നതാണ്. ടോയ്‌ലറ്റ് വൃത്തിയായി സൂക്ഷിക്കേണ്ടത് സ്ഥാപനത്തിന്റെ ചുമതലയാണ്. ഇത്തരം സ്ഥാപനങ്ങളില്‍ ഇപ്പോള്‍ തന്നെ ടോയ്‌ലറ്റുകള്‍ ഉണ്ട്. പക്ഷെ, ഇവിടത്തെ സൗകര്യങ്ങള്‍ പരിമിതമാണ്. ശുചിത്വത്തിന് കൃത്യമായ മാനദണ്ഡങ്ങളില്ല. ഇവയാണ് പൊതു ഇടപെടലിലൂടെ ഉറപ്പുവരുത്തുന്നതെന്നും അദ്ദേഹം പറയുന്നു.
ഒരു കാര്യം ഉറപ്പ്. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അഞ്ചുവര്‍ഷം കൊണ്ട് ഇത്തരം ടോയ്‌ലറ്റ് സംവിധാനം കേരളത്തില്‍ സാര്‍വ്വത്രികമാക്കുമെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ പൊതുടോയ്‌ലറ്റുകള്‍ വരട്ടെയെന്നും അങ്ങനെ വരുമ്പോള്‍ അവയുടെ ചെലവില്‍ നിര്‍മ്മാണവും നടത്തിപ്പും കൊണ്ടുപോകുകയാണെങ്കില്‍ അത് നല്ല കാര്യമാണെന്നും ഇനി അതല്ല വല്ല കമ്പനിക്കും ഒരുമിച്ച് കരാറു കൊടുക്കാനാണ് പരിപാടിയെങ്കില്‍ അത് വമ്പന്‍ അഴിമതി പ്രോജക്റ്റാണെന്നും ജസീല ചെറിയ വളപ്പില്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിക്കുന്നു.