മുംബൈ: പൊതുജനങ്ങള്‍ക്കിടയില്‍ ശുചിത്വ ബോധം വളര്‍ത്താനും ശൗചാലയ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുമായി വ്യത്യസ്ത പദ്ധതിയുമായി മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലാ ഭരണകൂടം. വീടുകളില്‍ ശൗചാലയം നിര്‍മ്മിക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് സിംഗപ്പൂര്‍ യാത്രയാണ് ഭരണകൂടം വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഉസ്മാനബാദിലെ 621 കുടുംബങ്ങളാണ് സ്വന്തമായി കക്കൂസില്ലാതെ ജീവിക്കുന്നത്. വീടുകളില്‍ എത്രയും പെട്ടെന്ന് കക്കൂസ് നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ട ജില്ലാ ഭരണകൂടം ഒക്ടോബര്‍ രണ്ടിനു മുന്നില്‍ ശൗചാലയങ്ങള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് സിംഗപ്പൂര്‍ യാത്ര വാഗ്ദാനം ചെയ്യുന്നത്.
ഒക്ടോബര്‍ രണ്ടിനുള്ളില്‍ വീടുകളില്‍ കക്കൂസ് നിര്‍മ്മിക്കുന്നവര്‍ക്കിടയില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികള്‍ക്ക് സൗജന്യ സിംഗപ്പൂര്‍ യാത്രയാണ് ഭരണകൂടം വാഗ്ദാനം ചെയ്തിരിക്കുന്നത്. സിംഗപ്പൂര്‍ യാത്ര ലക്ഷ്യമിട്ടെങ്കിലും നാട്ടുകാര്‍ കക്കൂസ് നിര്‍മ്മിക്കുമെന്നാണ് ഭരണകൂടത്തിന്റെ പ്രതീക്ഷ.
എട്ടു താലൂക്കുകളിലെ ജനങ്ങളോടാണ് ഒക്ടോബര്‍ രണ്ടിനകം കക്കൂസ് നിര്‍മ്മിക്കാന്‍ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്. ഗ്രാമത്തിലെ എല്ലാ വീടുകളിലും കക്കൂസ് നിര്‍മ്മിക്കുകയെന്ന ലക്ഷ്യം നിറവേറ്റാനാണ് ജില്ലാ ഭരണകൂടം സിംഗപ്പൂര്‍ യാത്ര ഗ്രാമീണര്‍ക്ക് മുന്നില്‍ വച്ചിരിക്കുന്നത്.