| Saturday, 9th June 2018, 4:45 pm

നഷ്ടത്തിലോടുന്ന പൊതുമേഖല ബാങ്കുകള്‍ ലയിക്കാനൊരുങ്ങുന്നു; നീരവ് മോദിയുടെ സാമ്പത്തിക ക്രമക്കേടില്‍പ്പെട്ട പഞ്ചാബ് നാഷണല്‍ ബാങ്ക് വന്‍ നഷ്ടത്തില്‍

ഗോപിക

സംസ്ഥാനത്തെ ബാങ്കിംഗ് മേഖല കടുത്ത പ്രതിസന്ധികള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് ബാങ്ക് നിക്ഷേപകരെയും സാധാരണക്കാരെയും അസ്വസ്ഥരാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ 19 പൊതുമേഖല ബാങ്കുകള്‍ വരുത്തിയ നഷ്ടം 87070 കോടിയോളം രൂപയാണ്.

നഷ്ടത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്ത് മുന്നില്‍ നില്‍ക്കുന്നത് പഞ്ചാബ് നാഷണല്‍ ബാങ്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നീരവ് മോദി വിഷയങ്ങളും സാമ്പത്തിക ക്രമക്കേടുകളും നേരിട്ട ശേഷം കനത്ത നഷ്ടത്തിലാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. സാമ്പത്തിക നഷ്ടത്തിന്റെ കാര്യത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഒട്ടും പിന്നിലല്ല. നാലാം പാദത്തില്‍ ബാങ്കിന്റെ നഷ്ടം 7710 കോടിയിലധികമാണ്. ഇതേ അവസ്ഥ തന്നെയാണ് ഇപ്പോള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ പൊതുമേഖല ബാങ്കുകളുടെയും സ്ഥിതി.


ALSO READ: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു


സാമ്പത്തിക നഷ്ടം വര്‍ധിച്ച സാഹചര്യത്തില്‍ തന്നെയാണ് പൊതുമേഖല ബാങ്കുകള്‍ ലയിക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ പോലെ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിച്ചതുപോലെ ഇപ്പോഴും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ ലയിപ്പിക്കണെമന്ന നിര്‍ദ്ദേശം അധികൃതര്‍ മുന്നോട്ടു വെച്ചിരിക്കുകയാണ്. ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ലയിക്കുമെന്നാണ് സൂചന.

ബാങ്കുകളുടെ ലയനം സാധാരണക്കാരെ അസ്വസ്ഥരാക്കിക്കൊണ്ടിരുന്ന സാഹചര്യമാണ് നേരത്തേ കടന്നുപോയത്. വീണ്ടുമൊരു ലയനം സാധാരണക്കാരായ നിക്ഷേപകരില്‍ ആശങ്കകള്‍ ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പൊതുമേഖല ബാങ്കുകളുടെ ഇത്തരത്തിലുള്ള നഷ്ടത്തിന് കാരണം വ്യവസായ മേഖലയിലേക്കുള്ള നിക്ഷേപമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതായത് കാര്‍ഷിക മേഖലയെക്കാള്‍ കൂടുതല്‍ തുക ബാങ്കുകള്‍ നീക്കിവെച്ചത് വ്യവസായ മേഖലയിലാണ്. പ്രമുഖ ബാങ്കായ ആന്ധ്രാ ബാങ്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ വ്യവസായ മേഖലയ്ക്ക് വേണ്ടി മാത്രം മുടക്കിയത് 3000 കോടി രൂപയാണ്.


ALSO READ: ബോട്ടുകള്‍ നിര്‍ത്തിയിടാന്‍ സ്ഥലമില്ല; ട്രോളിംഗ് നിരോധനത്തില്‍ ആശങ്കയോടെ ബോട്ടുടമകള്‍


അതേസമയം കിട്ടാക്കടങ്ങള്‍ക്ക് കൂടുതല്‍ പണം വിനിയോഗിക്കേണ്ടി വന്നതാണ് ഇപ്പോള്‍ ഉണ്ടായ സാമ്പത്തിക നഷ്ടത്തിന് പ്രധാന കാരണം. അതോടൊപ്പം തന്നെ ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി തുക നീക്കി വയ്‌ക്കേണ്ടി വന്നു. അതും ഇപ്പോഴുണ്ടായ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമായതായി ബാങ്ക് മേധാവികള്‍ പറഞ്ഞു.

ബാങ്കുകളുടെ ഈ അവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകസമിതിയെ നിയോഗിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പിന്തുണയോടു കൂടി ബാങ്കുകള്‍ക്ക് നേരിടുന്ന നഷ്ടം പിന്‍വലിക്കാന്‍ സാധിക്കുമെന്ന് നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കിലും അവ എത്രമാത്രം പ്രാവര്‍ത്തികമാണെന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ലയനത്തിന്റെ കാര്യം നിര്‍ദ്ദേശങ്ങളിലുണ്ടെങ്കിലും ഇപ്പോഴും അതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ബാങ്കുകള്‍ തന്നെയാണെന്നാണ് ഉന്നതതല തീരുമാനം.

നിലവിലെ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 8.31 ലക്ഷം കോടി രൂപയാണ് കണക്കുകള്‍ പ്രകാരം ഇപ്പോള്‍ ഉള്ളത്. പൊതുമേഖല ബാങ്കുകളുടെ വികസനത്തിനായി റിസര്‍വ് ബാങ്ക് ആവശ്യപ്പെടുന്ന പണം സര്‍ക്കാര്‍ നല്‍കാന്‍ കാലതാമസം എടുക്കുന്നതാണ് ഇത്തരം ബാങ്കുകളുടെ സാമ്പത്തിക നഷ്ടത്തിന് പ്രധാന കാരണം. സര്‍ക്കാര്‍ സാമ്പത്തിക ക്രയവിക്രയങ്ങളില്‍ നടത്തുന്ന കാലതാമസമാണ് ഇപ്പോള്‍ ബാങ്കുകളില്‍ പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ അടക്കമുള്ളവയുടെ വിശദീകരണം.

ഇപ്പോള്‍ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധികള്‍ എളുപ്പത്തില്‍ തിരിച്ചുപോകാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് നമ്മുടെ ബാങ്കിംഗ് മേഖല പൊയ്‌ക്കോണ്ടിരിക്കുന്നത്. നേരത്തേ തുടര്‍ന്നുവരുന്ന നിയോ ലിബറല്‍ പൊളിസികളുടെ ഭാഗമാണ് ഇപ്പോള്‍ ബാങ്കുകള്‍ നേരിടുന്ന നഷ്ടമെന്നത് പ്രധാന വസ്തുതയാണ്.


ALSO READ: ഏഴ് ദിവസം കൊണ്ടൊരു വീട്. സിമന്റും കമ്പിയും വേണ്ട


ഈ പോളിസികള്‍ നേരിടുന്ന എല്ലാ ബാങ്കുകളും തകര്‍ച്ചയെ നേരിടാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. നവ സാമ്പത്തിക നയങ്ങളുടെ ഭാഗമായി ബാങ്കുകള്‍ക്ക് മേലുള്ള ഗവണ്‍മെന്റിന്റെ ഇടപെടല്‍ കുറയുകയും ഇത് സ്വകാര്യ വ്യക്തികളുടെ ആധിപത്യം ബാങ്കുകളില്‍ കൂടുന്നതിന് കാരണമാകുകയും ചെയ്തിട്ടുണ്ടെന്നാണ് ബാങ്കിംഗ് മേഖലയിലെ വിദ്ഗധനായ എ. കെ രമേഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

ബാങ്കുകള്‍ സ്വകാര്യവത്കരിച്ചതിന്റെ ഭാഗമായി ബാങ്കിന്റെ മുതലാളിമാര്‍ സാമ്പത്തികമായി ലാഭം ചൂഷണം ചെയ്യുകയും ഇത് ബാങ്കുകളെ ആശ്രയിച്ചിരുന്ന ഒരു വിഭാഗത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഇത്തരത്തില്‍ സ്വകാര്യ ലാഭത്തിനായി പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ ലയിപ്പിച്ചതുകൊണ്ട് മാത്രം ഇവയുടെ നഷ്ടം തീരുന്നില്ല.

ബാങ്കിനെ സംബന്ധിച്ച് ഏറ്റവും പ്രധാന ഘടകം ഇന്‍ഡിപെന്‍ഡന്‍സിയാണ്. ഇന്ത്യയിലെ ബാങ്കുകളെ സംബന്ധിച്ചിടത്തോളം അത്തരമൊരു സ്വാതന്ത്ര്യം നിലനില്‍ക്കുന്നുവെന്ന് പറയാന്‍ സാധിക്കില്ല. മാറിവരുന്ന രാഷട്രീയ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ പല ബാങ്കുകളും പ്രവര്‍ത്തിക്കേണ്ടി വരുന്നുവെന്നും രമേഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.


ALSO READ: മലയോര സെറ്റില്‍മെന്റുകളില്‍ വന്യജീവി ശല്യം രൂക്ഷം; ഊരുനിവാസികളോട് വനംവകുപ്പിന്റെ അവഗണന തുടരുന്നു


അതേസമയം ബാങ്കുകള്‍ നിലവില്‍ നേരിടുന്ന കിട്ടാക്കടങ്ങള്‍ തീര്‍പ്പാക്കാന്‍ പദ്ധതികള്‍ ആലോചിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബാങ്കുകള്‍ ലയിക്കണമോ എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നേരിടുകയാണ്.

അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനി, അസറ്റ് മാനേജ്‌മെന്റ് കമ്പനി എന്നീ മാതൃകകള്‍ പ്രശ്‌ന പരിഹാരത്തിനായി സ്വീകരിക്കാന്‍ കഴിയുമോയെന്ന് കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

ഗോപിക

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more