ചെന്നൈ: തൂത്തുക്കുടിയിലെ വേദാന്തയുടെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് വീണ്ടും തുറക്കാനുള്ള കേന്ദ്ര ഹരിത ട്രൈബ്യൂണലിന്റെ വിധിക്കെതിരെ ആന്റി-സെറ്റര്‍ലൈറ്റ് ആക്ടിവിസ്റ്റുകള്‍ സമരത്തിനൊരുങ്ങുന്നു.
ട്രൈബ്യൂണലിന്റെ ഉത്തരവ് വന്നയുടന്‍ പ്രദേശത്തെ മത്സ്യത്തൊഴിലാളികളും, വ്യാപാരികളും, ആന്റി സ്റ്റെര്‍ലൈറ്റ് ആക്ടിവിസ്റ്റുകളും ശനിയാഴ്ച ഉച്ചക്ക് തൂത്തുക്കുടിയില്‍ വെച്ച് ചര്‍ച്ച നടത്തിയിരുന്നു. “ചെമ്പ് പ്ലാന്റിനെതിരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം. ചെമ്പ് പ്ലാന്റ് അടച്ചിടുന്നതു വരെ ഞങ്ങള്‍ സമരം ചെയ്യും”- തൂത്തുക്കുടിയിലെ പേരു വെളുപ്പെടുത്താത്ത ഒരു മത്സ്യത്തൊഴിലാളി സ്‌ക്രോളിനോട് പറഞ്ഞു.
കഴിഞ്ഞ ഇരുപത് വര്‍ഷത്തെ പോരാട്ടങ്ങള്‍ക്കൊടുവിലാണ് പ്ലാന്റ് അടച്ചു പൂട്ടിയത്. സമീപപ്രദേശത്തെ വായുവും ജലവും മലിനമാക്കുന്നുവെന്നും അത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നും ചൂണ്ടിക്കാട്ടിയായിരുന്നു സമരം.
ഉത്തരവിനെതിരെ നിരാഹാര സമരം നടത്തുമെന്നും പേരു വെളിപ്പെടുത്താത്ത ഒരു ആക്ടിവിസ്റ്റ് സ്‌ക്രോളിനോട് പറഞ്ഞു. “മൂന്ന് ആഴ്ചക്കുള്ളില്‍ പ്ലാന്റ് പുനരാരംഭിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഞങ്ങള്‍ ഇതിനെതിരെ നിരാഹാരം സമരം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. പ്രക്ഷോഭത്തെക്കുറിച്ചുള്ള തീരുമാനങ്ങള്‍ ഉടന്‍ പുറത്തു വിടും”- അദ്ദേഹം പറഞ്ഞു.
മലിനീകരണം ഉണ്ടാക്കുന്ന വേദാന്തയുടെ ചെമ്പ് ശുദ്ധീകരണ പ്ലാന്റ് ഉടന്‍ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവര്‍ക്കെതിരെയുള്ള പൊലീസ് വെടിവെപ്പില്‍ മേയില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്ലാന്റ് അടിയന്തരമായി അടച്ചുപൂട്ടാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിട്ടത്.
എന്നാല്‍ കമ്പനി അടച്ചു പൂട്ടുന്നതിന് തമിഴ്നാട് സര്‍ക്കാര്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി “വേദാന്ത” കമ്പനി നല്‍കിയ അപ്പീലിലായിരുന്നു ഹരിത ട്രൈബ്യൂണലിന്റെ നടപടി. സര്‍ക്കാര്‍ മതിയായ നടപടി ക്രമങ്ങള്‍ പാലിച്ചല്ല പ്ലാന്റ് അടച്ചുപൂട്ടുന്നതെന്ന് എന്‍ജിടി നിയോഗിച്ച പാനല്‍ നിരീക്ഷിച്ചിരുന്നു. ചെമ്പ് മാലിന്യം അപകടരമല്ലെന്നും എന്‍.ജി.ടി അഭിപ്രായപ്പെട്ടു.
അതേസമയം എന്‍.ജി.ടിയുടെ ഉത്തരവിനെ വെല്ലുവിളിച്ച് സുപ്രീം കോടതിയില്‍ ഹരജി നല്‍കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.
Image Credits: AFP