'അനിൽ ആന്റണിയുടെ സ്ഥാനാർത്ഥിത്വത്തിൽ പിതൃശൂന്യത'; പൊട്ടിത്തെറി, കർഷക മോർച്ചാ നേതാവിനെ പുറത്താക്കി ബി.ജെ.പി
Kerala News
'അനിൽ ആന്റണിയുടെ സ്ഥാനാർത്ഥിത്വത്തിൽ പിതൃശൂന്യത'; പൊട്ടിത്തെറി, കർഷക മോർച്ചാ നേതാവിനെ പുറത്താക്കി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd March 2024, 10:28 pm

പത്തനംതിട്ട: അനില്‍ ആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പത്തനംതിട്ട ബി.ജെ.പിയില്‍ പരസ്യ പ്രതിഷേധം. ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനം പിതൃശൂന്യമായ നീക്കമാണെന്ന് കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് ചര്‍ച്ചാ വിഷയമായതോടെ പ്രസിഡന്റ് ശ്യാം തട്ടയിലിനെ പാര്‍ട്ടിയില്‍ നിന്ന് ബി.ജെ.പി പുറത്താക്കി.

പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയായി വോട്ടര്‍മാര്‍ ആഗ്രഹിച്ചിരുന്നത് പി.സി. ജോര്‍ജിനെ ആയിരുന്നുവെന്നും നേതൃത്വം അത്തരത്തില്‍ ഉയര്‍ന്നു വന്ന ആവശ്യം വ്യാജമാണെന്ന് പറയാന്‍ സാധ്യതയുണ്ടെന്നും ശ്യാം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു. നേതൃ നിരയില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതോടെ ഈ പോസ്റ്റ് കര്‍ഷക മോര്‍ച്ച നേതാവ് ഡിലീറ്റ് ചെയ്തു.

അതേസമയം അനില്‍ ആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പി.സി. ജോര്‍ജും രംഗത്തെത്തിയിരുന്നു. പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും പിന്തുണക്കുമെന്നാണ് പി.സി ജോര്‍ജ് പറഞ്ഞത്.

അനില്‍ ആന്റണിക്ക് പത്തനംതിട്ടയോട് എന്താണ് പ്രിയമെന്ന് തനിക്ക് അറിയില്ലെന്ന് പി.സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനോ ശ്രീധരന്‍പിള്ളയോ മത്സരിക്കണമായിരുന്നെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ചയാണ് ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നത്. കേരളത്തിലെ 12 ലോക്സഭാ മണ്ഡലങ്ങളിലുള്‍പ്പടെ രാജ്യത്താകെ 195 സ്ഥാനാര്‍ത്ഥികളടങ്ങുന്ന പട്ടികയാണ് കേന്ദ്ര നേതൃത്വം പുറത്തുവിട്ടത്.

Content Highlight: Public protest in Pathanamthitta BJP against Anil Antony’s candidature