പൊതുനയങ്ങള്‍ രൂപീകരിക്കുന്നതില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കണം: ലോക്‌സഭാ സ്പീക്കര്‍
national news
പൊതുനയങ്ങള്‍ രൂപീകരിക്കുന്നതില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കണം: ലോക്‌സഭാ സ്പീക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th October 2024, 1:51 pm

ഭുവനേശ്വര്‍: വിവരസാങ്കേതിക വിദ്യയ്ക്ക് പ്രാധാന്യമുള്ള ഈ കാലഘട്ടത്തില്‍ നിയമങ്ങളും പൊതുനയങ്ങളും രൂപീകരിക്കുന്നതില്‍ വലിയ രീതിയിലുള്ള പൊതുജന പങ്കാളിത്തം ആവശ്യമാണെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല. ഇന്നത്തെ കാലത്ത് പൊതുജന പങ്കാളിത്തം അപര്യാപ്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.ഐ.ഐ.ടി സ്‌കൂള്‍ ഓഫ് പബ്ലിക് പോളിസി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ അവരുടെ എല്ലാ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വ്യക്തമാക്കണമെന്നും, കാരണം നടപ്പിലാക്കിയ നിയമത്തിന് കാലങ്ങളോളം ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും മേല്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നിയമങ്ങളും നയങ്ങളും രൂപീകരിക്കുന്നതില്‍ പൊതുജനപങ്കാളിത്തമുണ്ടെങ്കിലും നിലവില്‍ അത് അപര്യാപ്തമാണെന്ന് എനിക്ക് തോന്നുന്നു. എന്നാല്‍ അത് വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്, ‘ ഓം ബിര്‍ല വ്യക്തമാക്കി.

എല്ലാ ജനങ്ങളെയും ഉള്‍പ്പെടുത്തുകയും തുല്യ അവകാശങ്ങള്‍ ഉറപ്പാക്കുകയും ചെയ്ത് കൊണ്ട് ജനങ്ങളെ കേന്ദ്രീകരിച്ച് മാത്രമേ നയങ്ങള്‍ നടപ്പിലാക്കാന്‍ പാടുള്ളൂവെന്നും രാജ്യത്തിന്റെ ഭാവിക്ക് നയരൂപീകരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും നയരൂപീകരണത്തിന്റെ ഭാഗമാക്കണമെന്നും എല്ലാവരെയും തുല്യമായി പരിഗണിക്കണമെന്നും പറഞ്ഞ ഓം ബിര്‍ല ഇന്ത്യയിലെ ജനാധിപത്യത്തെ കുറിച്ചും അതില്‍ ജനങ്ങളര്‍പ്പിക്കുന്ന വിശ്വാസ്യതയെ കുറിച്ചും ചൂണ്ടിക്കാട്ടി.

അക്കാദമിക് വിദഗ്ദര്‍, നയരൂപകര്‍ത്താക്കള്‍, ജഡ്ജിമാര്‍ എന്നിവരടങ്ങുന്ന സദസിലായിരുന്നു ബിര്‍ല രാജ്യം രൂപീകരിക്കുന്ന നയങ്ങളെ കുറിച്ച് വ്യക്തമാക്കിയത്.

Content Highlight: Public participation should be ensured in formulating public policies: Lok Sabha Speaker