ന്യൂദല്‍ഹി: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ് രണ്ടു വയസ്സുകാരന്‍ മരണപ്പെട്ട സംഭവത്തിനു പിന്നാലെ ഇനിയും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതു താല്‍പര്യ ഹരജി. കുഴല്‍കിണറുകള്‍ നിര്‍മിക്കുന്നതിന് സുപ്രീം കോടതി 2010 ല്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാത്തതാണ് ഇത്തരത്തിലുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ജി.എസ് മണിയെന്ന അഭിഭാഷകനാണ് ഹരജി നല്‍കിയിരിക്കുന്നത്.
ഒപ്പം രണ്ടു വയസ്സുകാരനെ നിശ്ചിത സമയത്തിനകം രക്ഷപ്പെടുത്താന്‍ കഴിയാഞ്ഞത് എന്തുകൊണ്ടാണെന്ന കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെടുന്നു.
നിര്‍മാണം നടക്കുന്ന കുഴല്‍കിണറുകള്‍ക്ക് സമീപം അപായ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണം,കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നതിന് 15 ദിവസം മുമ്പ് അധികൃതരുടെ അനുമതി വാങ്ങിയിരിക്കണം , കുഴല്‍ക്കിണര്‍ കുഴിക്കുന്ന കമ്പനികള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണം, ഉപേക്ഷിക്കപ്പെട്ട കുഴല്‍ക്കിണറുകള്‍ അധികൃതര്‍ അധികൃതര്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കണം എന്നിങ്ങനെയുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സുപ്രീം കോടതി നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നു.