ഇസ്രഈലിന് ആയുധങ്ങൾ നൽകുന്ന ഇന്ത്യന്‍ കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കണം; സുപ്രീം കോടതിയില്‍ ഹരജി
national news
ഇസ്രഈലിന് ആയുധങ്ങൾ നൽകുന്ന ഇന്ത്യന്‍ കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കണം; സുപ്രീം കോടതിയില്‍ ഹരജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th September 2024, 6:12 pm

ന്യൂദല്‍ഹി: ഇസ്രഈലിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനെതിരെ സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹരജി. ഇസ്രഈലിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള ഇന്ത്യന്‍ കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കണമെന്നാണ് ഹരജിയില്‍ പറയുന്നത്.

കമ്പനികള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കരുതെന്നും ഹരജി ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര കോടതികളുടെയും ഐക്യരാഷ്ട്ര സഭയുടെയും മനുഷ്യാവകാശ സംഘടനകളുടെയും മുന്നറിയിപ്പ് ഉണ്ടായിട്ടും ഇസ്രാഈല്‍ ഗാസയിലെ ഫലസ്തീനികള്‍ക്കെതിരെ അതിക്രമം തുടരുന്ന സാഹചര്യത്തിലാണ് ഹരജി.

മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ മുഖേനയാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. നോയിഡ നിവാസിയായ അശോക് കുമാര്‍ ശര്‍മ ഉള്‍പ്പെടെ 11 പേരാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ കക്ഷിയാക്കിക്കൊണ്ടാണ് ഹരജി നല്‍കിയിരിക്കുന്നത്.

യുദ്ധകുറ്റങ്ങളില്‍ ആരോപിതരായ രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കരുതെന്ന അന്താരാഷ്ട്ര ഉടമ്പടികള്‍ പാലിക്കാന്‍ ഇന്ത്യക്ക് ബാധ്യസ്ഥതയുണ്ട്. ഇസ്രഈലിന് ആയുധങ്ങള്‍ കൈമാറുന്നതിലൂടെ അന്താരാഷ്ട്ര നിയമത്തിലെ ആര്‍ട്ടിക്കിള്‍ 14,21 എന്നീ നിയമങ്ങള്‍ ലംഘിക്കുകയാണെന്നും ഹരജിയില്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീം കോടതി റിട്ടുകള്‍ നല്‍കണമെന്നും ഹരജി ആവശ്യപ്പെടുന്നു. മാന്‍ഡമസ് ഉള്‍പ്പെടെയുള്ള നിയമവകുപ്പുകള്‍ അതിനായി ഉപയോഗിക്കണമെന്നുമാണ് ഹരജി പറയുന്നത്. ഇസ്രഈലിന് പിന്തുണ നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ ഇന്ത്യയില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ്, സി.പി.ഐ.എം, സി.പി.ഐ, മുസ്‌ലിം ലീഗ്, അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിരുന്നു.

ഇസ്രഈലിന് ആയുധങ്ങള്‍ കൈമാറുതെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ പ്രമേയത്തിന് ഭരണകക്ഷിയുടെ ഭാഗമായ ജെ.ഡി.യു പിന്തുണക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇസ്രഈലിനും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും പിന്തുണ നല്‍കുന്ന നിലപാടാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിച്ചത്.

അതേസമയം ഗസയുടെ അതിര്‍ത്തി നഗരമായ റഫയിലെ സൈനിക നടപടി ഇസ്രഈല്‍ അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഗസയിലെ വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക നല്‍കിയ ഹരജിയിലായിരുന്നു ഉത്തരവ്. ഗസയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ റഫ അതിര്‍ത്തി തുറക്കണമെന്നും കോടതി ഇസ്രഈലിന് നിര്‍ദേശം നല്‍കിയിരുന്നു.

ഹമാസ് നിരുപാധികം ബന്ദികളെ വിട്ടയക്കണമെന്നും ഐ.സി.ജെ ഉത്തരവിട്ടിരുന്നു. ഗസയിലെ ഫലസ്തീനികളുടെ അവസ്ഥ വിനാശകരമാണെന്നും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.

ഒക്ടോബര്‍ ഏഴിന് ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് തെക്കന്‍ ഇസ്രഈലില്‍ പ്രത്യാക്രമണം നടത്തിയതിന് പിന്നാലെയാണ് ഇസ്രാഈല്‍ ഫലസ്തീനിലെ അതിക്രമങ്ങള്‍ കടുപ്പിക്കുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം, ഇസ്രഈലിന്റെ ആക്രമണത്തില്‍ ഇതുവരെ 40,861 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 94,398-ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 10,000ത്തിലധികം ആളുകള്‍ കാണാമറയത്താണെന്നും ഗസ ആരോഗ്യ മന്ത്രാലയം പറയുന്നു.

Content Highlight: Public Interest Litigation in Supreme Court against arms exports to Israel