| Tuesday, 5th October 2021, 5:30 pm

ജനറല്‍ സെക്രട്ടറിക്കെതിരായ പരസ്യവിമര്‍ശനം ശരിയായ പ്രവണതയല്ല; കാനത്തിനെതിരെ ഡി. രാജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തനിക്കെതിരായ കാനം രാജേന്ദ്രന്റെ വിമര്‍ശനം ശരിയായ പ്രവണതയല്ലെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ.  ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് ശരിയായ പ്രവണതയല്ല. പാര്‍ട്ടിയില്‍ ആഭ്യന്തരജനാധിപത്യം ഉണ്ട്. എന്നാല്‍ അച്ചടക്കം പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും രാജ പറഞ്ഞു.

വ്യക്തികള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാം. എന്നാല്‍ അത് പാര്‍ട്ടിക്കകത്ത് വേണമെന്നും അച്ചടക്കം ലംഘനം ആര് നടത്തിയാലും അച്ചടക്കലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

ആനിരാജയ്ക്ക് വീണ്ടും പരസ്യപിന്തുണയും ഡി. രാജ നല്‍കി. സ്ത്രീ സുരക്ഷയടക്കം പൊതുവിഷയങ്ങളില്‍ ദേശീയ വക്താക്കള്‍ക്ക് അഭിപ്രായം പറയാം. ആനിരാജയുടെ പരാമര്‍ശത്തില്‍ കേരളഘടകം എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്നും വാര്‍ത്ത മാത്രമെയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കനയ്യകുമാര്‍ പാര്‍ട്ടിയെ വഞ്ചിക്കുകയായിരുന്നെന്ന മുന്‍ നിലപാടും ഡി.രാജ ആവര്‍ത്തിച്ചു. ബി.ജെ.പി, ആര്‍.എസ്.എസ്, സംഘപരിവാര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരുന്നപ്പോള്‍ കനയ്യയ്ക്ക് സംരക്ഷണം നല്‍കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി കനയ്യയ്ക്കൊപ്പം നിന്നിരുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് കനയ്യ കുമാറിന് പ്രതിബദ്ധത ഇല്ലായിരുന്നെന്നും . പാര്‍ട്ടിയേയും ആദര്‍ശങ്ങളേയും കനയ്യ കുമാര്‍ വഞ്ചിച്ചുവെന്നും ഡി.രാജ പറഞ്ഞു.

കനയ്യ കുമാര്‍ സി.പി.ഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് നിര്‍ഭാഗ്യകരമാണെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. പാര്‍ട്ടിയെ വഞ്ചിച്ചാണ് കനയ്യ പോയതെന്ന് താന്‍ കരുതുന്നില്ലെന്നും കാനം പറഞ്ഞിരുന്നു.

അതേസമയം, 24ാമത് സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് അടുത്തവര്‍ഷം ഒക്ടോബര്‍ 14 മുതല്‍ 18 വരെ വിജയവാഡയില്‍ നടത്താന്‍ തീരുമാനിച്ചതായും ഡി.രാജ വ്യക്തമാക്കി.

വരുന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ തോല്‍പിക്കാന്‍ അടവുനയം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Public criticism of the General Secretary is not the right trend; D. Raja against Kanam Rajendran

Latest Stories

We use cookies to give you the best possible experience. Learn more