| Wednesday, 2nd September 2020, 7:34 pm

പബ്ജി നിരോധനം; മോദിക്ക് ചായയും സമൂസയും കൊടുക്കുന്ന മാതാപിതാക്കള്‍; ട്വിറ്ററില്‍ വൈറലായി ട്രോളുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആയിരക്കണക്കിന് പബ്ജി ഗെയിമേഴ്‌സിനെ നിരാശയിലാഴ്ത്തി ആ വാര്‍ത്തയെത്തി. പബ്ജി അടക്കമുള്ള 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതായി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. ഇതു സംബന്ധിച്ച കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ ഉത്തരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പ്രവാഹമാണ്.

പബ്ജി നിരോധന വാര്‍ത്ത കണ്ട യുവാവ് ടോയ്‌ലറ്റ് ക്ലീനര്‍ ഉപയോഗിച്ച് കണ്ണ് കഴുകുന്നതാണ് ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു ചിത്രം. നിരോധനം അറിഞ്ഞ ലെ ടിക് ടോക്കേഴ്‌സ് എന്ന് ടാഗ് ലൈനോടെ പ്രചരിക്കുന്ന മറ്റൊരു വീഡിയോയുമുണ്ട്.

പബ്ജി നിരോധിച്ചതറിഞ്ഞ് ഏറെ സന്തോഷിക്കുന്ന മാതാപിതാക്കളെയും ട്രോളന്‍മാര്‍ വെറുതെവിട്ടില്ല. ഒടുവില്‍ ആ ദിനം വന്നെത്തി എന്ന ടാഗില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റും ചര്‍ച്ചയാവുകയാണ്.

പബ്ജി നിരോധിച്ച കേന്ദ്രസര്‍ക്കാരിന് ചായയും സമൂസയും ഓഫര്‍ ചെയ്യുന്ന മാതാപിതാക്കള്‍ എന്ന നിലയിലും ചില ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ തുടര്‍ച്ചയായുണ്ടായ വിവാദങ്ങളില്‍ ഒന്നിച്ചു നിന്നെങ്കിലും ഇപ്പോള്‍ എടുത്ത ഈ തീരുമാനത്തില്‍ മാതാപിതാക്കള്‍ സന്തുഷ്ടരാണെന്ന തരത്തിലാണ് ചില ട്രോളുകള്‍ പ്രചരിക്കുന്നത്.

നിരോധനം അറിഞ്ഞ മാതാപിതാക്കള്‍ മോദിയോട്, ഇപ്പോള്‍ നിങ്ങളെപ്പറ്റി കൂടുതല്‍ അഭിമാനം തോന്നുന്നു- എന്നാണ് മറ്റൊരു ട്രോള്‍.

നിയന്ത്രണ രേഖയില്‍ തുടരുന്ന ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ആപ്പുകള്‍ നിരോധിക്കുന്ന നടപടി സ്വീകരിച്ചത്.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് ആപ്പുകള്‍ നിരോധിച്ചതെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പറഞ്ഞത്.

നേരത്തെ ടിക് ടോക്ക് അടക്കമുള്ള ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. പബ്ജിക്ക് പുറമേ നിരോധിച്ച ആപ്പുകള്‍ ഏതൊക്കെയാണെന്ന പട്ടിക കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഗെയിമുകളും ക്യാമറ ആപ്പുകളുമാണ് കൂടുതലായും ആപ്പുകളില്‍ ഉള്ളത്. ലോഞ്ചറുകളും നിരോധിച്ചവയുടെ പട്ടികയിലുണ്ട്.

പബ്ജിക്ക് പുറമെ ബയ്ഡു, വിചാറ്റ് റീഡിങ്, ഗവണ്‍മെന്റ് വി ചാറ്റ്, സ്മാര്‍ട് ആപ്ലോക്, ആപ്ലോക്, ബ്യൂട്ടി ക്യാമറ പ്ലസ് തുടങ്ങിയ ആപ്പുകളും നിരോധിച്ചിട്ടുണ്ട്.

അതേസമയം ദക്ഷിണ കൊറിയയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനിയാണ് പബ്ജി. എന്നാല്‍ ഗെയിമിന്റെ മൊബൈല്‍ പതിപ്പിന്റെ ഉടമകള്‍ ടെന്‍സെന്റ് ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ് മെയ് 2020 -ലെ ഏറ്റവും കൂടുതല്‍ തുക ഗ്രോസ് ചെയ്ത ഗെയിമുകളുടെ പട്ടികയില്‍ ഒന്നാമതായി ഇടം പിടിച്ച ഗെയിമാണ് പബ്ജി. നേരത്തെ പബ്ജി നിരോധനത്തിനെതിരെ യുവാക്കളില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

നിലവില്‍ പബ്ജി ഗെയിം കളിക്കുന്ന 33 മില്യന്‍ ആളുകള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് അത്ഭുതപൂര്‍വ്വമായ വളര്‍ച്ചയായിരുന്നു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണത്തില്‍ ഉണ്ടായത്.

നേരത്തെ ടിക്ക് ടോക്കും ഇന്ത്യ നിരോധിച്ചിരുന്നു. ഇന്ത്യാ- ചൈന അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ ആദ്യമായി ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. അക്കൂട്ടത്തില്‍ നിരോധിക്കപ്പെട്ട ആപ്പാണ് ടിക് ടോക്.

പിന്നീട് 47 ആപ്പുകള്‍ കൂടി ഇന്ത്യ നിരോധിച്ചിരുന്നു. നേരത്തെ നിരോധിച്ച 59 ആപ്പുകളില്‍ പലതിന്റെയും ക്ലോണ്‍ പതിപ്പുകള്‍ ലഭിക്കുന്നുണ്ടെന്ന് കാരണം കാണിച്ചാണ് 47 ആപ്പുകളെ കൂടി നിരോധിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: pubg gamers reaction after hearing the news of pubg bann

We use cookies to give you the best possible experience. Learn more