| Saturday, 29th July 2017, 3:44 pm

'തളരില്ല, ഇപ്പോള്‍ അത്യാവശ്യം ഒരു ജോലിയാണ്'; അച്ഛന്റേയും അമ്മയുടേയും കഷ്ടപ്പാടിന് ഇനിയെങ്കിലും ഒരവസാനമുണ്ടാകണമെന്ന് പി.യു ചിത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ലോകചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ നിന്ന് ഒഴിവാക്കിയതിലൊന്നും താന്‍ തളരില്ലെന്ന് പി.യു ചിത്ര. വിദേശത്ത് പരിശീലനത്തിന് പോകാന്‍ താത്പര്യമില്ലെന്നും പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ ഗ്രൗണ്ടില്‍ മികച്ച രീതിയിലുള്ള പരിശീലനം ലഭിക്കുന്നുണ്ടെന്നും ചിത്ര വ്യക്തമാക്കി. മുണ്ടൂരിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ചിത്ര.

“ഇപ്പോള്‍ അത്യാവശ്യമായി വേണ്ടത് ഒരു ജോലിയാണ്. എന്റെ കുടുംബത്തെ സംരക്ഷിക്കണമെങ്കില്‍ ജോലി വേണം. കേരളത്തില്‍ തന്നെ ജോലി ലഭിച്ചാല്‍ അത്രയും സന്തോഷം”. ചിത്ര പറയുന്നു.

നേരത്തെ, ലോകചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ചിത്രയെ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ചിത്ര നല്‍കിയ ഹര്‍ജിലിയിരുന്നു കോടതി ഉത്തരവ്. എന്നാല്‍ ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയ അത്ലറ്റിക് ഫെഡറേഷന്‍ രംഗത്തെത്തി. ലോകചാമ്പ്യന്‍ഷിപ്പിനുള്ള എന്‍ട്രികള്‍ അയക്കേണ്ട സമയം കഴിഞ്ഞെന്നും ഇനി ചിത്രയെ ഉള്‍പ്പെടുത്താനാവില്ലെന്നുമാണ് ഫെഡറേഷന്റെ നിലപാട്.


Also Read:   ‘നിങ്ങള്‍ പറയരുതെന്ന് പറഞ്ഞതു തന്നെ പറയും’ സെന്‍സര്‍ ബോര്‍ഡ് ‘മ്യൂട്ടാക്കിയ’ ഭാഗം മാത്രം കേള്‍പ്പിച്ച് തരമണിയുടെ ടീസര്‍ 


അച്ഛന്‍ ഉണ്ണിക്കൃഷ്ണനും അമ്മ വസന്തകുമാരിയും കൂലിപ്പണി ചെയ്താണ് ചിത്രയെ ഒരു അത്ലറ്റാക്കി മാറ്റിയത്. ഇനിയെങ്കിലും അവരുടെ കഷ്ടപ്പാടിന് ഒരവസാനമുണ്ടാകണമെന്നാണ് ചിത്ര ആഗ്രഹിക്കുന്നത്. വിദേശ പരിശീലനവും സ്‌കോളര്‍ഷിപ്പും മന്ത്രി എ.സി മൊയ്തീന്‍ ചിത്രക്ക് വാഗ്ദ്ധാനം ചെയ്തിരുന്നു. എന്നാല്‍ വിദേശ പരിശീലനം വേണ്ടെന്നും പകരം ജോലി മതിയെന്നുമുള്ള നിലപാട് ചിത്ര സ്വീകരിച്ചതും കുടുംബത്തിന് തണലാകാന്‍ വേണ്ടിയാണ്.

മുണ്ടൂരിലെ പരിശീലനം മികച്ചതാണെങ്കിലും ഒരു അത്ലറ്റിന് വേണ്ട ഭക്ഷണം തനിക്ക് ലഭിക്കുന്നില്ലെന്ന് ചിത്ര പറയുന്നു. വീട്ടിലെ ഭക്ഷണം കഴിച്ചാണ് പരിശീലനത്തിന് പോകുന്നത്. എന്നാല്‍ ഒരു അത്ലറ്റിന് വേണ്ട പോഷകാഹാരം ലഭിക്കുന്നില്ല. ചിത്ര പറയുന്നു.

പി.യു ചിത്രക്ക് അവസരം നഷ്ടപ്പെട്ടതില്‍ രൂക്ഷ വിമര്‍ശനവുമായി കായിക മന്ത്രി എ.സി മൊയതീന്‍ പറഞ്ഞിരുന്നു. പി.ടി. ഉഷയുടെയും അഞ്ജു ബോബി ജോര്‍ജിന്റെയും നിലപാടുകള്‍ സംശയാസ്പദമാണെന്ന് മന്ത്രി പറഞ്ഞു. ചിത്രയെയും കുടുംബത്തെയും വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളികള്‍ സെലക്ഷന്‍ കമ്മിറ്റിയിലുണ്ടായിട്ടും അവസരം നഷ്ടപ്പെട്ടത് തികഞ്ഞ അനീതിയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

” വളരെ ബോധപൂര്‍വം ചിത്രയെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നുവെന്ന് ഹൈക്കോടതി വിധിയിലൂടെ വ്യക്തമായിരിക്കയാണ്. നേരത്തെ പറഞ്ഞത് ചിത്രയ്ക്ക് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് യോഗ്യതയില്ലെന്നാണ്. എന്നാല്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതിലാണ് ക്രമക്കേട് നടന്നത്.”

അപ്പീല്‍ നല്‍കാനുള്ള സാവകാശം കൊടുക്കാതിരിക്കാന്‍ ബോധപൂര്‍വമായാണ് പട്ടിക അവസാനനിമിഷം പ്രസിദ്ധീകരിച്ചതെന്നും മന്ത്രി ആരോപിച്ചു. ചിത്രയ്ക്ക് വിദേശ പരിശീലനവും സ്‌കോളര്‍ഷിപ്പും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more