| Thursday, 27th July 2017, 3:28 pm

പി.യു ചിത്രയ്ക്ക് അവസരം നിഷേധിച്ചതെന്തിന്? കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ടീമില്‍ നിന്നും പി.യു ചിത്രയെ ഒഴിവാക്കിയതിന് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. സെലക്ഷന്‍ കമ്മിറ്റി തീരുമാനത്തിനെതിരെ ചിത്ര നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.

അത്‌ലറ്റിക് ഫെഡറേഷനെ നിയന്ത്രിക്കുന്നത് ആരാണെന്നും കേന്ദ്രസര്‍ക്കാറിനോട് ഹൈക്കോടതി ആരാഞ്ഞു. ലോകമീറ്റില്‍ പങ്കെടുക്കുന്നതിനായുള്ള ചിലവുകള്‍ വഹിക്കുന്നത് ആരാണെന്നും കോടതി ചോദിച്ചു.

ലോക അത്‌ലറ്റിക് മീറ്റിലേക്ക് യോഗ്യത നേടാനുള്ള മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ നാളെ ഹൈക്കോടതിയെ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500മീറ്ററില്‍ സ്വര്‍ണം നേടി ചിത്ര ലോകമീറ്റില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയെങ്കിലും പ്രകടനത്തില്‍ സ്ഥിരതയില്ലെന്ന കാരണം പറഞ്ഞാണ് സെലക്ഷന്‍ കമ്മിറ്റി ചിത്രയെ തഴഞ്ഞത്. പി.ടി ഉഷ, ഷൈനി വില്‍സണ്‍, രാധാകൃഷ്ണന്‍ നായര്‍ എന്നീ മലയാളികള്‍ ഉള്‍പ്പെടുന്ന ഏഴംഗ കമ്മിറ്റിയാണ് ചിത്ര മത്സരിക്കേണ്ടെന്ന തീരുമാനമെടുത്തത്.

സാങ്കേതികതയുടെ പേരില്‍ ടീമില്‍ നിന്നും ചിത്രയെ ഒഴിവാക്കിയത് നീതീകരിക്കാനാകില്ലെന്ന് ആരോപിച്ച് ഒരു വിഭാഗം കായിക താരങ്ങളും പരിശീലകരും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചിത്ര ഹൈക്കോടതിയെ സമീപിച്ചത്.

കേരളത്തില്‍ നിന്നും മാരത്തണ്‍ താരം ടി. ഗോപി, നടത്തത്തില്‍ കെ.ടി ഇര്‍ഫാന്‍, മുഹമ്മദ് അനസ് എന്നിവരുമാണ് ലോക് അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കുന്നത്.

We use cookies to give you the best possible experience. Learn more